Tweet 1529

    Tweet 1529
    August 21, 2026 • Friday
    Post Header

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായും നീതിപൂർവകമായ ഇമാമായും ഇറങ്ങിവരുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹം കുരിശു തകർക്കുകയും പന്നിയെ കൊല്ലുകയും ജിസ്യ ഒഴിവാക്കുകയും ചെയ്യും. സ്വത്ത് ധാരളമായി പ്രവഹിക്കും, ആരും അത് സ്വീകരിക്കാത്ത അവസ്ഥയുണ്ടാകും.”

    മുസ്‌ലിം(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: “റോമുകാർ അഅ്മാഖ് അല്ലെങ്കിൽ ദാബിഖ് എന്ന സ്ഥലത്ത് ഇറങ്ങുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അന്ന് ഭൂമിയിലെ ഉത്തമരായ മനുഷ്യരുള്ള മദീനയിൽ നിന്ന് ഒരു സൈന്യം അവരുടെ അടുത്തേക്ക് പുറപ്പെടും. അവർ അണിനിരക്കുമ്പോൾ റോമുകാർ പറയും: ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ബന്ധിക്കപ്പെട്ടവരെയും ഞങ്ങളെയും തമ്മിൽ ഒഴിവാക്കി തരുക, ഞങ്ങൾ അവരോട് പൊരുതാം. അപ്പോൾ മുസ്‌ലിംകൾ പറയും: അല്ലാഹുവാണെ സത്യം! ഞങ്ങൾ നിങ്ങൾക്കും ഞങ്ങളുടെ സഹോദരന്മാർക്കുമിടയിൽ വിടുകയില്ല. അങ്ങനെ അവർ അവരോട് യുദ്ധം ചെയ്യും. അപ്പോൾ മൂന്നിലൊന്ന് പേർ പരാജയപ്പെടും, അല്ലാഹു അവരുടെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കുകയില്ല. മൂന്നിലൊന്ന് പേർ കൊല്ലപ്പെടും, അവർ അല്ലാഹുവിങ്കൽ ഉത്തമരായ രക്തസാക്ഷികളാണ്. മൂന്നിലൊന്ന് പേർ വിജയം വരിക്കും, അവർ ഒരിക്കലും കുഴപ്പത്തിൽ പെടുകയില്ല.

    അങ്ങനെ അവർ കോൺസ്റ്റാന്റിനോപ്പിൾ വിജയകരമായി ജയിച്ചടക്കും. അവർ തങ്ങളുടെ വാളുകൾ ഒലീവ് മരങ്ങളിൽ തൂക്കിയിട്ട് ഗനീമത്ത് സ്വത്തുക്കൾ വീതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പിശാച് അവരോട് വിളിച്ചുപറയും: നിശ്ചയം, മസീഹ് ദജ്ജാൽ നിങ്ങളുടെ കുടുംബങ്ങളിൽ നിങ്ങളുടെ പിൻഗാമിയായി എത്തിയിരിക്കുന്നു. ഉടൻ അവർ പുറപ്പെടും- അത് അസത്യമാണ്-. അവർ ശാമ് രാജ്യത്ത് എത്തുമ്പോൾ അവൻ പുറത്തുവരും. അങ്ങനെ അവർ യുദ്ധത്തിനായി തയ്യാറെടുക്കുകയും അണികൾ ശരിയാക്കുകയും ചെയ്യുമ്പോൾ നിസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെടും. അപ്പോൾ മറിയത്തിന്റെ മകൻ ഈസാ(അ) ഇറങ്ങിവരും. അല്ലാഹുവിന്റെ ശത്രു ദജ്ജാൽ അദ്ദേഹത്തെ കണ്ടാൽ ഉപ്പ് വെള്ളത്തിൽ അലിയുന്നത് പോലെ അലിഞ്ഞുപോകും. അദ്ദേഹം അവനെ വെറുതെ വിട്ടാൽ പോലും അവൻ നശിക്കുന്നതുവരെ അലിയുമായിരുന്നു. എന്നാൽ അല്ലാഹു അദ്ദേഹത്തിന്റെ കൈകൊണ്ട് അവനെ കൊല്ലും. അങ്ങനെ തന്റെ കുന്തത്തിൽ അവന്റെ രക്തം അദ്ദേഹം അവർക്ക് കാണിച്ചുകൊടുക്കും.”

    അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം തിരുനബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണെ സത്യം! മറിയമിന്റെ മകൻ നീതിമാനായ വിധികർത്താവായും നീതിമാനായ ഇമാമായും നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നത് വിദൂരമല്ല. അദ്ദേഹം കുരിശ് തകർക്കും, പന്നിയെ കൊല്ലും, ജിസ്യ ഒഴിവാക്കും, സ്വത്ത് ധാരാളമായി പ്രവഹിക്കും, ആരും അത് സ്വീകരിക്കില്ല. ഒടുവിൽ ഒരു സുജൂദ് ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമായിത്തീരും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 19
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...