
അബ്ദുല്ലാഹി ബിൻ മുഅത്തമ്മി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ദജ്ജാലിന്റെ കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ഉണ്ടാകില്ല. അവൻ കിഴക്ക് ഭാഗത്തുനിന്ന് വരും. അവൻ എനിക്ക് വേണ്ടി ക്ഷണിക്കും, ആളുകൾ അവനെ പിന്തുടരും. അവൻ ആളുകൾക്കെതിരെ നിലയുറപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്യും, അവർ അവനോടും യുദ്ധം ചെയ്യും. അവൻ അവരിൽ വിജയം നേടും. കൂഫയിലെത്തുന്നത് വരെ അവൻ ഈ അവസ്ഥയിൽ തുടരും. അവിടെ അവൻ അല്ലാഹുവിന്റെ ദീൻ വെളിപ്പെടുത്തുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. ജനങ്ങൾ അവനെ പിന്തുടരുകയും ഇതിന്റെ പേരിൽ അവനെ സ്നേഹിക്കുകയും ചെയ്യും. അതിനുശേഷം അവൻ പറയും: ‘ഞാൻ ഒരു പ്രവാചകനാണ്.’ ഇതുകേട്ട് ബുദ്ധിയുള്ള എല്ലാവരും ഭയപ്പെടുകയും അവനിൽ നിന്ന് അകലുകയും ചെയ്യും. അതിനുശേഷം അവൻ ‘ഞാനാണ് അല്ലാഹു’ എന്ന് പറയുന്നതുവരെ തുടരും. അപ്പോൾ അവന്റെ കണ്ണ് മൂടപ്പെടും, അവന്റെ ചെവി മുറിക്കപ്പെടും, അവന്റെ രണ്ടു കണ്ണുകൾക്കിടയിൽ അവിശ്വാസി എന്ന് എഴുതപ്പെടും. ഏതൊരു മുസ്ലിമിനും ഇത് വ്യക്തമായിരിക്കും. മനസ്സിൽ കടുക് മണിയോളം ഈമാനുള്ള സകല സൃഷ്ടികളും അവനിൽ നിന്ന് വേർപിരിഞ്ഞുപോകും.”
ഹുദൈഫ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ദജ്ജാൽ പുറപ്പെടുമ്പോൾ അവന്റെ കൂടെ ഒരു അരുവിയും തീയുമുണ്ടാകും. അവന്റെ അരുവിയിൽ പ്രവേശിക്കുന്നവന് പാപഭാരമുണ്ടാകുകയും അവന്റെ പ്രതിഫലം നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ അവന്റെ തീയിൽ പ്രവേശിക്കുന്നവന് പ്രതിഫലം നിർബന്ധമാകുകയും അവന്റെ പാപം പൊറുക്കപ്പെടുകയും ചെയ്യും.” ഞാൻ ചോദിച്ചു: “പിന്നെ എന്താണ് സംഭവിക്കുക?” അവിടുന്ന് പറഞ്ഞു: “പിന്നീട് കുതിരക്കുട്ടി ജനിക്കും, എന്നാൽ അന്ത്യനാൾ സംഭവിക്കുന്നത് വരെ അതിന്മേൽ സവാരി ചെയ്യാൻ കഴിയില്ല.”
അനസ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “ദജ്ജാൽ മദീനയിലെത്തും. എന്നാൽ മാലാഖമാർ അതിന് കാവൽ നിൽക്കുന്നത് അവൻ കാണും. അതിനാൽ ഇൻഷാ അല്ലാഹ്, ദജ്ജാലോ പ്ലേഗ് രോഗമോ അതിൽ പ്രവേശിക്കുകയില്ല.”
അബൂഹുറൈറ(റ)വിൽ നിന്ന് ബുഖാരി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: ദജ്ജാൽ മദീനയിൽ പ്രവേശിക്കുകയില്ല, പ്ലേഗ് രോഗവും അവിടെ പ്രവേശിക്കുകയില്ല.”
ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു; അവർ പറഞ്ഞു: തിരുനബിﷺ പറഞ്ഞു: “ദജ്ജാൽ മക്കയിലും മദീനയിലും പ്രവേശിക്കുകയില്ല.”
ഇബ്നു അബീ ശൈബ(റ)യും ബുഖാരി(റ)യും അബൂബക്റ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “മസീഹുദ്ദജ്ജാലിന്റെ ഭയം മദീനയിൽ പ്രവേശിക്കുകയില്ല. അന്ന് അതിന് ഏഴ് വാതിലുകളുണ്ടായിരിക്കും; ഓരോ വാതിലിലും ഈരണ്ട് മാലാഖമാർ വീതമുണ്ടാകും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
