Tweet 1494

    Tweet 1494
    July 17, 2026 • Friday
    Post Header

    തിരുനബിﷺയുടെ വിയോഗാനന്തരം അവിടുത്തെ കുടുംബത്തിന് നേരിടേണ്ടി വരുന്ന കൊലപാതകങ്ങളെയും പീഡനങ്ങളെയും കുറിച്ചും, അലി(റ) വധിക്കപ്പെടുന്നതിനെ കുറിച്ചും തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്.
    അത്ര പ്രബലമല്ലാത്ത നിവേദന പരമ്പരയിലൂടെ ഇബ്നു അസാകിറും(റ) നുഐം ബിൻ ഹമ്മാദ്(റ) ‘അൽ-ഫിതൻ’ എന്ന ഗ്രന്ഥത്തിലും, ഹാകിം(റ) എന്നിവർ അബൂ സഈദ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും എന്റെ വഫാത്തിന് ശേഷം എന്റെ സമുദായത്തിൽ നിന്ന് എന്റെ കുടുംബത്തിന് കൊലപാതകങ്ങളും ആട്ടിയോടിക്കപ്പെടലുകളും നേരിടേണ്ടി വരും. നമ്മോട് ഏറ്റവും കടുത്ത വിദ്വേഷമുള്ള നമ്മുടെ ജനവിഭാഗം ബനൂ ഉമയ്യരും, ബനുൽ മുഗീറയും, ബനൂ മഖ്സൂമും ആണ്.”

    ബൈഹഖി(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:
    ഞങ്ങൾ തിരുനബിﷺയുടെ അടുത്തിരിക്കുമ്പോൾ ബനൂ ഹാഷിം ഗോത്രത്തിൽപ്പെട്ട ഒരു സംഘം ആളുകൾ മുന്നോട്ട് വന്നു. അവരെ കണ്ടപ്പോൾ തിരുനബിﷺയുടെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു.

    ഇമാം അഹ്മദ്(റ) ‘അൽ-മനാഖിബ്’ എന്ന ഗ്രന്ഥത്തിൽ നിവേദനം ചെയ്യുന്നു; തിരുനബിﷺ അലിയ്യ്(റ)നോട് ചോദിച്ചു: “പിൻതലമുറക്കാരിൽ ഏറ്റവും നിർഭാഗ്യവാൻ ആരാണെന്ന് നിനക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനും അവന്റെ ദൂതനുﷺമാണ് കൂടുതൽ അറിയാവുന്നത്.” തിരുനബിﷺ പറഞ്ഞു: “നിങ്ങളെ കൊലപ്പെടുത്തുന്നവനാണ് അവൻ.”
    ഇബ്നു അബീ ഹാതിം(റ) ഇത് മറ്റൊരു വാചകത്തിൽ നിവേദനം ചെയ്തിട്ടുണ്ട്:
    “ഇവിടെ അടിക്കുന്നവനാണ് അവൻ” എന്ന് പറഞ്ഞുകൊണ്ട് തിരുനബിﷺ അദ്ദേഹത്തിന്റെ നെറ്റിയിലേക്കും തലയിലേക്കും ചൂണ്ടി.

    അൽ-മുഹാമിലി(റ) നിവേദനം ചെയ്ത വാചകം ഇപ്രകാരമാണ്; അലി(റ) പറഞ്ഞു: തിരുനബിﷺ എന്നോട് കരാർ ചെയ്തിട്ടുണ്ട്:
    “ഇതിൽ നിന്നുള്ള രക്തം കൊണ്ട് ഇത് ചായം പൂശപ്പെടും.” എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് തന്റെ താടിയിലേക്കും തലയിലേക്കും ചൂണ്ടി.
    അബുൽ ഹസൻ അള്ളഹ്ഹാക്(റ) നിവേദനം ചെയ്ത വാചകം: “ഇവിടെ അടിക്കുന്നവൻ, അതിൽ നിന്ന് ഇതിലേക്ക് രക്തം ഒഴുക്കും.” പിന്നീട് അബ്ദുർ റഹ്മാൻ ബിൻ മുൽജം അദ്ദേഹത്തെ വെട്ടുകയുണ്ടായി.

    ത്വബ്റാനി(റ)യും അബൂ നുഐമും(റ) ജാബിർ ബിൻ സമുറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “തീർച്ചയായും നീ ഖലീഫയാക്കപ്പെടുന്ന ഒരാളാണ്, നീ കൊല്ലപ്പെടുകയും ചെയ്യും. തീർച്ചയായും ഇതിൽ നിന്ന് ഇത് ചായം പൂശപ്പെടും” അതായത് തലയിലെ രക്തം കൊണ്ട് താടി ചായം പൂശപ്പെടും എന്ന്.

    ഹസൻ ബിൻ അലി(റ) ഒരു നേതാവാണെന്നും, അദ്ദേഹം വഴി മുസ്ലിംകളിലെ രണ്ട് വലിയ വിഭാഗങ്ങൾക്കിടയിൽ അല്ലാഹു അനുരഞ്ജനം ഉണ്ടാക്കുമെന്നും തിരുനബിﷺ പ്രവചിച്ചത് ഇങ്ങനെയാണ്.
    ഇമാം ബുഖാരി(റ) അബൂബക്റ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ ഹസൻ(റ)നെ കുറിച്ച് പറഞ്ഞു: “എന്റെ ഈ മകൻ ഒരു നേതാവാണ്. മുസ്ലിംകളിലെ രണ്ട് വലിയ വിഭാഗങ്ങൾക്കിടയിൽ ഇദ്ദേഹം വഴി അല്ലാഹു അനുരഞ്ജനം ഉണ്ടാക്കിയേക്കാം.”
    ബൈഹഖി(റ) ജാബിർ(റ)വിൽ നിന്നും സമാനമായ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...