Tweet 1557

Tweet 1557
September 18, 2026 • Friday

ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ്, തിരുനബിﷺ തങ്ങളെയും അബൂബക്കർ സിദ്ദീഖ്(റ) തങ്ങളെയും പിന്തുടർന്നു ചെന്ന സുറാഖത്തുബ്നു മാലിക് ബിൻ ജുഅ്ശുമിനെതിരെ തിരുനബിﷺ പ്രാർത്ഥിച്ചതും അതിന് ഉത്തരം ലഭിച്ചതും സംബന്ധിച്ച്.

തിരുനബിﷺ തങ്ങളുടെ ഹിജ്‌റയെക്കുറിച്ചുള്ള സംഭവത്തിൽ ബറാഅ്‌ ബിൻ ആസിബ്(റ) നിവേദനം ചെയ്ത ഹദീസിൽ, അബൂ നുഐം(റ) ‘അൽ-മുസ്തഖ്‌രിജ്’ എന്ന ഗ്രന്ഥത്തിൽ നിവേദനം ചെയ്യുന്നു: തിരുനബിﷺ സുറാഖക്കെതിരെ ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, നീ ഇച്ഛിക്കുന്ന പ്രകാരം അവനെതിരിൽ നീ ഞങ്ങൾക്ക് മതിയാകേണമേ.” അതോടെ അദ്ദേഹത്തിന്റെ കുതിര നിലത്തു വയറു വരെ താഴ്ന്നുപോയി.

ഇമാം തബ്‌റാനി(റ), സഈദ് ബിൻ ജഹ്മാൻ(റ) വഴി അബുൽ ഖൈൻ(റ) നിന്നുള്ള നിവേദനം ഉദ്ധരിക്കുന്നു: അദ്ദേഹം കുറച്ചു ഈന്തപ്പഴവുമായി തിരുനബിﷺ തങ്ങളുടെ അരികിലൂടെ കടന്നുപോയി. അനുചരന്മാർക്ക് വിതറിനൽകാനായി അതിൽ നിന്നും ഒരു പിടി പിടിക്കാൻ തിരുനബിﷺ കൈ നീട്ടി. അപ്പോൾ അദ്ദേഹം തന്റെ വസ്ത്രത്തിന്റെ അറ്റം നെഞ്ചോടു ചേർത്തുപിടിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹു നിന്റെ പിശുക്ക് വർദ്ധിപ്പിക്കട്ടെ!” അബൂ അബ്ദുല്ലാഹ് ഇബ്നു മന്ദഃ(റ) കൂട്ടിച്ചേർത്തു: അങ്ങനെ അദ്ദേഹം ജനങ്ങളിൽ വെച്ച് ഏറ്റവും പിശുക്കുള്ളവനായി മാറി. ബഗ്‌വി(റ)യും ഇബ്നു സകനും(റ) കൂട്ടിച്ചേർത്തു: അതിനാൽ അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് യാതൊന്നും നഷ്ടപ്പെടുകയുണ്ടായില്ല.

വിശ്വസ്തരായ നിവേദകരെ അവലംബിച്ചു കൊണ്ട് അൽ-ഹാരിസ്(റ), അബൂ നൗഫൽ(റ) വഴി തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ലഹബ് ബിൻ അബീ ലഹബ് തിരുനബിﷺ തങ്ങളെ ശകാരിക്കാറുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഹിംസ്രജന്തുവിനെ അവന്റെ മേൽ നീ അഴിച്ചുവിടേണമേ.” അങ്ങനെ അവൻ തന്റെ കൂട്ടുകാരുള്ള ഒരു സംഘത്തോടൊപ്പം ഷാമിലേക്ക് പുറപ്പെട്ടു. അവർ ഒരു സ്ഥലത്ത് ഇറങ്ങി ക്യാമ്പ് ചെയ്തു. അവൻ പറഞ്ഞു: “തീർച്ചയായും മുഹമ്മദിﷺന്റെ പ്രാർത്ഥനയെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു.” അവർ അവനോട് പറഞ്ഞു: “ഒരിക്കലുമില്ല ഭയപ്പെടേണ്ടതില്ല” അവൻ പറഞ്ഞു: “എന്നാൽ എന്റെ ചുറ്റുമുള്ള സാധനങ്ങൾ നിങ്ങൾ സൂക്ഷിക്കുക, കാവൽ കിടക്കുക.”

അങ്ങനെ ഒരു ഹിംസ്രജന്തു വന്ന് അവനെ പിടികൂടി കൊണ്ടുപോയി.

ഹിന്ദ് ബിൻ ഖദീജ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: അൽ-ഹകം ബിൻ അബൂ അൽ-ആസ് തിരുനബിﷺ തങ്ങളുടെ അടുത്തിരിക്കാറുണ്ടായിരുന്നു. പ്രവാചകൻﷺ സംസാരിക്കുമ്പോൾ അവൻ പരിഹസിച്ചുകൊണ്ട് കോമാളിത്തം കാണിക്കുകയും മുഖം കോട്ടുകയും ചെയ്യുമായിരുന്നു. തിരുനബിﷺ അവനെ ശ്രദ്ധിക്കുകയും “നീ അതുപോലെ ആയിത്തീരട്ടെ!” എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെ അവൻ മരിക്കുന്നത് വരെ അവന് ആ വിറയലും കോട്ടവും തുടർന്നു കൊണ്ടിരുന്നു.

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: തിരുനബിﷺ അബു അൽ-ഹകമിന്റെ അരികിലൂടെ കടന്നുപോയി. അവൻ തിരുനബിﷺ തങ്ങളെ നോക്കി കണ്ണ് ചെറുതാക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തു. തിരുനബിﷺ അത് കാണുകയും “അല്ലാഹുവേ, അവനിൽ നീ വിറയൽ ഉണ്ടാക്കേണമേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അതോടെ അവൻ ഇരുന്നിടത്ത് വെച്ച് വിറച്ചുപോയി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 38