Tweet 1474

    Tweet 1474
    June 27, 2026 • Saturday
    Post Header

    ഇമാം അഹ്മദ്(റ), തിർമിദി(റ), നസാഈ(റ), ബൈഹഖി(റ), ഹാകിം(റ) എന്നിവർ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു:
    “നിങ്ങൾ ഫറാഇദ് പഠിക്കുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം ഞാൻ തിരിച്ചുവിളിക്കപ്പെടാൻ പോകുന്ന ഒരു മനുഷ്യനാണ്. തീർച്ചയായും അറിവ് ഉയർത്തപ്പെടുകയും കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. എത്രത്തോളമെന്നാൽ, അനന്തരാവകാശ ഓഹരിയെക്കുറിച്ച് രണ്ട് ആളുകൾ തമ്മിൽ ഭിന്നിക്കുകയും, അവർക്കിടയിൽ അത് തീർപ്പാക്കി കൊടുക്കാൻ ഒരാളെപ്പോലും കണ്ടെത്താൻ കഴിയാതെ വരികയും ചെയ്യും.”

    ഇമാം ദൈലമി(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു:
    “അറിവ് ഉയർത്തപ്പെടുന്നതിന് മുൻപായി നിങ്ങൾ അത് പഠിക്കുക. കാരണം, നിങ്ങളിലൊരാൾക്ക് തന്റെ പക്കലുള്ള അറിവിലേക്ക് എപ്പോഴാണ് ആവശ്യം വരികയെന്ന് അല്ലെങ്കിൽ അത് നഷ്ടപ്പെട്ട് എപ്പോഴാണ് ദരിദ്രനാവുകയെന്ന് അറിയാൻ കഴിയില്ല.”

    ഇമാം ഇബ്നു മസ്ഊദ്(റ) ഇതിൽ ഇപ്രകാരം കൂടി കൂട്ടിച്ചേർത്ത് നിവേദനം ചെയ്തിരിക്കുന്നു:
    “കാര്യങ്ങളിൽ അനാവശ്യമായി ആഴത്തിൽ കുതർക്കങ്ങൾ ഉണ്ടാക്കുന്നതും മതത്തിലെ പുതുനിർമ്മിതികളിലും നിങ്ങൾ ജാഗ്രത പാലിക്കുക. നിങ്ങൾ പഴയ പാതയെ മുറുകെ പിടിക്കുക.”

    ഇമാം ബുഖാരി(റ)യും ഇബ്നു മാജ(റ)യും അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “അറിവ് ഉയർത്തപ്പെടുകയും, ഭൂകമ്പങ്ങൾ വർദ്ധിക്കുകയും, സമയം ചുരുങ്ങുകയും കാലം വേഗത്തിൽ കടന്നുപോവുകയും, ഫിത്‌നകൾ പ്രത്യക്ഷപ്പെടുകയും, ‘ഹർജ്’ വർദ്ധിക്കുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.” അവർ ചോദിച്ചു, എന്താണ് ഹർജ്? തിരുനബിﷺ പറഞ്ഞു: “കൊലപാതകം, കൊലപാതകം. ഒടുവിൽ നിങ്ങളുടെ ഇടയിൽ സമ്പത്ത് വർദ്ധിച്ച് അത് കവിഞ്ഞൊഴുകുന്നതുവരെ.”

    ഇമാം അഹ്മദ്(റ), ദാരിമി(റ), ത്വബ്റാനി(റ) എന്നിവർ അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു: “ഓ ജനങ്ങളേ, അറിവ് പിടിച്ചെടുക്കപ്പെടുന്നതിനും ഉയർത്തപ്പെടുന്നതിനും മുൻപായി നിങ്ങൾ അറിവ് സമ്പാദിക്കുക.”
    അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേﷺ, ഈ ഖുർആൻ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കെ എങ്ങനെയാണ് അറിവ് ഉയർത്തപ്പെടുക?” തിരുനബിﷺ പറഞ്ഞു: “നിന്റെ മാതാവിന് നിന്നെ നഷ്ടപ്പെടട്ടെ! //അറബികളുടെ ഒരു പ്രയോഗം/. ഇതാ യഹൂദരും ക്രിസ്ത്യാനികളും, അവരുടെ പക്കൽ വേദഗ്രന്ഥങ്ങൾ ഇല്ലേ? എന്നിട്ടും തങ്ങളുടെ പ്രവാചകന്മാർ കൊണ്ടുവന്നതിൽ നിന്ന് ഒരു അക്ഷരം പോലും മുറുകെപ്പിടിക്കാൻ അവർക്ക് സാധിക്കുന്നില്ലല്ലോ. അറിയുക! അറിവ് ഇല്ലാതാവുക എന്നാൽ അത് വഹിക്കുന്ന പണ്ഡിതന്മാർ ഇല്ലാതാവുക എന്നതാണ്.”

    ത്വബ്റാനി(റ), ഖതീബ്(റ) എന്നിവർ അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു:
    “ഓ ജനങ്ങളേ, അറിവ് പിടിച്ചെടുക്കപ്പെടുന്നതിനും ഉയർത്തപ്പെടുന്നതിനും മുൻപായി നിങ്ങൾ അത് മുറുകെപ്പിടിക്കുക. അറിവുള്ളവനും അത് പഠിക്കുന്നവനും പ്രതിഫലത്തിൽ പങ്കാളികളാണ്. അവരല്ലാത്ത ബാക്കി ജനങ്ങളിൽ യാതൊരു നന്മയുമില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...