ഇമാം ഹാകിമും(റ) ഇബ്നു അസാകിറും(റ) ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഒരു കണ്ണ് പൊട്ടിയ ദജ്ജാൽ ഇസ്ഫഹാനിലെ ജൂതന്മാരുടെ ഇടയിൽ നിന്ന് പുറപ്പെടും. അവന്റെ ഒരു കണ്ണ് സൃഷ്ടിക്കപ്പെട്ടിട്ടുപോലുമില്ല, മറ്റേ കണ്ണ് ചോര കലർന്ന നക്ഷത്രം പോലെയായിരിക്കും. അവൻ സൂര്യന്റെ ചൂടിൽ ഏതോ വസ്തു ചുട്ടെടുക്കും, പറക്കുന്ന പക്ഷിയെ വായുവിൽ നിന്ന് പിടിച്ചെടുക്കും. മൂന്ന് അട്ടഹാസങ്ങൾ അവൻ മുഴക്കും; അത് കിഴക്കും പടിഞ്ഞാറുമുള്ളവർ കേൾക്കും. അവനൊരു കഴുതയുണ്ടായിരിക്കും, അതിന്റെ രണ്ട് ചെവികൾക്കിടയിലെ വീതി നാൽപത് മുഴമായിരിക്കും. അവൻ ഏഴു ദിവസത്തിനുള്ളിൽ എല്ലാ ജലാശയങ്ങളിലും ചെന്നെത്തും. അവന്റെ കൂടെ രണ്ട് പർവ്വതങ്ങളുണ്ടായിരിക്കും; ഒന്നിൽ മരങ്ങളും ഫലങ്ങളും വെള്ളവുമുണ്ടായിരിക്കും, മറ്റൊന്നിൽ പുകയും തീയുമായിരിക്കും. അവൻ പറയും: ‘ഇത് സ്വർഗ്ഗമാണ്, ഇത് നരകവുമാണ്’.”
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ദജ്ജാൽ ഇസ്ഫഹാനിലെ ജൂതന്മാരുടെ ഇടയിൽ നിന്ന് പുറപ്പെട്ട് കൂഫയിലെത്തും. അപ്പോൾ മദീനയിൽ നിന്നുള്ള ഒരു സംഘവും, തൂർ മലയിൽ നിന്നുള്ള ഒരു സംഘവും, യമനിൽ നിന്നുള്ള ഒരു സംഘവും, ഖസ് വീനിൽ നിന്നുള്ള ഒരു സംഘവും അവനെ പിന്തുടരും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്താണ് ഖസ് വീൻ?” അവിടുന്ന് പറഞ്ഞു: “അവസാനകാലത്തുണ്ടാകുന്ന ഒരു ജനവിഭാഗമാണത്. ദുനിയാവിനോട് വിരക്തി കാണിച്ച് അവർ അതിൽ നിന്ന് പുറപ്പെടും; അവർ കാരണം അല്ലാഹു ഒരു ജനവിഭാഗത്തെ അവിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരും.”
ഇമാം ബുഖാരി(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഉത്തരവാദിത്തങ്ങൾ അതിന് യോഗ്യരല്ലാത്തവരിലേക്ക് ഏൽപ്പിക്കപ്പെട്ടാൽ, നിങ്ങൾ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുക.”
ഇമാം ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), അബ്ദ് ബിൻ ഹുമൈദ്(റ), ബുഖാരി(റ), നസാഈ(റ), ഇബ്നു മാജ(റ) എന്നിവർ നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “എന്നാൽ അന്ത്യനാളിന്റെ ആദ്യ അടയാളം, കിഴക്കുനിന്ന് പുറപ്പെട്ട് ആളുകളെ പടിഞ്ഞാറിലേക്ക് അണിനിരത്തുന്ന ഒരു അഗ്നിയാണ് അത്രേ.”
ഇമാം മുസ്ലിമും(റ) ഹാകിമും(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു യമനിൽ നിന്ന് പട്ടിനേക്കാൾ മൃദുവായ ഒരു കാറ്റ് അയക്കും. മനസ്സിൽ ഒരംശം വിശ്വാസമുള്ള ഒരാളെപ്പോലും അത് പിടിച്ചെടുക്കാതെ ബാക്കിവെക്കുകയില്ല.”
ഇമാം അബൂദാവൂദ്(റ), ത്വയാലിസി(റ), ഇമാം അഹ്മദ്(റ), മുസ്ലിം(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ അബൂത്വുഫൈൽ(റ) വഴി ഹുദൈഫ ബിൻ അസീദ് അൽ ഗിഫാരി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “പത്ത് അടയാളങ്ങൾ കാണുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല: പുക, ദജ്ജാൽ, ഭൂമിയിൽ നിന്ന് പുറത്തുവരുന്ന ജീവി, സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കൽ, മൂന്ന് ഭൂമിക്കുലുക്കങ്ങൾ: ഒന്ന് കിഴക്കിലും, ഒന്ന് പടിഞ്ഞാറിലും, ഒന്ന് അറേബ്യൻ ഉപദ്വീപിലും; ഈസാ ഇബ്നു മർയം(അ)ന്റെ ഇറങ്ങിവരൽ, യഅ്ജൂജ് മഅ്ജൂജ്, ഏദന്റെ അടിത്തട്ടിൽ നിന്ന് പുറപ്പെട്ട് ആളുകളെ മഹ്ശറിലേക്ക് ഓടിക്കുന്ന തീ — അവർ രാപ്പാർക്കുന്നിടത്ത് അത് അവരോടൊപ്പം രാപ്പാർക്കും, അവർ ഉച്ചയുറക്കം കൊള്ളുന്നിടത്ത് അത് അവരോടൊപ്പം ഉച്ചയുറക്കം കൊള്ളും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
