Tweet 1019

    Tweet 1019
    March 29, 2025 • Saturday
    Post Header

    തിരുനബിﷺയുടെ നിസ്കാരവുമായി ബന്ധപ്പെട്ട പൊതുവായ ചില വായനകൾ കൂടി നമുക്ക് പരിചയപ്പെടാം. നിസ്കാരത്തിലെ എട്ടു ഭാഗങ്ങളിൽ തിരുനബിﷺ പ്രാർഥന നിർവഹിച്ചിരുന്നു. ഒന്ന്, തക്ബീറത്തുൽ ഇഹ്റാമിന് ശേഷം. രണ്ട്, റുകൂഇൽ. മൂന്ന്, റുകൂഇൽ നിന്ന് ഉയർന്നതിനുശേഷം അഥവാ ഇഅ്തിദാലിൽ. നാല്, സുജൂദിൽ. അഞ്ച്, സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ. ആറ്, അത്തഹിയാത്തിൽ. ഏഴ്, ഖുനൂത്തിൽ. എട്ട്, കാരുണ്യത്തെയോ ശിക്ഷയോ പരാമർശിക്കുന്ന സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ.

    നിസ്കാരത്തിലെ ഓരോ കർമങ്ങളിലും അനക്കമടങ്ങുക അഥവാ ഓരോന്നും വേറിട്ട് മനസ്സിലാക്കാവുന്ന വിധത്തിൽ ശാന്തതയോടെയും സ്വതന്ത്രമായും നിർവഹിക്കുക തിരുനബിﷺയുടെ പതിവായിരുന്നു. ഉദാഹരണമായി പറഞ്ഞാൽ ഓരോ സുജൂദുകളും അതിനിടയിലുള്ള ഇരുത്തവും വേറിട്ട് വേറിട്ട് സ്വതന്ത്ര കർമങ്ങളായി എണ്ണാൻ മാത്രം ഓരോന്നിലും മതിയായ സമയം വിനിയോഗിച്ചിരുന്നു. ഇമാം ബുഖാരി(റ) അബൂഹുമൈദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

    തിരുനബിﷺ സ്വന്തമായി നിസ്കരിക്കുമ്പോൾ പരമാവധി ദൈർഘ്യത്തോടെയും സമയമെടുത്തും നിർവഹിക്കുമായിരുന്നു. ജനങ്ങൾക്ക് ഇമാമായി നിർവഹിക്കുമ്പോൾ ലളിതമായ രൂപത്തിലായിരുന്നു അവിടുത്തെ നിസ്കാരം. ഇമാം അഹ്മദ്(റ) അബൂ വാഖിദ് അലൈസി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

    തിരുനബിﷺയുടെ നിസ്കാരത്തോളമായി നിസ്കാരം കണ്ടിട്ടില്ല എന്ന് പറഞ്ഞ സന്ദർഭങ്ങളും മണിക്കൂറുകൾ നീണ്ട നിർത്തവും റുക്കൂഉം സുജൂദും നിർവഹിച്ച നിസ്കാരങ്ങളും നബിﷺയുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.

    പരിപൂർണ്ണമായും എന്നാൽ ഇത്ര ലളിതമായും തിരുനബിﷺയുടെ പിന്നിലല്ലാതെ ഞാൻ നിസ്കരിച്ചിട്ടില്ല എന്ന് ജാബിർ ബിൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. പിന്നിൽ നിസ്കരിക്കുന്ന ദുർബലരെയും കുട്ടികളെയും രോഗികളെയും വിവിധ ആവശ്യക്കാരെയും നിസ്കാരത്തിൽ സംബന്ധിക്കുന്ന സ്ത്രീകളെയും പരിഗണിക്കണമെന്ന് പറഞ്ഞ തിരുനബിﷺയുടെ പ്രസ്താവനകൾ നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്.

    ഏതെങ്കിലും സന്ദർഭങ്ങളാൽ നിസ്കാരം നഷ്ടപ്പെട്ടുപോയാൽ അവ മടക്കി നിർവഹിക്കണം എന്നാണ് തിരുനബിﷺയുടെ അധ്യാപനം. ഖൈബറിൽ നിന്ന് മടങ്ങി വരുമ്പോൾ നഷ്ടപ്പെട്ടുപോയ നിസ്കാരം മടക്കി നിർവഹിച്ച കാര്യം മഹാനായ അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നുണ്ട്. ഹുദൈബിയ്യ സന്ധി കഴിഞ്ഞ് മടങ്ങി വരുമ്പോൾ യാത്രാ സംഘത്തെ ഉണർത്താൻ ഏൽപ്പിക്കപ്പെട്ട ബിലാൽ(റ) ഉറങ്ങിപ്പോയി. അവിടെവച്ച് സംഘത്തോട് നിസ്കാരം മടക്കി നിർവഹിക്കാൻ തിരുനബിﷺ പഠിപ്പിച്ചു. ഈ സംഭവം അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് ഇമാം അബൂദാവൂദും(റ) അഹ്മദും(റ) നിവേദനം ചെയ്യുന്നുണ്ട്. നഷ്ടപ്പെട്ടുപോയ നിസ്കാരം മടക്കി നിർവഹിക്കുമ്പോഴും വാങ്കും ഇഖാമത്തും കൊടുത്ത കാര്യം ഇമാം അഹ്മദ്(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് വായിക്കാം.

    മുടങ്ങിപ്പോയ നിസ്കാരം ആദ്യം നിർവഹിക്കുകയും ഹാജരായ നിസ്കാരം തുടർന്ന് നിസ്കരിക്കുകയും ചെയ്ത അനുഭവം പ്രമുഖ സ്വഹാബി ജാബിറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

    തിരുനബിﷺയുടെ ഓരോ കർമത്തെയും ജീവിതഘട്ടത്തെയും വായിക്കുമ്പോൾ അതിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന പരാമർശങ്ങളും വിശദീകരണങ്ങളും നമുക്ക് ലഭിക്കും. അവയിൽ നിന്നെല്ലാം വർത്തമാനകാലത്തോട് ചേർത്തു വായിക്കേണ്ട സൂചനകളും മതിയാവോളം ഉണ്ടാകും. തിരുനബിﷺയുടെ ജീവിതത്തെ വായിച്ചെടുക്കുമ്പോൾ കഴിഞ്ഞുപോയ ഒരു കഥ പങ്കുവെക്കുകയല്ല. നാം അനുവർത്തിക്കേണ്ട നിയമസംഹിതകളെ എങ്ങനെയാണ് ജീവിച്ചു കാണിച്ചു തന്നത് എന്ന് നമ്മുടെ ജീവിതങ്ങളോട് ചേർത്തുവച്ച് പരിചയപ്പെടുകയാണ്. ഏതുകാലത്തും വരാനിരിക്കുന്ന മാനുഷിക സംഭവങ്ങളോട് ഇഴചേർത്തു വച്ചു പഠിക്കുകയാണ്. ചരിത്രം വർത്തമാനത്തോടും നിയമ സംഹിതകൾ സ്വന്തം ജീവിതത്തോടും ദർശനങ്ങൾ പ്രായോഗിക ജീവിതത്തോടും സിദ്ധാന്തങ്ങൾ അനുശീലനങ്ങളോടും കെട്ടിപ്പിണഞ്ഞുകിടക്കുന്ന അത്ഭുതകരമായ ഒരു വായനയുടെ പേരാണ് മുഹമ്മദ് നബിﷺയുടെ ജീവിത വായന.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...