Tweet 1538

    Tweet 1538
    August 30, 2026 • Sunday
    Post Header

    അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹു അന്ത്യനാളിന്റെ മുന്നോടിയായി ഒരു കാറ്റ് അയക്കുന്നത് വരെ ഒരു മുഅ്മിനിന്റെ മേലിലും അന്ത്യനാൾ വരികയില്ല, ആ കാറ്റ് വീശും, അപ്പോൾ ഒരു സത്യവിശ്വാസി പോലും ബാക്കിയാകാതെ എല്ലാവരും മരണപ്പെടും.”

    ബുറൈദത്തുബ്നു അൽ-ഹുസൈബ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “നൂറ് വർഷത്തിനുള്ളിൽ അല്ലാഹു തണുത്തതും സുഗന്ധമുള്ളതുമായ ഒരു കാറ്റ് അയക്കും. അതിൽ ഓരോ സത്യവിശ്വാസിയുടെയും ആത്മാവ് പിടിച്ചെടുക്കപ്പെടും.”

    അബൂ ഹുറൈറ(റ) വഴി തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു: അവിടുന്ന് പറഞ്ഞു: “അല്ലാഹു യമന്റെ ഭാഗത്തുനിന്ന് ചുവന്ന ഒരു കാറ്റ് അയക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല; അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും ആത്മാവിനെ അല്ലാഹു അതുവഴി പിടിച്ചെടുക്കും. അന്ന് മരണപ്പെടുന്നവരുടെ കുറവുകൊണ്ട് ആളുകൾ അത് നിഷേധിക്കുകയുമില്ല അതായത് വലിയ തോതിലുള്ള കൂട്ടമരണം ആളുകൾക്ക് അസാധാരണമായി തോന്നില്ല. ഇന്നാലിന്ന ഗോത്രത്തിലെ ഒരു വൃദ്ധൻ മരിച്ചു, ഇന്നാലിന്ന ഗോത്രത്തിലെ ഒരു വൃദ്ധ മരിച്ചു എന്നൊക്കെയായിരിക്കും പറയുക. അല്ലാഹുവിന്റെ ഗ്രന്ഥം ഖുർആൻ രാത്രികാലത്ത് എടുക്കപ്പെടും, അങ്ങനെ അത് ആകാശത്തേക്ക് ഉയർത്തപ്പെടും; ഭൂമിയുടെ മുഖത്ത് അതിന്റെ ഒരു ആയത്ത് പോലും ബാക്കിയാകില്ല. ഭൂമി അതിന്റെ കരളിലെ കഷ്ണങ്ങളായ സ്വർണ്ണവും വെള്ളിയും പുറത്തുതള്ളും, എന്നാൽ ആ ദിവസത്തിന് ശേഷം അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതാകും. അങ്ങനെ ഒരാൾ അതിലൂടെ നടന്നുപോകും എന്നിട്ട് തന്റെ കാൽ ഉപയോഗിച്ച് അതിൽ അടിക്കിക്കൊണ്ട് പറയും: ഇതിനുവേണ്ടിയാണല്ലോ മുൻകാലങ്ങളിൽ ആളുകൾ കൊലചെയ്യപ്പെട്ടിരുന്നത്! എന്നാൽ ഇന്നത് യാതൊരു പ്രയോജനവുമില്ലാത്തതായി മാറിയിരിക്കുന്നു.”

    അബൂ ഹുറൈറ(റ) പറഞ്ഞു: അറബ് ഗോത്രങ്ങളിൽ ഏറ്റവും ആദ്യം നശിക്കുന്നത് ഖുറൈശ് ഗോത്രമായിരിക്കും. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണെ സത്യം! ഒരു മനുഷ്യൻ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ചെരുപ്പിന്റെ അരികിലൂടെ കടന്നുപോകുകയും, അത് തന്റെ കയ്യിലെടുത്തു കൊണ്ട് ‘ഇത് ജനങ്ങളുടെ ഇടയിലെ ഖുറൈഷികളുടെ ചെരുപ്പുകളിൽ പെട്ട ഒന്നാണ്’ എന്ന് പറയുകയും ചെയ്യുന്ന കാലം സമീപിച്ചിരിക്കുന്നു.

    പറഞ്ഞ കാര്യങ്ങൾ പകൽ സമയത്ത് സംഭവിക്കുകയില്ല; ഭൂമിയിൽ ‘അല്ലാഹു’ എന്ന് പറയുന്ന ഒരാളും അവശേഷിക്കാത്തതുവരെ അന്ത്യനാൾ സംഭവിക്കുകയുമില്ല. വിഗ്രഹങ്ങൾ ആരാധിക്കപ്പെടുന്നത് വരെയും, നന്മ കൽപ്പിക്കപ്പെടുകയോ തിന്മ തടയപ്പെടുകയോ ചെയ്യാത്ത അവസ്ഥ വരുന്നത് വരെയും അത് സംഭവിക്കുകയുമില്ല.

    ഉമർ(റ)വിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു: “ഭൂമിയിലെ ജനങ്ങളിൽ നിന്ന് തന്റെ വിശുദ്ധരെ അല്ലാഹു പിടിച്ചെടുക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അപ്പോൾ അവിടെ നന്മ അറിയിക്കുകയോ തിന്മ തടയുകയോ ചെയ്യാത്ത ചീത്തയായ ആളുകൾ മാത്രം അവശേഷിക്കും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 51
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...