Tweet 1527

    Tweet 1527
    August 19, 2026 • Wednesday
    Post Header

    ഇമാം അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഇസ്ഫഹാനിലെ ജൂതന്മാരിൽ നിന്ന് ‘ത്വയാലിസ’/ഷാൾ ധരിച്ച എഴുപതിനായിരം പേർ ദജ്ജാലിനെ പിന്തുടരും.”

    ഇബ്നു ഹിബ്ബാൻ(റ) അബൂ സഈദ് അൽ ഖുദ്രി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “മദീനയുടെ അതിരുകളിൽ പ്രവേശിക്കുന്നത് വിലക്കപ്പെട്ട നിലയിൽ ദജ്ജാൽ വരും. അന്ന് മനുഷ്യരിൽ വെച്ച് ഏറ്റവും ഉത്തമനായ അല്ലെങ്കിൽ ഉത്തമന്മാരിൽ പെട്ട ഒരാൾ അവന്റെ അടുത്തേക്ക് പുറപ്പെടും. എന്നിട്ട് അദ്ദേഹം പറയും: “തിരുനബിﷺ ഞങ്ങളോട് സംസാരിച്ച അതേ ദജ്ജാൽ തന്നെയാണ് നീയെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.” അപ്പോൾ ദജ്ജാൽ അവിടെയുള്ളവരോട് ചോദിക്കും: “ഞാൻ ഇവനെ കൊന്ന്, പിന്നീട് ജീവിപ്പിച്ചാൽ ഈ കാര്യത്തിൽ അഥവാ എന്റെ ദൈവത്വത്തിൽ നിങ്ങൾക്ക് വല്ല സംശയവുമുണ്ടാകുമോ?” അവർ പറയും: “ഇല്ല.” അങ്ങനെ അവൻ അദ്ദേഹത്തെ കൊല്ലുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യും. അപ്പോൾ അദ്ദേഹം അഥവാ ആ വിശ്വാസി പറയും: “അല്ലാഹുവിനെത്തന്നെ സത്യം! ഇന്നത്തേക്കാൾ വ്യക്തമായ ബോധ്യം എനിക്ക് മറ്റൊരിക്കലും ഉണ്ടായിട്ടില്ല.” തുടർന്ന് ദജ്ജാൽ അദ്ദേഹത്തെ രണ്ടാം തവണയും കൊല്ലാൻ ആഗ്രഹിക്കും, എന്നാൽ അവന് അതിനുള്ള കഴിവ് നൽകപ്പെടുകയില്ല.”

    ഇമാംബസ്സാർ(റ) അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ ബനൂ തമീം ഗോത്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു: “അവർ വലിയ തലച്ചോറുള്ളവരും/ബുദ്ധിമാന്മാരും, ഉറച്ച പാദങ്ങളുള്ളവരും, അന്ത്യസമയത്ത് സത്യത്തിന്റെ സഹായികളും, ദജ്ജാലിനോട് ഏറ്റവും കഠിനമായി എതിരിടുന്ന ജനവിഭാഗവുമാകുന്നു.”

    ഇമാം അഹ്മദ്(റ) സ്വഹാബികളിൽപെട്ട ഒരാളിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരാൾ പറഞ്ഞു: “ഈ കൂട്ടർ /ബനൂ തമീം അവരുടെ സകാത്ത് നൽകാൻ വൈകിപ്പിച്ചിരിക്കുന്നു.” അതിനുശേഷം ബനൂ തമീം ഗോത്രത്തിന്റെ ചുവപ്പും കറുപ്പുമുള്ള ഒട്ടകങ്ങൾ സകാത്തായി വന്നണഞ്ഞു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇവ എന്റെ ജനതയുടെ മൃഗങ്ങളാണ്.” തിരുനബിﷺയുടെ സാന്നിധ്യത്തിൽ വെച്ച് ഒരാൾ ബനൂ തമീം ഗോത്രത്തെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ തിരുനബിﷺ പറഞ്ഞു: “ബനൂ തമീം ഗോത്രത്തെക്കുറിച്ച് നല്ലതല്ലാതെ പറയരുത്. കാരണം അവർ ദജ്ജാലിനെതിരെ ഏറ്റവും നീളമുള്ള കുന്തങ്ങളേന്തുന്നവരാണ് അഥവാ ഏറ്റവും കഠിനമായി പോരാടുന്നവരാണ്.”

    ദജ്ജാലിനെ സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലൂടെയാണ് നാം ഇതുവരെയും സഞ്ചരിച്ചത്. നിവേദനങ്ങൾ അപ്പടി പകർത്തുക എന്നതു മാത്രമേ ഈ ലേഖനത്തിൽ ചെയ്തിട്ടുള്ളൂ. നിവേദനങ്ങൾ ചേർത്തുവച്ചു നിഗമനങ്ങളോ അഭിപ്രായങ്ങളോ പറഞ്ഞിട്ടില്ല. തിരുനബിﷺയിൽ നിന്ന് ഉദ്ധരിക്കപെട്ട വാചകങ്ങളും ആശയങ്ങളും വായിക്കുമ്പോൾ ദജ്ജാലിനെ കുറിച്ചുള്ള അടിസ്ഥാനപരവും പ്രവചനപരവുമായ കാര്യങ്ങൾ അനുവാചകർക്ക് ബോധ്യപ്പെടാതിരിക്കില്ല. സാധ്യതകളും മറ്റു പ്രമാണങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള വിശുദ്ധ പഠനങ്ങളും ഇത് സംബന്ധമായി സ്വതന്ത്രമായി തന്നെ നമുക്ക് പഠിക്കാവുന്നതാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 41
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...