Tweet 1495

    Tweet 1495
    July 18, 2026 • Saturday
    Post Header

    ഹുസൈൻ ബിൻ അലി(റ) വധിക്കപ്പെടുന്നതിനെ കുറിച്ച് തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്. അൽ-ഖലീൽ(റ) ‘അൽ-ഇർഷാദ്’ എന്ന ഗ്രന്ഥത്തിൽ ആഇശ(റ), ഉമ്മു സലമ(റ) എന്നിവരിൽ നിന്ന് ഒന്നിച്ച് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “തീർച്ചയായും ജിബ്‌രീൽ(അ) എന്നോട് എന്റെ മകൻ ഹുസൈൻ(റ) കൊല്ലപ്പെടുമെന്ന് അറിയിച്ചിരിക്കുന്നു. ആ ഭൂമിയിലെ മണ്ണാണിത്.”

    ഇമാം ത്വബ്റാനി(റ) ഉമ്മു സലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. ജിബ്‌രീൽ(അ) വീട്ടിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: ‘അങ്ങേക്ക് ഇവനെ ഇഷ്ടമാണോ?’ ഞാൻ പറഞ്ഞു: ‘ദുനിയാവിൽ അതെ.’ അദ്ദേഹം പറഞ്ഞു: ‘തീർച്ചയായും അങ്ങയുടെ സമുദായം ഇവനെ ഒരു ഭൂമിയിൽ വെച്ച് കൊലപ്പെടുത്തും, അതിന് കർബല എന്ന് പറയപ്പെടും.’ ശേഷം ജിബ്‌രീൽ(റ) അവിടുത്തെ മണ്ണിൽ നിന്ന് കുറച്ചെടുത്ത് എനിക്ക് കാണിച്ചുതന്നു.”

    ഇബ്നു അസാകിർ(റ) ഉമ്മു സലമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “എന്റെ ഈ മകൻ – അതായത് ഹുസൈൻ(റ) – കൊല്ലപ്പെടുമെന്ന് ജിബ്‌രീൽ(അ) എന്നോട് അറിയിച്ചിരിക്കുന്നു. അവനെ കൊല്ലുന്നവന്റെ മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.”

    ഇബ്നു സഅദ്(റ), ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു:
    തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ജിബ്‌രീൽ(അ) ഹുസൈൻ(റ) വധിക്കപ്പെടുന്ന സ്ഥലത്തെ മണ്ണ് എനിക്ക് കാണിച്ചുതന്നു. അവന്റെ രക്തം ചിന്തുന്നവന്റെ മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു. ഹേ ആഇശ(റ), എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം! ഇത് എന്നെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നു. എന്റെ ശേഷമുള്ള എന്റെ ഉമ്മത്തിൽപ്പെട്ട ആരാണ് ഹുസൈനെ(റ) വധിക്കുക?”

    അൽ-ഉഖൈലി(റ)യും ത്വബ്റാനി(റ)യും സൈനബ് ബിൻത് ജഹ്‌ശ്(റ)വിൽ നിന്ന് നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു:
    തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ജിബ്‌രീൽ(അ) എന്റെ അടുക്കൽ വരികയും, എന്റെ ഈ മകനെ എന്റെ ഉമ്മത്ത് വധിക്കുമെന്ന് എന്നെ അറിയിക്കുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: ‘എങ്കിൽ അവൻ വധിക്കപ്പെടുന്ന സ്ഥലത്തെ മണ്ണ് എനിക്ക് കാണിച്ചുതരൂ.’ അങ്ങനെ അദ്ദേഹം ചുവന്ന നിറത്തിലുള്ള കുറച്ചു മണ്ണ് എനിക്ക് കൊണ്ടുവന്നു തന്നു.”

    അൽ-ഹാകിം(റ), ഉമ്മുൽ ഫദ്‌ൽ ബിൻത് അൽ-ഹാരിസ്(റ)വിൽ നിന്ന് നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ജിബ്‌രീൽ(അ) എന്റെ അടുക്കൽ വരികയും, എന്റെ ഉമ്മത്ത് എന്റെ ഈ മകനെ—അതായത് ഹുസൈനെ(റ)—വധിക്കുമെന്ന് എന്നെ അറിയിക്കുകയും ചെയ്തു. കൂടാതെ അവൻ വധിക്കപ്പെടുന്ന സ്ഥലത്തെ ചുവന്ന മണ്ണിൽ നിന്ന് കുറച്ചു മണ്ണ് എനിക്ക് കൊണ്ടുവന്നു തരികയും ചെയ്തു.”

    ഇബ്നു സഅദ്(റ), ഉമ്മു സലമ(റ)വിൽ നിന്ന് നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “എന്റെ മകൻ ഹുസൈൻ(റ) ഇറാഖിലെ മണ്ണിൽ വെച്ച് വധിക്കപ്പെടുമെന്ന് ജിബ്‌രീൽ(അ) എന്നെ അറിയിച്ചു. അപ്പോൾ ഞാൻ ജിബ്‌രീലി(അ)നോട് പറഞ്ഞു: ‘അവൻ വധിക്കപ്പെടുന്ന ആ ഭൂമിയിലെ മണ്ണ് എനിക്ക് കാണിച്ചുതരൂ.’ അങ്ങനെ അദ്ദേഹം അത് കൊണ്ടുവന്നു തന്നു, ഇതാണ് ആ മണ്ണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...