
റോമാക്കാരുമായുള്ള മഹായുദ്ധങ്ങളെക്കുറിച്ചും, അന്ത്യനാളിന് മുൻപ് അവർ ശക്തരാകുന്നതിനെക്കുറിച്ചും, ഇസ്‌ലാമിനെതിരെ അന്യസമുദായങ്ങൾ ഒന്നിച്ചുചേരുന്നതിനെക്കുറിച്ചുമുള്ള പ്രവചനം ഇപ്രകാരമാണ്.
ഇമാം ത്വയാലിസി(റ) സൗബാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഭക്ഷണപ്രിയർ ഉണ്ണുന്ന പാത്രത്തിലേക്ക് കൂട്ടമായി ആഞ്ഞടുക്കുന്നത് പോലെ അന്യസമുദായങ്ങൾ നിങ്ങൾക്കെതിരെ ഒരുമിച്ചുകൂടാൻ സമയമായിരിക്കുന്നു.” അപ്പോൾ ചോദിക്കപ്പെട്ടു: “ഞങ്ങളുടെ എണ്ണക്കുറവ് കൊണ്ടാണോ അത്?” തിരുനബിﷺ പറഞ്ഞു: “അല്ല, എന്നാൽ അന്ന് നിങ്ങൾ മലവെള്ളപ്പാച്ചിലിലെ പൊരുളില്ലാത്ത പത പോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഹൃദയങ്ങളിൽ നിന്ന് നിങ്ങളെക്കുറിച്ചുള്ള ഭയം എടുത്തുമാറ്റപ്പെടുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ ‘വഹൻ’ അഥവാ ദുർബലത നിക്ഷേപിക്കപ്പെടുകയും ചെയ്യും.” ദുനിയാവിനോടുള്ള അമിത സ്നേഹവും മരണത്തോടുള്ള വെറുപ്പുമാണ് അതിന് കാരണം.
അൽ-ശീറാസി(റ) തന്റെ ‘അൽ-അൽഖാബ്’ എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നൂഹ് നബി(അ) ശപിച്ച ഹാമിലെ മക്കളുടെ വരവിൽ നിങ്ങൾ സന്തോഷിക്കരുത്! എന്റെ ആത്മാവ് ഏത് ശക്തിയുടെ കയ്യിലാണോ അവനെത്തന്നെ സത്യം! കുഴപ്പങ്ങളുടെ കൊടികൾക്കിടയിൽ അവർ പിശാചുക്കളെപ്പോലെ ചുറ്റിത്തിരിയുന്നത് ഞാൻ കാണുന്നതുപോലെ തോന്നുന്നു. അവർക്ക് മുരൾച്ചയും അട്ടഹാസവുമുണ്ടാകും. അവരുടെ പ്രവൃത്തികൾ നിമിത്തം ആകാശം വിറകൊള്ളുകയും അവരുടെ ക്രൂരതകളാൽ ഭൂമി നിലവിളിക്കുകയും ചെയ്യും. എന്റെ സംരക്ഷണത്തെയോ എന്റെ ദീനിന്റെ പവിത്രതെയോ അവർ വകവെക്കുകയില്ല. അറിയുക! ആ കാലഘട്ടത്തിന് ആരെങ്കിലും സാക്ഷിയാവുകയാണെങ്കിൽ, അവൻ കരയുന്നുവെങ്കിൽ ഇസ്ലാമിനെയോർത്ത് കരയട്ടെ!”
ഇമാം മുസ്ലിം(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അഅ്മാഖിലോ ദാബിഖിലോ റോമാക്കാർ വന്നിറങ്ങുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അന്ന് ഭൂമിയിലെ ഏറ്റവും ഉത്തമരായ ആളുകൾ അടങ്ങുന്ന ഒരു സൈന്യം മദീനയിൽ നിന്ന് അവർക്ക് നേരെ പുറപ്പെടും. അണിനിരന്നു കഴിഞ്ഞാൽ റോമാക്കാർ പറയും: “ഞങ്ങളിൽ നിന്ന് തടവുകാരായി പിടിക്കപ്പെട്ടവരുമായി യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് വഴിയൊരുക്കി തരൂ.” അപ്പോൾ മുസ്ലിംകൾ പറയും: “ഇല്ല, അല്ലാഹുവിനെത്തന്നെ സത്യം! ഞങ്ങളുടെ സഹോദരങ്ങളിലേക്ക് എത്താൻ ഞങ്ങൾ നിങ്ങൾക്ക് വഴിയൊരുക്കുകയില്ല.”
തുടർന്ന് അവർ തമ്മിൽ യുദ്ധം ചെയ്യും. ആ യുദ്ധത്തിൽ ഒരു മൂന്നിലൊന്ന് ആളുകൾ പലായനം ചെയ്യും. അല്ലാഹു ഒരിക്കലും അവരുടെ തൗബ സ്വീകരിക്കുകയില്ല. മൂന്നിലൊന്ന് ആളുകൾ കൊല്ലപ്പെടും; അവർ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ശ്രേഷ്ഠരായ ശഹീദുകളായിരിക്കും. ബാക്കി മൂന്നിലൊന്ന് ആളുകൾ വിജയം വരിക്കും; അവർക്ക് പിന്നീട് ഒരിക്കലും ഒരു പരീക്ഷണവും നേരിടേണ്ടി വരികയില്ല.
അങ്ങനെ അവർ കോൺസ്റ്റാന്റിനോപ്പിൾ ജയിച്ചടക്കും. അവർ തങ്ങളുടെ വാളുകൾ ഒലിവ് മരങ്ങളിൽ തൂക്കിയിട്ട് യുദ്ധമുതലുകൾ വീതിച്ചെടുക്കുമ്പോൾ പിശാച് അവരോട് ഉറക്കെ വിളിച്ചുപറയും: “മസീഹ് ദജ്ജാൽ നിങ്ങളുടെ കുടുംബങ്ങളിൽ കടന്നുകൂടിയിരിക്കുന്നു!” അങ്ങനെ അവർ പുറപ്പെടും, എന്നാൽ അത് വ്യാജവാർത്തയായിരിക്കും. അവർ സിറിയ പ്രദേശത്ത് എത്തുമ്പോൾ അവൻ പുറത്തുവരും. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയും അണികൾ ശരിയാക്കുകയും ചെയ്യുമ്പോൾ നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടും. തുടർന്ന് ഈസാ ബിൻ മർയം(അ) ഇറങ്ങിവന്ന് അവർക്ക് നേതൃത്വം നൽകും. അല്ലാഹുവിന്റെ ശത്രു (ദജ്ജാൽ) അവിടുത്തെ കണ്ടാൽ വെള്ളത്തിൽ ഉപ്പ് അലിയുന്നതുപോലെ അലിഞ്ഞുപോകും. അവിടുന്ന് അവനെ അങ്ങിനെത്തന്നെ വിടുകയാണെങ്കിൽ അവൻ സ്വയം അലിഞ്ഞു നശിച്ചുപോകുമായിരുന്നു, എന്നാൽ അല്ലാഹു അവനെ വധിക്കുകയും അവന്റെ രക്തം ആയുധത്തിൽ അവർക്ക് കാണിച്ചുകൊടുക്കപ്പെടുകയും ചെയ്യും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
