Tweet 1028

    Tweet 1028
    April 7, 2025 • Monday
    Post Header

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ്(റ) പറഞ്ഞു. ബദ്ർ ദിവസത്തിൽ അസർ നിസ്കരിക്കുമ്പോൾ തിരുനബിﷺ നിസ്കാരത്തിൽ ഒന്ന് പുഞ്ചിരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ സ്വഹാബികൾ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് നിസ്കാരത്തിനിടയിൽ പുഞ്ചിരിക്കുന്നത് കണ്ടുവല്ലോ? എന്തായിരുന്നു സംഭവം. മലക്ക് മീക്കാഈൽ(അ) എൻ്റെ അടുത്തു കൂടി കടന്നുപോയി. പടക്കളത്തിൽ ശത്രുക്കളെ തേടി പോയിട്ട് വരികയായിരുന്നു. അദ്ദേഹത്തിൻ്റെ ചിറകിൽ പൊടിപടലങ്ങൾ ഞാൻ കണ്ടു. എന്നെ നോക്കി അവിടെ നിന്ന് ചിരിച്ചു. അപ്പോൾ ചിരിച്ചു കൊണ്ട് പ്രത്യഭിവാദ്യം ചെയ്തതാണ്. അബൂ യഅ്ല(റ) ഈ ഹദീസിന്റെ പരമ്പരയെക്കുറിച്ച് അത്ര പ്രബലമല്ലെന്നു പറഞ്ഞിട്ടുണ്ട്.

    ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഒരു ദിവസം സുബ്ഹി നിസ്കാരത്തിൽ തിരുനബിﷺ ഖുർആൻ പാരായണം ചെയ്തു. പാരായണത്തിനിടയിൽ ഇങ്ങനെ പ്രാർഥിക്കുന്നത് കേട്ടു. നിന്നിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു. അല്ലാഹുവിന്റെ ശാപം നിന്റെ മേൽ ഉണ്ടാവട്ടെ. മൂന്നുപ്രാവശ്യം ഈ പ്രാർഥന ആവർത്തിച്ചു. അബുദ്ദർദാഅ്(റ) പറഞ്ഞു. നിസ്കാരാനന്തരം ഞങ്ങൾ തിരുനബിﷺയോട് ചോദിച്ചു. പതിവില്ലാത്ത ചിലതൊക്കെ നിസ്കാരത്തിൽ അവിടുന്ന് പറയുന്നത് കേട്ടുവല്ലോ? അവിടുന്ന് കൈ നീട്ടുന്നതും കാണാൻ കഴിഞ്ഞല്ലോ! അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്റെ ശത്രു ഇബ്‌ലീസ് ഒരു തീക്കൊള്ളിയുമായി എൻ്റെ അടുത്തേക്ക് വന്നു. അതെന്റെ മുഖത്തിടാനായിരുന്നു അവൻ്റെ ഭാവം.

    ഈ സംഭവത്തിന്റെ വ്യത്യസ്ത നിവേദനങ്ങളിൽ തിരുനബിﷺ പിശാചിനെ കടന്നുപിടിച്ചു എന്നും അവനെ പരാജയപ്പെടുത്തി എന്നും അതിന്റെ തണുപ്പ് കയ്യിൽ നിന്ന് മാറിയിട്ടില്ലെന്നും സുലൈമാൻ നബി(അ)യുടെ സവിശേഷമായ ചില പ്രാർഥനകൾ മുൻകടന്നില്ലായിരുന്നുവെങ്കിൽ ഈ പള്ളിയുടെ തൂണിൽ അവനെ കെട്ടിയിട്ട് നിങ്ങൾക്ക് കാണാനും കുട്ടികൾക്ക് കളിക്കാനും വിട്ടുതരുമായിരുന്നു എന്നും ആശയമുള്ള പരാമർശങ്ങൾ നമുക്ക് വായിക്കാൻ കഴിയും.

    നിസ്കാരത്തിനിടയിൽ അപൂർവമായി മാത്രം തിരുനബിﷺ തലയിൽ തടവുകയും താടിയിൽ തലോടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്നും മറ്റുമുള്ള നിവേദനങ്ങൾ കാണാം. അനിവാര്യമായ ചില ഘട്ടങ്ങളിൽ ആംഗ്യം കാണിക്കുകയും നെറ്റിത്തടത്തിൽ നിന്ന് വിയർപ്പ് നീക്കം ചെയ്യുകയും ചെയ്ത കാഴ്ചകളും ഇബ്നു അബ്ബാസി(റ)ന് തന്നെ പറയാനുണ്ട്.

    എത്യോപ്യയിൽ നിന്നും മടങ്ങിവന്ന സമയത്ത് തിരുനബിﷺ ഇരുന്നു നിസ്കരിക്കുന്നതും സുജൂദിലും റുകൂഇലും ആംഗ്യം കാണിക്കുന്നതും കാണാനിടയായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

    നിന്ന് നിസ്കരിക്കുക നിസ്കാരത്തിൽ നിർബന്ധമായ നിബന്ധനയാണ്. കഴിയാത്തവർ ഓരോ ഘട്ടത്തിലും അവരവരുടെ കഴിവ് കുറവുകൾക്കനുസരിച്ച് വ്യത്യസ്ത രീതികൾ സ്വീകരിക്കാവുന്നതാണ്. നബി ജീവിതത്തിന്റെ വ്യത്യസ്ത അധ്യായങ്ങളെ സസൂക്ഷ്മം പഠിക്കുകയും ഇഴകീറി പരിശോധിക്കുകയും ചെയ്തു കൊണ്ടാണ് കർമശാസ്ത്ര പണ്ഡിതന്മാർ ഇത്തരം നിയമപാഠങ്ങളെ ക്രമീകരിച്ചിട്ടുള്ളത്. പുതിയ കാലത്ത് കടന്നുവരുന്ന നിസ്കാര രീതികളെയും കസേര നിസ്കാരം പോലെയുള്ള കാര്യങ്ങളുടെ മതനിയമങ്ങളെയും വർത്തമാനകാല പണ്ഡിതന്മാർക്ക് വിശദമായി പറയാൻ കഴിയുന്നത് നബി ജീവിതത്തിന്റെ സന്ദർഭങ്ങളിൽ നിന്ന് കർമശാസ്ത്ര പണ്ഡിതന്മാർ അതിഗഹനമായ ഗവേഷണങ്ങൾ നടത്തി മതവിധികൾ ചിട്ടപ്പെടുത്തിയത് കൊണ്ടാണ്.

    അനുഷ്ഠാന ജീവിതത്തിന്റെ നിയമങ്ങളും നിബന്ധനകളും ലഭ്യമാകുന്ന ഹദീസുകളിൽ നിന്ന് മാത്രം ക്രോഡീകരിക്കരുത് എന്ന് വായനക്കാരോട് ആവർത്തിച്ചു ഓർമപ്പെടുത്തുന്നത് നബി ജീവിതത്തിന്റെ ശരിയായ ദർശനങ്ങളിലേക്ക് എത്താൻ വേണ്ടി മാത്രമാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...