Tweet 1484

    Tweet 1484
    July 7, 2026 • Tuesday
    Post Header

    ഇമാം അബൂ യഅ്‌ല(റ)യും ഇബ്നു ഹിബ്ബാനും(റ) അബൂസഈദ്(റ), അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജനങ്ങൾക്ക് മേൽ വിഡ്ഢികളായ ഭരണാധികാരികൾ വരുന്ന ഒരു കാലം വരും. അവർ ജനങ്ങളിലെ ഏറ്റവും മോശക്കാരെ മുന്നിൽ നിർത്തുകയും നല്ലവരെ അകറ്റിനിർത്തുകയും ചെയ്യും. അവർ നിസ്കാരങ്ങൾ അതിന്റെ കൃത്യമായ സമയങ്ങളിൽ നിന്ന് വൈകിപ്പിക്കും. നിങ്ങളിൽ ആരെങ്കിലും ആ കാലഘട്ടത്തിന് സാക്ഷിയായാൽ അവൻ അവരുടെ കീഴിൽ ഒരു തലവനോ, പോലീസുകാരനോ, നികുതി പിരിവുകാരനോ, ഖജനാവ് സൂക്ഷിപ്പുകാരനോ ആകരുത്.”

    അഹ്മദ് ബിൻ മനീഅ്(റ), ഇബ്നു അബീ ശൈബ(റ), അബൂ യഅ്‌ല(റ) എന്നിവർ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ഹിജ്റ എഴുപതാം ആണ്ടിന്റെ തുടക്കത്തിൽ നിന്നും, കുട്ടികളുടെ ഭരണത്തിൽ നിന്നും നിങ്ങൾ അല്ലാഹുവോട് ശരണം തേടുക. ദുർമാർഗ്ഗിയുടെ മകനായ ദുർമാർഗ്ഗി അഥവാ ലുക്കഅ് ബിൻ ലുക്കഅ് ലോകം ഭരിക്കുന്നത് വരെ ഈ ദുനിയാവ് അവസാനിക്കുകയില്ല”

    ഇമാം അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ), അബൂ യഅ്‌ല(റ), ത്വബ്റാനി(റ), ദിയാഅ്(റ) എന്നിവർ അബ്ദുല്ലാഹ് ബിൻ ഖബ്ബാബി(റ)ൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “നിങ്ങൾ കേൾക്കുക, തീർച്ചയായും നിങ്ങൾക്ക് മേൽ ചില ഭരണാധികാരികൾ വരും. അവരുടെ അക്രമങ്ങൾക്ക് നിങ്ങൾ അവരെ സഹായിക്കരുത്, അവരുടെ കളവുകളെ നിങ്ങൾ സത്യപ്പെടുത്തുകയും ചെയ്യരുത്. കാരണം, ആര് അവരുടെ അക്രമത്തിന് അവരെ സഹായിക്കുകയും അവരുടെ കളവുകളെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ, അവൻ ഹൗളുൽ കൗസറിൽ എന്റെ അടുക്കൽ വരികയില്ല.”

    തിർമിദി(റ), ഇബ്നു ഹിബ്ബാൻ(റ), നസാഈ(റ) എന്നിവർ കഅ്ബ് ബിൻ ഉജ്റ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “നിങ്ങൾ കേൾക്കൂ! എനിക്ക് ശേഷം ചില ഭരണാധികാരികൾ ഉണ്ടാകുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ആരെങ്കിലും അവരുടെ അടുക്കൽ പ്രവേശിക്കുകയും അവരുടെ കളവുകളെ സത്യപ്പെടുത്തുകയും അവരുടെ അക്രമത്തിന് അവരെ സഹായിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല, ഞാൻ അവനിൽ പെട്ടവനുമല്ല; അവൻ ഹൗളുൽ കൗസറിൽ എന്റെ അടുക്കൽ വരികയുമില്ല. എന്നാൽ ആര് അവരുടെ അടുക്കൽ പ്രവേശിക്കാതിരിക്കുകയും, അവരുടെ അക്രമത്തിന് അവരെ സഹായിക്കാതിരിക്കുകയും, അവരുടെ കളവുകളെ സത്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നുവോ, അവൻ എന്നിൽ പെട്ടവനാണ്, ഞാൻ അവനിൽ പെട്ടവനുമാണ്; അവൻ ഹൗളുൽ കൗസറിൽ എന്റെ അടുക്കൽ വരുന്നതുമാണ്.”

    ഇമാം മുസ്ലിം(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജഹ്ജാഹ് എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തി ഭരണം ഏറ്റെടുക്കുന്നത് വരെ രാപ്പകലുകൾ നീങ്ങിപ്പോവുകയില്ല അഥവാ ലോകം അവസാനിക്കുകയില്ല.”

    ഇമാം അഹ്മദ്(റ), അബൂ യഅ്‌ല(റ), ദിയാഅ്(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജനങ്ങൾക്ക് പൊതുവായി മഴ ലഭിക്കുകയും, എന്നാൽ ഭൂമി യാതൊന്നും മുളപ്പിക്കാതിരിക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...