
അബ്ദുല്ലാഹി ബിൻ അംറി(റ)ൽ നിന്ന് ഹാകിമും(റ) ഇബ്നു അസാകിറും(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. ഇസ്ഫഹാനിലെ യൂദിയ്യത്തിൽ നിന്ന് ഒറ്റക്കണ്ണനായ ദജ്ജാൽ പുറപ്പെടും. അവന്റെ ഒരു കണ്ണ് സൃഷ്ടിക്കപ്പെട്ടിട്ടുപോലുമില്ല, മറ്റേ കണ്ണ് രക്തം കലർന്ന നക്ഷത്രം പോലെയാണ്. അവൻ വെയിലത്ത് വെച്ച് എന്തെങ്കിലും ചുട്ടെടുക്കും, വായുവിൽ പറക്കുന്ന പക്ഷിയെ പിടിച്ചെടുക്കും. അവൻ മൂന്ന് തവണ അട്ടഹസിക്കും, അത് കിഴക്കും പടിഞ്ഞാറുമുള്ളവർ കേൾക്കും. അവന് ഒരു കഴുതയുണ്ടായിരിക്കും, അതിന്റെ ഇരു ചെവികൾക്കുമിടയിലുള്ള അകലം നാൽപ്പത് മുഴം ആയിരിക്കും. അവൻ ഏഴ് ദിവസത്തിനുള്ളിൽ എല്ലാ ജലാശയങ്ങളിലും ദേശങ്ങളിലും എത്തും. അവന്റെ കൂടെ രണ്ട് മലകളുണ്ടാകും: ഒന്നിന്റെ കൂടെ മരങ്ങളും പഴങ്ങളും വെള്ളവുമുണ്ടാകും, മറ്റൊന്നിന്റെ കൂടെ പുകയും തീയുമുണ്ടാകും. അവൻ പറയും: ‘ഇതാണ് സ്വർഗ്ഗം, ഇതാണ് നരകം.'”
ഇമാം ഖതീബ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഇസ്ഫഹാനിലെ യൂദിയ്യത്തിൽ നിന്ന് ദജ്ജാൽ പുറപ്പെടുകയും കൂഫയിൽ എത്തുകയും ചെയ്യും. അപ്പോൾ മദീനയിൽ നിന്നുള്ള ഒരു സംഘവും, തൂറിൽ നിന്നുള്ള ഒരു സംഘവും, യമനിൽ നിന്നുള്ള ഒരു സംഘവും, ഖസ്‌വീനിൽ നിന്നുള്ള ഒരു സംഘവും അവനെ പിന്തുടരും.” ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്താണ് ഖസ്‌വീൻ?” അവിടുന്ന് അരുളി: “അവർ അന്ത്യകാലത്തുണ്ടാകുന്ന ഒരു ജനവിഭാഗമാണ്. ഐഹികജീവിതത്തോടുള്ള വിമുഖത മൂലം അവർ ദുനിയാവിൽ നിന്ന് നിഷ്ക്രമിക്കുന്നവരാണ്. അല്ലാഹു അവരിലൂടെ ഒരു ജനതയെ സത്യനിഷേധത്തിൽ നിന്ന് വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരും.”
ഇബ്‌നു ഹിബ്ബാൻ(റ) ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അസ്ബഹാനിലെ യഹൂദിയ്യയിൽ നിന്നാണ് ദജ്ജാൽ പുറപ്പെടുന്നത്.”
അനസ് ബിൻ മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അസ്ബഹാനിലെ യഹൂദിയ്യയിൽ നിന്നാണ് ദജ്ജാൽ പുറപ്പെടുന്നത്. അവനോടൊപ്പം കിരീടമണിഞ്ഞ എഴുപതിനായിരം ജൂതന്മാരുണ്ടാകും.”
മുസദ്ദദ്(റ), ഉർയാൻ ബിൻ ഹൈസമി(റ)ൽ നിന്ന്, തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ആളുകൾ ദജ്ജാലിനെക്കുറിച്ച് പരാമർശിച്ചപ്പോൾ അബ്ദുല്ലാഹി ബിൻ അംറ്(റ) പറഞ്ഞു: “നിങ്ങളുടെ നാട്ടിൽ ‘കൂഥാ’ എന്ന് വിളിക്കപ്പെടുന്ന, ചതുപ്പുനിലവും ഈന്തപ്പനകളുമുള്ള ഒരു സ്ഥലമില്ലേ?” ആളുകൾ പറഞ്ഞു: “അതെ.” അപ്പോൾ അദ്ദേഹം പറഞ്ഞു: “തീർച്ചയായും അവൻ അവിടെ നിന്നാണ് പുറപ്പെടുന്നത്.”
അബൂബക്കർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “കിഴക്കുഭാഗത്തുള്ള ‘ഖുറാസാൻ’ എന്ന് വിളിക്കപ്പെടുന്ന ഒരു ദേശത്തുനിന്നാണ് ദജ്ജാൽ പുറപ്പെടുന്നത്. അടിച്ച പരന്ന പരിചകൾ പോലെയുള്ള മുഖമുള്ള ഒരു കൂട്ടം ആളുകൾ അവനെ പിന്തുടരും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
