Tweet 1581

Tweet 1581
October 12, 2026 • Monday

ഇക്രിമ(റ)യിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഉസ്മാൻ ബിൻ ശൈബ പറഞ്ഞു: തിരുനബിﷺ ഹുനൈൻ യുദ്ധത്തിന് പുറപ്പെട്ടപ്പോൾ, അലി(റ)യും ഹംസ(റ)യും വധിച്ച എൻ്റെ പിതാവിനെയും പിതാവിൻ്റെ സഹോദരനെയും ഞാൻ ഓർത്തു. അപ്പോൾ ഞാൻ എൻ്റെ മനസ്സിൽ പറഞ്ഞു: “ഇന്ന് ഞാൻ മുഹമ്മദിﷺൽ നിന്ന് എൻ്റെ പ്രതികാരം വീട്ടും.” അങ്ങനെ ഞാൻ തിരുമേനിﷺയുടെ പിന്നാലെ കൂടി, വാൾ കൊണ്ട് ആക്രമിക്കുന്നത് മാത്രമാണ് ബാക്കിയെന്ന നിലയിൽ അവിടുത്തേക്ക് വളരെ അടുത്തുവരെ ഞാൻ എത്തി. പെട്ടെന്നതാ, എനിക്കും അവിടുത്തെയും ഇടയിൽ മിന്നൽ പോലെ തീയുടെ ഒരു ജ്വാല തടസ്സമായി വന്നു; അതോടെ ഞാൻ പിന്തിരിഞ്ഞു. അപ്പോൾ തിരുനബിﷺ എൻ്റെ നേരെ തിരിഞ്ഞ് ചോദിച്ചു: “ശൈബേ, എൻ്റെ അടുത്തേക്ക് വരൂ.” അവിടുന്ന് എൻ്റെ നെഞ്ചിൽ കൈവെച്ചു; അങ്ങനെ അല്ലാഹു എൻ്റെ മനസ്സിൽ നിന്ന് പിശാചിനെ പുറത്തുകളഞ്ഞു. തുടർന്ന് ഞാൻ എൻ്റെ നോട്ടം അവിടുത്തെ നേരെ ഉയർത്തി; കേൾവിയെക്കാളും കാഴ്ചയെക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായി അവിടുന്ന് മാറി.

ഇമാം ബൈഹഖി(റ) ഉർവ(റ) വഴി ഹുദൈഫ(റ)യിൽ നിന്നും, ഇബ്നു ഇസ്ഹാഖ്(റ) എന്നിവരിൽ നിന്നും “അവർ എത്തിപ്പിടിക്കാൻ സാധിക്കാത്ത കാര്യത്തിന് മുതിർന്നു” എന്ന ആശയമുള്ള തൗബ: 74 ഖുർആനിക വചനത്തെക്കുറിച്ച് നിവേദനം ചെയ്യുന്നു: അതായത്, തിരുനബിﷺ തബൂഖിൽ നിന്ന് മദീനയിലേക്ക് മടങ്ങിവരുമ്പോൾ വഴിയുടെ ഒരു ഭാഗത്തുവെച്ച് അവിടുത്തെ ഒപ്പം സഞ്ചരിച്ച ചിലർ അവിടുത്തേക്കെതിരെ കുതന്ത്രം മെനഞ്ഞു. വഴിയിലെ ചുരത്തിൽ വെച്ച് അവിടുത്തെ താഴെയിടാമെന്ന് അവർ ഗൂഢാലോചന നടത്തി. മറ്റൊരു നിവേദനമനുസരിച്ച്: അവിടുത്തെ വധിക്കാമെന്ന് പദ്ധതിയിട്ടു. അങ്ങനെ അവർ അതിന് മുതിരുകയും ചുരത്തിൽ എത്തിച്ചേരുകയും ചെയ്തപ്പോൾ, അവിടുത്തോടൊപ്പം ആ വഴിയിലൂടെ സഞ്ചരിക്കാൻ ഒരുങ്ങി. തിരുനബിﷺ അവിടെ എത്തിയപ്പോൾ അവരുടെ ആ പദ്ധതിയെക്കുറിച്ച് അവിടുത്തേക്ക് വിവരം ലഭിച്ചു.

അപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും താഴ്‌വരയുടെ നടുവിലൂടെ പോകണമെന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ വിശാലമാണ്.” തിരുനബിﷺ ചുരത്തിൻ്റെ വഴിയും, ജനങ്ങൾ താഴ്‌വരയുടെ നടുവിലുള്ള വഴിയും തെരഞ്ഞെടുത്തു; തിരുനബിﷺക്കെതിരെ കുതന്ത്രം മെനഞ്ഞവർ അത് കേട്ടപ്പോൾ ഒരുക്കങ്ങൾ നടത്തി, മുഖംമൂടി ധരിച്ചു; വലിയൊരു കാര്യത്തിനാണ് അവർ തുനിഞ്ഞിരുന്നത്. തിരുനബിﷺ ഹുദൈഫ ബിൻ അൽയമാനെ(റ)യും അമ്മർ ബിൻ യാസിറി(റ)നെയും ഒപ്പം കൂട്ടി. അങ്ങനെ അവർ അവിടുത്തോടൊപ്പം നടന്നു. ഒട്ടകത്തിൻ്റെ മൂക്കുകയർ പിടിക്കാൻ അമ്മാറോ(റ)ടും, അതിനെ തെളിച്ചുകൊണ്ടുപോകാൻ ഹുദൈഫ(റ)യോടും അവിടുന്ന് കൽപ്പിച്ചു.

അങ്ങനെ അവർ യാത്ര ചെയ്യവേ, തങ്ങളുടെ പിന്നിലായി ആളുകൾ തങ്ങളെ വളഞ്ഞുകൊണ്ട് വരുന്നത് അവർ ശ്രദ്ധിച്ചു. അപ്പോൾ തിരുനബിﷺ കോപാകുലനാകുകയും, അവരെ തടഞ്ഞു തിരിച്ചയക്കാൻ ഹുദൈഫ(റ)യോട് കൽപ്പിക്കുകയും ചെയ്തു. തിരുനബിﷺയുടെ കോപം കണ്ട ഹുദൈഫ(റ) തിരികെ ചെന്നു. അവിടുത്തെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് അവരുടെ സവാരി മൃഗങ്ങളുടെ മുഖം തിരിക്കുകയും അവയെ അടിക്കുകയും ചെയ്തു. ആ ആളുകൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ, ഇതൊരു പ്രത്യേക ഗൂഢാലോചനയാണെന്ന് അവർക്ക് മനസ്സിലായില്ല, മറിച്ച് അതൊരു യാത്രക്കാരന്റെ പ്രവർത്തിയാണെന്ന് മാത്രമാണ് അവർ കരുതിയത്.

ഹുദൈഫ(റ)യെ കണ്ടപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഭയമിട്ടു കൊടുത്തു, തങ്ങളുടെ കുതന്ത്രം പുറത്തായെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ അവർ ജനങ്ങളുടെ ഇടയിലേക്ക് വേഗത്തിൽ ചെന്നുചേർന്നു. തുടർന്ന് ഹുദൈഫ(റ) തിരികെ വന്ന് തിരുനബിﷺയോട് ചേർന്നു. അദ്ദേഹം അവിടുത്തെ അടുത്തെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: “ഹുദൈഫേ(റ), ഈ സംഘത്തിലുള്ള ആരെെയെങ്കിലും, അല്ലെങ്കിൽ ഈ യാത്രക്കാരിൽ ആരെയെങ്കിലും നീ തിരിച്ചറിഞ്ഞോ?”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 10