സുഹൈൽ ബിൻ അബീ സാലിഹ്(റ) തന്റെ പിതാവിൽ നിന്നും, അസ്ലമ് ഗോത്രത്തിൽപെട്ട ഒരാളിൽ നിന്നും നിവേദനം ചെയ്യുന്നു:
അസ്ലമി ഗോത്രത്തിലെ ഒരാളെ ഒരു തേൾ ദംശിച്ചു. ഈ വിവരം തിരുനബിﷺ അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: “അയാൾ വൈകുന്നേരം ‘അഊദു ബി കലിമാത്തില്ലാഹി-ത്താമ്മാതി മിൻ ശർ്രി മാ ഖലഖ്’ അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾകൊണ്ട് അവൻ സൃഷ്ടിച്ചുകൂട്ടിയ തിന്മകളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ ആ തേൾ അയാൾക്ക് ഉപദ്രവമേൽപ്പിക്കുമായിരുന്നില്ല.”
അയാൾ പറഞ്ഞു: “അപ്പോൾ എന്റെ കുടുംബത്തിലെ ഒരു സ്ത്രീ ആ പ്രാർത്ഥന ചൊല്ലി. പിന്നീട് അവളെ ഒരു പാമ്പ് കടിച്ചു, എന്നാൽ അതവൾക്ക് യാതൊരു ഉപദ്രവവുമുണ്ടാക്കിയില്ല.”
ഇമാം ഇബ്ൻ സഅദ്(റ), അബൂബക്കർ ബിൻ മുഹമ്മദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹിബ്നു സുഹൈൽ(റ) ‘ഹർറത്തുൽ അഫാഇൽ’ വെച്ച് പാമ്പുകടിയേറ്റു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിങ്ങൾ അദ്ദേഹത്തെ ഉമാറത്തുബ്നു ഹസ്മി(റ)ന്റെ അടുത്തു കൊണ്ടുപോവുക, അദ്ദേഹം മന്ത്രിക്കട്ടെ.” അവർ പറഞ്ഞു: “പ്രവാചകരേﷺ, അദ്ദേഹം മരണാസന്നനാണ്.” അവിടുന്ന് പറഞ്ഞു: “നിങ്ങൾ അദ്ദേഹത്തെ ഉമാറത്തുബ്നു ഹസ്മി(റ)ന്റെ അടുക്കലേക്ക് കൊണ്ടുപോകൂ.” അങ്ങനെ അദ്ദേഹം മന്ത്രിക്കുകയും അല്ലാഹു അദ്ദേഹത്തിന് രോഗശമനം നൽകുകയും ചെയ്തു.
ഇബ്ൻ സഅദ്(റ), സഹ്ല് ബിൻ അബീ ഹസ്മ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങളിൽ പെട്ട ഒരാൾ ‘ഹർറത്തുൽ അഫാഇൽ’ വെച്ച് പാമ്പുകടിയേറ്റു. അപ്പോൾ അംറുബ്നു ഹസ്മ്(റ) അദ്ദേഹത്തിന് മന്ത്രവുമായി വന്നു. എന്നാൽ തിരുനബിﷺ വന്ന് അനുവാദം ചോദിക്കുന്നത് വരെ അദ്ദേഹം അത് നിരസിച്ചു. തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു: “അത് എനിക്ക് കാണിച്ചുതരൂ.” അദ്ദേഹം അത് നബിക്ക് കാണിച്ചുകൊടുത്തു. അപ്പോൾ നബിﷺ അതിന് അനുവാദം നൽകി.
ബൈഹഖി(റ), ഖാരിജത്തുബ്നു സൽത് അത്തമീമി(റ)യിൽ നിന്ന് തന്റെ പിതൃസഹോദരനിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഒരു ജനതയുടെ അരികിലൂടെ കടന്നുപോയി. അവരുടെ അടുത്ത് ഇരുമ്പുവിലങ്ങിൽ തളയ്ക്കപ്പെട്ട ഒരു ഭ്രാന്തനുണ്ടായിരുന്നു. അവരിൽ ചിലർ അദ്ദേഹത്തോട് ചോദിച്ചു: “ഇദ്ദേഹത്തെ ചികിത്സിക്കാൻ നിങ്ങളുടെയടുത്ത് എന്തെങ്കിലും ഉണ്ടോ? തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ നന്മയുമായാണ് വന്നിരിക്കുന്നത്.” അങ്ങനെ അദ്ദേഹം അദ്ദേഹത്തിന്മേൽ ഫാതിഹാ സൂറത്ത് മൂന്ന് ദിവസം, ദിവസവും രണ്ടുപ്രാവശ്യം ഓതി മന്ത്രിച്ചു. അദ്ദേഹം സുഖം പ്രാപിച്ചു. അവർ അദ്ദേഹത്തിന് നൂറ് ആടുകളെ പ്രതിഫലമായി നൽകി. തിരുനബിﷺയുടെ അടുക്കൽ ചെന്ന് ആ വിവരം പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങൾ തിന്നുക. വ്യർത്ഥമായ മന്ത്രവാദത്തിലൂടെ തിന്നുന്നവൻ വ്യാജമായ മന്ത്രത്തിലൂടെയാണ് തിന്നുന്നത്, എന്നാൽ നീ സത്യമായ മന്ത്രവാദത്തിലൂടെയാണ് തിന്നുന്നത്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
