Tweet 1478

    Tweet 1478
    July 1, 2026 • Wednesday
    Post Header

    ഇമാം അഹ്‌മദ്(റ) അനസ് ബിൻ മാലിക്(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ അറബിയും അറബിയല്ലാത്തവരും കറുത്തവരുമെല്ലാം ഉണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുത്തേക്ക് വരികയും ഇപ്രകാരം പറയുകയും ചെയ്തു: ‘നിങ്ങൾ നന്മയിലാണ്, നിങ്ങൾ അല്ലാഹുവിന്റെ കിതാബ് ഓതുന്നു, നിങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ദൂതരുമുണ്ട്. എന്നാൽ ഇതിനുശേഷം ഒരു ജനവിഭാഗം വരാനിരിക്കുന്നു; അവർ അമ്പുകൾ ചെത്തിമിനുക്കുന്നത് പോലെ അക്ഷരങ്ങളും ഉച്ചാരണങ്ങളും കൊണ്ട് ഖുർആൻ ചെത്തിമിനുക്കും അഥവാ വളരെ കൃത്യതയോടെ ഓതും. അവർ അതിനുള്ള പ്രതിഫലം ദുനിയാവിൽ വെച്ച് തന്നെ ധൃതിപ്പെട്ട് വാങ്ങും, പരലോകത്തേക്ക് മാറ്റിവെക്കുകയില്ല.'”

    അബ്ബാസ് ബിൻ അബ്ദിൽ മുത്വലിബ്(റ), ഉമർ ബിൻ ഖത്വാബ്(റ), ഉമ്മുൽ ഫദ്‌ൽ(റ) എന്നിവരിൽ നിന്നു
    അബൂയഅ്‌ലാ(റ), ബസ്സാർ(റ), ത്വബ്റാനി(റ) എന്നിവർ നിവേദനം ചെയ്ത ഹദീസിൽ തിരുനബിﷺ പറഞ്ഞു: ‘വ്യാപാരികളെയും കടന്നുപോകുമാറ് ഈ ദീൻ പ്രബലപ്പെടും. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കുതിരകളെയും കൊണ്ട് സമുദ്രങ്ങൾ മുറിച്ചുകടക്കപ്പെടും. അങ്ങനെ സത്യനിഷേധി അതിന്റെ സ്വന്തം തട്ടകത്തിലേക്ക് ഒതുക്കപ്പെടും. പിന്നീട് ജനങ്ങളിൽ ഒരു കാലം വരും; അവർ ഖുർആൻ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യും. എന്നിട്ടവർ പറയും: ഞങ്ങൾ ഖുർആൻ ഓതിക്കഴിഞ്ഞു, ഇനി ഞങ്ങളേക്കാൾ നന്നായി ഓതുന്നവൻ ആരുണ്ട്? ഞങ്ങളേക്കാൾ വലിയ പാണ്ഡിത്യം ഉള്ളവൻ ആരുണ്ട്? ഞങ്ങളേക്കാൾ അറിവുള്ളവൻ ആരുണ്ട്?’ അതിനുശേഷം തിരുനബിﷺ അനുചരന്മാരിലേക്ക് തിരിഞ്ഞ് ചോദിച്ചു: ‘അത്തരക്കാരിൽ വല്ല നന്മയുമുണ്ടോ?’ അവർ പറഞ്ഞു: ‘ഇല്ല’ തിരുനബിﷺ പറഞ്ഞു: ‘അവർ നിങ്ങളിൽ പെട്ടവർ തന്നെയാണ് അഥവാ ഈ ഉമ്മത്തിൽ പെട്ടവർ, അവർ നരകത്തിലെ വിറകുകളാണ്.'”
    ഇതേ അർത്ഥത്തിൽ ഇബ്നു അബീ ശൈബ(റ)യും ജാബിർ(റ)വിൽ നിന്ന് അഹ്‌മദ് ബിൻ മനീഉം(റ) ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്.

    ബുഖാരി(റ)യും മുസ്‌ലിമും(റ) ഉൾപ്പെടെയുള്ള പ്രമുഖ ഹദീസ് പണ്ഡിതന്മാർ അലി(റ), ഇബ്നു മസ്ഊദ്(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: ‘അവസാനകാലത്ത് പ്രായം കുറഞ്ഞവരും വിഡ്ഢികളായ ചിന്താഗതിക്കാരുമായ ഒരു കൂട്ടർ പുറപ്പെടും. അവർ സൃഷ്ടികളിൽ ഉത്തമനായ പ്രവാചകന്റെﷺ വാക്കുകളിൽ നിന്ന് ഹദീസുകൾ ഉദ്ധരിക്കും. അവർ ഖുർആൻ പാരായണം ചെയ്യും, എന്നാൽ അത് അവരുടെ തൊണ്ടക്കുഴിക്ക് താഴേക്ക് ഇറങ്ങുകയില്ല, അവരുടെ ഹൃദയങ്ങളിൽ ഇറങ്ങില്ല. അമ്പ് വില്ലിൽ നിന്ന് തെറിച്ചുപോകുന്നതുപോലെ അവർ ഇസ്‌ലാമിൽ നിന്ന് തെറിച്ചുപോകും. നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ കൈകാര്യം ചെയ്യുക. കാരണം അവരെ നേരിടുന്നവർക്ക് അന്ത്യനാളിൽ അല്ലാഹുവിങ്കൽ വലിയ പ്രതിഫലമുണ്ട്.’

    ഇമാം മുസ്‌ലിം(റ) അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ദീർഘമായ വചനം: തിരുനബിﷺ പറഞ്ഞു: ‘എന്റെ ഉമ്മത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ പുറപ്പെടും; അവർ ഖുർആൻ പാരായണം ചെയ്യും. അവരുടെ പാരായണവുമായി നോക്കുമ്പോൾ നിങ്ങളുടെ പാരായണം ഒന്നുമല്ല, നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരവുമായി നോക്കുമ്പോൾ ഒന്നുമല്ല, നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമായിരിക്കില്ല. അത്രയേറെ ആരാധനകളിൽ മുഴുകിയവരായിരിക്കും അവർ. ഖുർആൻ തങ്ങൾക്ക് അനുകൂലമാണെന്ന് കരുതിക്കൊണ്ടാണ് അവർ അത് ഓതുന്നത്, എന്നാൽ അത് അവർക്ക് എതിരായിരിക്കും. അവരുടെ നിസ്കാരം അവരുടെ തൊണ്ടക്കുഴികൾ കടന്നുപോവുകയില്ല. അമ്പ് ഇരയുടെ ശരീരത്തിൽ നിന്ന് തുളച്ചു പുറത്തുപോകുന്നതുപോലെ അവർ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകും…’ തുടർന്ന് അലി(റ)വിന്റെ കാലത്തുണ്ടായ ഖവാരിജുകളുടെ നേതാവായ ‘ദുശ്ശുവൈസിറ’ എന്ന വ്യക്തിയുടെ ശാരീരിക അടയാളവും തിരുനബിﷺ കൃത്യമായി പ്രവചിക്കുന്നുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...