Tweet 1544

Tweet 1544
September 5, 2026 • Saturday

ഇബ്നു അബ്ബാസ്(റ)ന് വേണ്ടി തിരുനബിﷺ നടത്തിയ പ്രാർത്ഥന സ്വീകരിക്കപ്പെട്ടത് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അദ്ദേഹത്തിന് മതപരമായ അറിവ് ഫിഖ്ഹ് നൽകേണമേ, അദ്ദേഹത്തിന് വ്യാഖ്യാനം പഠിപ്പിച്ചു കൊടുക്കേണമേ.” അങ്ങനെ അതിനുശേഷം അദ്ദേഹം ‘അൽ-ഹബ്ർ’ പണ്ഡിതശ്രേഷ്ഠൻ എന്ന് വിളിക്കപ്പെട്ടു. സമുദായത്തിന്റെ പണ്ഡിതൻ ‘ഹബ്റുൽ ഉമ്മ ‘എന്നീ വിലാസങ്ങളിൽ അറിയപ്പെട്ടു.

അനസ്(റ) നിവേദനം ചെയ്യുന്നു. എന്റെ മാതാവ് തിരുനബിﷺയോട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അങ്ങയുടെ സേവകനായ അനസി(റ)ന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കേണമേ.” അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു: “അല്ലാഹുവേ! അവന്റെ സമ്പത്തും സന്താനങ്ങളും വർദ്ധിപ്പിക്കേണമേ! അവന് നൽകിയതിൽ അനുഗ്രഹം നൽകുകയും ചെയ്യേണമേ!”

അനസ് (റ) പറഞ്ഞു: “അല്ലാഹു സത്യം! തീർച്ചയായും എന്റെ സമ്പത്ത് വളരെ കൂടുതലാണ്. എന്റെ സന്താനങ്ങളും എന്റെ മക്കളുടെ മക്കളും നൂറിനോട് അടുത്തവരായി പരസ്പരം മത്സരിക്കുന്നുണ്ട്.” മറ്റൊരു നിവേദനത്തിൽ: “എന്റെ സ്വന്തം കൈകൾകൊണ്ട് എന്റെ മക്കളിൽ പെട്ട നൂറുപേരെ ഞാൻ ഖബറടക്കിയിട്ടുണ്ട്. അവരിൽ ഗർഭസ്ഥ ശിശുക്കളോ പേരമക്കളോ അല്ല മറിച്ച് സ്വന്തം മക്കൾ തന്നെയാണ്.”

മഹാനവർകൾക്ക് നൂറിൽ പരം മക്കൾ ജനിക്കുകയും അവരിൽ ഉന്നതരായ ഖുർആൻ ഹദീസ് പണ്ഡിതരും ശ്രേഷ്ഠരും ഉണ്ടായി. മഹാനവർകളുടെ ജീവിതകാലത്ത് തന്നെ കുറെ മക്കൾ മരണപ്പെടുകയും ചെയ്തു. ഒരു വിശ്വാസിക്ക് ചെറിയ പ്രായത്തിൽ മരണപ്പെട്ടുപോകുന്ന മക്കൾ പരലോകത്തേക്കുള്ള മുൻ വിരുന്നു കൂടിയാണല്ലോ!

അബ്ദുല്ല അൽ-ബക്രി(റ)യുടെ മകൾ ബഹിയ്യ(റ) നിവേദനം ചെയ്യുന്നു: ഞാൻ എന്റെ പിതാവിനോടൊപ്പം തിരുനബിﷺയുടെ അരികിൽ വന്നു. അപ്പോൾ തിരുനബിﷺ പുരുഷന്മാരുമായി ബൈഅത്ത് അഥവാ കരാർ ചെയ്യുകയും അവരുമായി ഹസ്തദാനം നടത്തുകയും ചെയ്തു. എന്നാൽ സ്ത്രീകളുമായി ബൈഅത്ത് ചെയ്തെങ്കിലും അവരുമായി ഹസ്തദാനം നടത്തിയില്ല. ബഹിയ്യ(റ) പറഞ്ഞു: “അപ്പോൾ എന്റെ നേരെ നോക്കുകയും എന്നെ വിളിച്ച് എന്റെ തലയിൽ തടവുകയും ചെയ്തു. എനിക്കും എന്റെ സന്താനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.” അങ്ങനെ അവർക്ക് അറുപത് മക്കൾ ജനിച്ചു; അതിൽ നാൽപ്പത് പേർ ആൺകുട്ടികളും ഇരുപത് പേർ പെൺകുട്ടികളുമായിരുന്നു.

ഇമാം മുസ്ലിമും(റ) മറ്റും അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഭൂമുഖത്ത് സത്യവിശ്വാസിയോ സത്യവിശ്വാസിനിയോ ആയിക്കൊണ്ട് എന്നെ സ്നേഹിക്കാത്ത ഒരാളും ഇല്ല.” ഞാൻ ചോദിച്ചു: “അതിന് താങ്കൾക്ക് അറിവ് നൽകിയത് എന്താണ്?” അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ മാതാവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു, എന്നാൽ അവർ അത് നിരസിച്ചു. അങ്ങനെ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, അബൂഹുറൈറ(റ)യുടെ മാതാവിനെ അല്ലാഹു ഇസ്‌ലാമിലേക്ക് പ്രവേശിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ.’ അപ്പോൾ തിരുനബിﷺ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. ഞാൻ മടങ്ങിപ്പോന്നു. ഞാൻ വീട്ടിൽ പ്രവേശിച്ചപ്പോൾ അവർ പറഞ്ഞു: ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നും മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.’ അങ്ങനെ ഞാൻ ദുഃഖം കാരണം കരഞ്ഞിരുന്നതുപോലെ സന്തോഷത്താൽ കരഞ്ഞുകൊണ്ട് തിരുനബിﷺയുടെ അരികിലേക്ക് മടങ്ങിപ്പോയി. ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ! അല്ലാഹു അങ്ങയുടെ പ്രാർത്ഥന സ്വീകരിച്ചിരിക്കുന്നു; അബൂഹുറൈറ(റ)യുടെ മാതാവിനെ അവൻ വഴിനയിച്ചിരിക്കുന്നു.’ ഞാൻ തുടർന്നു: ‘അല്ലാഹുവേ, എന്നെയും എന്റെ മാതാവിനെയും നിന്റെ സത്യവിശ്വാസികളായ ദാസന്മാർക്ക് പ്രിയപ്പെട്ടവരാക്കണമേ, അവരെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാക്കണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കേണമേ.’ അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ! നിന്റെ ഈ ദാസനെയും അവന്റെ മാതാവിനെയും നിന്റെ സത്യവിശ്വാസികളായ ദാസന്മാർക്ക് പ്രിയപ്പെട്ടവരാക്കേണമേ, അവരെയും ഇവർക്ക് പ്രിയപ്പെട്ടവരാക്കേണമേ.’ അങ്ങനെ ഭൂമുഖത്ത് സത്യവിശ്വാസിയോ സത്യവിശ്വാസിനിയോ ആയിക്കൊണ്ട് എന്നെ സ്നേഹിക്കാത്തവരായി ആരും തന്നെയില്ല, ഞാനും അവരെ സ്നേഹിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 58