Tweet 1011

    Tweet 1011
    March 21, 2025 • Friday
    Post Header

    ഫാത്തിഹയുടെ അവസാനത്തിൽ ആമീൻ ശബ്ദത്തിൽ ചൊല്ലിയതും ശബ്ദമുയർത്താതിരുന്നതും വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്. രണ്ടു രീതികളെയും സ്വീകരിക്കുന്നവർക്ക് പ്രമാണങ്ങളുണ്ടെന്ന് സാരം. എന്നാൽ ഓരോ ഇമാമുകളും അവർക്കു ലഭിച്ചതിൽ വച്ച് ഏറ്റവും പ്രബലമായതിനെ ശക്തിപ്പെടുത്തുകയും അത് ശീലമായി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

    ശാഫിഈ മദ്ഹബ് അവലംബിക്കുന്നവർ ആമീൻ ശബ്ദത്തിൽ ചൊല്ലുകയും ഹനഫി മാർഗ്ഗം സ്വീകരിക്കുന്നവർ ശബ്ദമുയർത്താതെ ചൊല്ലുകയും ചെയ്യുന്നു.

    ഫാത്തിഹ പാരായണം ചെയ്ത ശേഷം ഖുർആനിൽ നിന്നുള്ള സൂറത്തുകൾ പാരായണം ചെയ്യുമായിരുന്നു. ഓരോ നിസ്കാരങ്ങളിലും പാരായണം ചെയ്യുന്ന സൂറത്തുകൾക്ക് ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. ദൈർഘ്യമായ സൂറത്തുകളും ഹ്രസ്വമായ സൂറത്തുകളും സവിശേഷമായ ആശയങ്ങളുള്ള സൂക്തങ്ങളും ആവർത്തിച്ചു പാരായണം ചെയ്യുന്ന അധ്യായങ്ങളും ഒക്കെ കൂട്ടത്തിൽ വായിക്കാനുണ്ട്. സാധാരണ സുബ്ഹി നിസ്കാരങ്ങളിൽ ഓതുന്ന അധ്യായങ്ങൾ, സാധാരണ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിൽ ഓതുന്ന അധ്യായങ്ങൾ എന്നിങ്ങനെ തിരുനബിﷺക്ക് പ്രത്യേകമായ ചില ചിട്ടകളും മര്യാദകളും ഈ വിഷയങ്ങളിലൊക്കെ ഉണ്ടായിരുന്നു.

    തിരുനബിﷺയുടെ ചര്യ ആഗ്രഹിക്കുന്ന ആളുകൾക്ക് സൂക്ഷ്മമായ പഠനത്തിലൂടെയും അനുകരണത്തിലൂടെയും അതേ മാതൃകയിലൂടെ സഞ്ചരിക്കാൻ പറ്റുന്ന വിധം പ്രമാണങ്ങളും നിവേദനങ്ങളും ഇന്നും വായിക്കാനുണ്ട്.

    അല്ലാഹുവിന്റെ കാരുണ്യത്തെ പരാമർശിക്കുന്ന സൂക്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഖുർആൻ പാരായണത്തിനിടയിൽ തന്നെ അല്ലാഹുവിനോട് കാരുണ്യത്തിനു വേണ്ടി പ്രാർഥിക്കുമായിരുന്നു. അല്ലാഹുവിന്റെ ശിക്ഷയെ പരാമർശിക്കുന്ന സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ അനുബന്ധമായി അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് കാവൽ തേടുമായിരുന്നു. പാരായണം ചെയ്യുന്ന സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും ആശയങ്ങളോട് ചേർന്നുകൊണ്ട് സഞ്ചരിക്കുകയും അതിനനുസൃതമായ ഭാവങ്ങളും തിരുനബിﷺയിൽ കാണാമായിരുന്നു.

    അല്ലാഹുവിന്റെ മഹത്വത്തിന് മുന്നിൽ വിനീതമാവുകയും അല്ലാഹുവിന്റെ കാരുണ്യ കടാക്ഷങ്ങൾക്ക് മുമ്പിൽ പ്രതീക്ഷയോടെ നിൽക്കുകയും ചെയ്യുന്ന കാഴ്ച നിസ്കാരത്തിലും പ്രകടമായിരുന്നു. നരകത്തെക്കുറിച്ച് പരാമർശിക്കുന്ന സൂക്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭയവിഹ്വലമായ പ്രതികരണങ്ങൾ കാണാമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭവനമായ സ്വർഗ്ഗത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രതീക്ഷയോടെ അതിനെ കാത്തുനിൽക്കുന്ന ഒരു അടിമയുടെ വിനീതഭാവവും ആനന്ദവും തിരുനബിﷺയിൽ പ്രകടമാകുമായിരുന്നു.

    ഖുർആൻ പാരായണത്തിനിടയിൽ സവിശേഷമായ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രതയോടെ നിർത്തുകയും, ചില സ്ഥലങ്ങളിൽ സൂക്തങ്ങൾ ചേർത്ത് പാരായണം ചെയ്യുകയും, തുടങ്ങി തിരുനബിﷺ പാരായണ ഘട്ടത്തിൽ പാലിച്ചിരുന്ന കാര്യങ്ങൾ ഖുർആൻ പാരായണ നിയമങ്ങളായി ക്രോഡീകരിക്കപ്പെടുകയും എക്കാലത്തും ഖുർആൻ പാരായണം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന നിയമങ്ങളായി പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഇല്ലാത്ത വിധം സവിശേഷമായ ഒരു പാരായണ ശാസ്ത്രം തന്നെ ഖുർആനിനുണ്ട്.

    ചില സന്ദർഭങ്ങളിൽ തിരുനബിﷺ ഫാത്തിഹ മാത്രം പാരായണം ചെയ്തു നിസ്കരിച്ച അനുഭവങ്ങളും സ്വഹാബികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

    അനിവാര്യമായ സന്ദർഭങ്ങളിൽ നിർബന്ധ കർമങ്ങൾ മാത്രം അനുഷ്ഠിച്ചു നിസ്കാരം പൂർത്തിയാക്കേണ്ട ഘട്ടം വന്നാൽ അവലംബിക്കാൻ പറ്റുന്ന രീതിയായിരുന്നു ഇത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...