Tweet 1010

    Tweet 1010
    March 20, 2025 • Thursday
    Post Header

    തിരുനബിﷺയുടെ നിസ്കാരത്തിന്റെ ശൈലിയും ഭാവവും വിശദീകരിക്കുന്ന നിരവധി ഹദീസുകളുണ്ടെന്ന് നാം അറിഞ്ഞു കഴിഞ്ഞു. പ്രാഥമികമായ ചില പരാമർശങ്ങളുള്ള ഹദീസുകളിലൂടെ നാം സഞ്ചരിക്കുകയാണ്. തിരുനബിﷺ എല്ലാ നിസ്കാരത്തിലും ഫാത്തിഹ പാരായണം ചെയ്യാറുണ്ടായിരുന്നു. അബൂ ഖത്താദ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഈ ആശയം നിവേദനം ചെയ്യുന്നു.

    ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺ നിസ്കാരം ആരംഭിച്ചാൽ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ കൊണ്ട് തുടങ്ങുമായിരുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ നിസ്കാരത്തിൽ ബിസ്മി ഉറക്കെ പാരായണം ചെയ്യുമായിരുന്നു. ഇമാമത് നിൽക്കുമ്പോൾ തിരുനബിﷺ ബിസ്മി പാരായണം ചെയ്തുകൊണ്ട് നിസ്ക്കാരം ആരംഭിക്കുമായിരുന്നു എന്ന് ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അബൂഹുറൈറ(റ)യും റിപ്പോർട്ട് ചെയ്യുന്നു. മഹതിയായ ഉമ്മു സലമ(റ) നിവേദനം ചെയ്ത ഹദീസിൽ ബിസ്മി മുതൽ ആരംഭിച്ച ഫാത്തിഹ മുഴുവനും ഉൾക്കൊള്ളിച്ചു കൊണ്ടാണ് തിരുനബിﷺയുടെ പാരായണത്തെ പരിചയപ്പെടുത്തിയത്. നിസ്കാരത്തിൽ തിരുനബിﷺ ബിസ്മി ഉറക്കെ പാരായണം ചെയ്യാറുണ്ടായിരുന്നു എന്ന് മാത്രം പറയുന്ന ഒരു ഹദീസ് മഹാനായ അലി(റ)യിൽ നിന്നും ഉദ്ധരിച്ചത് കാണാം. ഇതേ ആശയം തന്നെ മഹതി ആഇശ(റ)യും പറയുന്നുണ്ട്.

    ഇമാം മുസ്ലിമും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്ന ഹദീസുകളിൽ തിരുനബിﷺ നിസ്കാരത്തിലേക്ക് നിന്നാൽ ‘അൽഹംദുലില്ലാഹ്’ കൊണ്ട് തുടങ്ങാറുണ്ടായിരുന്നു എന്ന ആശയവും വായിക്കാവുന്നതാണ്. അബൂഹുറൈറ(റ)യും ഇബ്നു അബ്ബാസും(റ) ആഇശ(റ)യും ഈ ആശയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    നാമിപ്പോൾ വായിച്ച ഹദീസുകളും ഇത് സംബന്ധമായി അക്കാലത്ത് ലഭ്യമാകുന്ന എല്ലാ നിവേദനങ്ങളും മദ്ഹബിന്റെ ഇമാമുകൾ പഠനവിധേയമാക്കിയിട്ടുണ്ട്. ഇമാം ശാഫിഈ(റ)യുടെ മദ്ഹബിൽ ബിസ്മി ഫാത്തിഹയിലെ ഒരു സൂക്തവും അതുകൊണ്ടുതന്നെ നിസ്കാരത്തിൽ ഫാത്തിഹ ഓതുമ്പോൾ മറ്റു സൂക്തങ്ങൾ പോലെ ഉറക്കെ പാരായണം ചെയ്യേണ്ടതുമാണ്.

    എന്നാൽ ഇമാം അബൂഹനീഫ(റ)യും മറ്റും മദ്ഹബുകളിലും ബിസ്മി ഫാത്തിഹയിലെ ഒരു സൂക്തം എന്നതിനപ്പുറം എല്ലാ അധ്യായങ്ങളുടെയും പ്രാരംഭത്തിൽ പാരായണം ചെയ്യേണ്ട സവിശേഷമായ സൂക്തമായിട്ടാണ് പരിചയപ്പെടുത്തുന്നത്. അതടിസ്ഥാനത്തിലും മറ്റു നിദാനങ്ങൾ മുന്നിൽ വച്ചുകൊണ്ടും ഉറക്കെ പാരായണം ചെയ്ത് നിസ്കരിക്കുന്ന നിസ്കാരങ്ങളിൽ ബിസ്മി പതുക്കെയാണ് പാരായണം ചെയ്യാറുള്ളത്. മുജ്തഹിദുകളായ ഓരോ ഇമാമുകൾക്കും അവർ പ്രബലമാക്കിയ വീക്ഷണങ്ങൾക്ക് കൃത്യമായ പ്രമാണങ്ങളും നിദാനങ്ങളുമുണ്ട്. നമുക്ക് അവരുടെ പഠനങ്ങൾ ശരിയെന്നോ തെറ്റെന്നോ പറയാനുള്ള, അല്ലെങ്കിൽ നിരൂപിക്കാനോ സമഗ്രമായ ഉപരിപഠനം നടത്താനുള്ള സാഹചര്യമോ യോഗ്യതയോ ഇല്ല.

    അതുകൊണ്ട് നാലിൽ ഒരു മദ്ഹബിലെ ഇമാമിനെ അനുകരിച്ചുകൊണ്ട് നമ്മുടെ അനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തുകയേ തരമുള്ളൂ. മദ്ഹബിന്റെ ഇമാമുകളെക്കാൾ യോഗ്യരോ അല്ലെങ്കിൽ അവർക്ക് സമാന്തരമാണെങ്കിൽ മാത്രമേ അവരുടെ നിദാനങ്ങളെയും പ്രമാണങ്ങളെയും വെച്ചുകൊണ്ട് നിരൂപണപരമായി ഇത്തരം കാര്യങ്ങളെ സമീപിക്കാനാവൂ. അല്ലാത്ത കാലത്തോളം അറിവുള്ളവരെ അനുകരിക്കാൻ മാത്രമേ സാധാരണക്കാരായ നമുക്ക് സാധിക്കുകയുള്ളൂ. ഇത് പ്രാഥമികമായി തന്നെ ബോധ്യപ്പെടുന്ന ഒരു ന്യായവും ഏതു മേഖലയിലും സ്വീകരിക്കേണ്ട നീതിയുമാണ്. ലക്ഷക്കണക്കിന് ഹദീസുകളിൽ നിന്നും ഖുർആനിന്റെ വിശദമായ വ്യാഖ്യാന തലങ്ങളിൽ നിന്നും എത്തിച്ചേർന്ന നിഗമനങ്ങളെ ക്രോസ് ചെയ്യാൻ ലഭ്യമായ ഹദീസുകളും ഖുർആനിന്റെ പ്രാഥമികമായ സാരവും മാത്രം പോരാ. ഇന്ന് അത്രയേ നമുക്ക് സാധ്യമാവുകയുള്ളൂ.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...