Tweet 1567

Tweet 1567
September 28, 2026 • Monday

അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ കാലഘട്ടത്തിൽ തിരുനബിﷺയുടെ സ്വഹാബിമാരിൽ ചിലർ സ്വപ്നം കാണുകയും, അത് നബിﷺയോട് വിവരിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ നബിﷺ അതിനെക്കുറിച്ച് “അല്ലാഹു ഉദ്ദേശിച്ചതുപോലെ” എന്ന് പറയുമായിരുന്നു. ഞാൻ അന്ന് ചെറിയ പ്രായത്തിലുള്ള ഒരു യുവാവായിരുന്നു. വിവാഹം കഴിക്കുന്നതിന് മുമ്പ് എന്റെ താമസം പള്ളിയിലായിരുന്നു.

അപ്പോൾ ഞാൻ എന്റെ മനസ്സിൽ പറഞ്ഞു: “നിന്നിൽ വല്ല നന്മയും ഉണ്ടായിരുന്നെങ്കിൽ, ഈ ആളുകൾ കാണുന്നത് പോലുള്ള സ്വപ്നങ്ങൾ നിനക്കും കാണാൻ കഴിയുമായിരുന്നു.” അങ്ങനെ ഒരു രാത്രി ഞാൻ കിടന്നപ്പോൾ പ്രാർത്ഥിച്ചു: “അല്ലാഹുവേ, എന്റെ ഉള്ളിൽ വല്ല നന്മയുമിരിപ്പുണ്ടെന്ന് നീ അറിയുന്നുവെങ്കിൽ എനിക്കൊരു സ്വപ്നം കാണിച്ചുതരേണമേ.”

ഞാൻ അങ്ങനെ കിടക്കുമ്പോൾ, എന്റെ അടുക്കൽ രണ്ട് മലക്കുകൾ വന്നു. അവരിൽ ഓരോരുത്തരുടെയും കയ്യിൽ ഇരുമ്പിന്റെ ചൂരൽ ഉണ്ടായിരുന്നു. അവർ എന്നെ പിടിച്ചുകൊണ്ട് നരകത്തിലേക്ക് കൊണ്ടുപോയി. ഞാൻ അവരുടെ ഇടയിൽ നിന്നുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ്: “അല്ലാഹുവേ, നരകത്തിൽ നിന്ന് ഞാൻ നിന്നിൽ രക്ഷ തേടുന്നു.” തുടർന്ന് മറ്റൊരു മലക്ക് എന്റെ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ കയ്യിലും ഇരുമ്പിന്റെ ചൂരൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു: “ഭയപ്പെടേണ്ട, നീ എത്ര നല്ല മനുഷ്യനാണ്; നീ കൂടുതൽ നിസ്കരിച്ചിരുന്നെങ്കിൽ!” അവർ എന്നെയുംകൊണ്ട് നടന്ന് നരകത്തിന്റെ വക്കിൽ നിർത്തി. അത് കിണർ പോലെ ഇടുങ്ങിയതായിരുന്നു, കിണറിന്റേത് പോലുള്ള തൊടികളും അതിനുണ്ടായിരുന്നു. ഓരോ രണ്ട് തൊടികൾക്കിടയിൽ ഇരുമ്പിന്റെ ചൂരലേന്തിയ ഓരോ മലക്കുകൾ വീതമുണ്ടായിരുന്നു. അതിൽ കുറെ ആളുകൾ തലകീഴായി ചങ്ങലകളിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു. ഖുറൈശികളിൽ പെട്ട ചിലരെ ഞാൻ അതിൽ തിരിച്ചറിഞ്ഞു. തുടർന്ന് അവർ എന്നെ വലതുഭാഗത്തേക്ക് തിരിച്ചുവിട്ടു. ഞാൻ ഈ സ്വപ്നം സഹോദരിയായ ഹഫ്സ(റ)യോട് വിവരിച്ചു. ഹഫ്സ(റ) അത് തിരുനബിﷺയോട് പറഞ്ഞു. അപ്പോൾ അവിടുന്ന്. പറഞ്ഞു: “തീർച്ചയായും അബ്ദുല്ലാഹ്(റ) നല്ലൊരു മനുഷ്യനാണ്.”

ഇബ്നു ഉമർ(റ) തന്നെ നിവേദനം ചെയ്യുന്നു: ഞാൻ സ്വപ്നത്തിൽ കണ്ടു; എന്റെ കയ്യിൽ ഇരുമ്പുകൊണ്ടുള്ള ഒരു വളയം അല്ലെങ്കിൽ വടി ഉണ്ട്. സ്വർഗ്ഗത്തിൽ ഏത് സ്ഥലത്തേക്ക് ഞാൻ അത് നീട്ടിയോ അവിടേക്ക് അത് പറന്നുപോയി. ഞാൻ അത് ഹഫ്സ(റ)യോട് പറഞ്ഞു. ഹഫ്സ(റ) അത് തിരുനബിﷺയോട് പറഞ്ഞു. അപ്പോൾ പറഞ്ഞു: “തീർച്ചയായും നിന്റെ സഹോദരൻ നല്ലൊരു മനുഷ്യനാണ്.”

അബ്ദുല്ലാഹിബ്നു സലാം(റ) നിവേദനം ചെയ്യുന്നു: ഞാൻ കണ്ടു; ഞാൻ ഒരു പൂന്തോട്ടത്തിലാണ്. ആ പൂന്തോട്ടത്തിന്റെ നടുവിൽ ഒരു തൂണുണ്ട്. ആ തൂണിന്റെ മുകൾഭാഗത്ത് ഒരു പിടിയും ഉണ്ട്. എന്നോട് പറയപ്പെട്ടു: “നീ അതിൽ കയറുക.”

ഞാൻ പറഞ്ഞു: “എനിക്ക് സാധിക്കില്ല.”

അപ്പോൾ ഒരു ബാലൻ വന്ന് എന്റെ വസ്ത്രം ഉയർത്തിത്തന്നു. അങ്ങനെ ഞാൻ കയറി ആ പിടിയിൽ മുറുകെ പിടിച്ചു. അങ്ങനെ ഞാൻ പിടിച്ചു കൊണ്ടിരിക്കെ തന്നെ ഉറക്കമുണർന്നു. ഞാൻ ഈ സ്വപ്നം തിരുനബിﷺയോട് വിവരിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “ആ പൂന്തോട്ടം ഇസ്ലാമിന്റെ പൂന്തോട്ടമാണ്. ആ തൂണ് ഇസ്ലാമിന്റെ തൂണാണ്. ആ പിടി എന്നത് ഉറപ്പായ കയറാണ്. നിങ്ങൾ മരണപ്പെടുന്നത് വരെ ഇസ്ലാമിനെ മുറുകെ പിടിച്ചവനായി തുടരും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 46