Tweet 1469

    Tweet 1469
    June 22, 2026 • Monday
    Post Header

    തിരുനബിﷺ ഭാവികാര്യങ്ങളെ കുറിച്ച് പ്രവചിച്ച, അത്ഭുതങ്ങളെ പരാമർശിച്ച ചില അധ്യായങ്ങൾ കൂടി വായിക്കാം.

    അബൂദാവൂദും(റ), അൽ-ഹാകിം(റ) ‘മുസ്തദ്റകി’ലും, അൽ-ബൈഹഖി(റ) ‘മഅ്‌രിഫ’യിലും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “തീർച്ചയായും അല്ലാഹു ഈ സമൂഹത്തിന് ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തിൽ അവരുടെ മതം അവർക്ക് നവീകരിച്ചു നൽകുന്ന ഒരാളെ നിയോഗിക്കുക തന്നെ ചെയ്യും”.

    ഇമാം അഹ്മദും(റ), ബുഖാരി(റ)യും, നസാഇ(റ)യും, ഇബ്നു ഹിബ്ബാനും(റ) അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾക്ക് വന്നെത്തുന്ന ഏതൊരു വർഷവും ദിവസവും അതിന്റെ ശേഷമുള്ളതിനേക്കാൾ മികച്ചതായിരിക്കില്ല. അതായത് ശേഷമുള്ളത് കൂടുതൽ മോശമായിരിക്കും.

    ഇമാം അഹ്മദി(റ)ന്റെ മകൻ അബ്ദുല്ല(റ)യും ഇബ്നു ഖാനിഉം(റ) സ്വാഇബ് ബിൻ ജസ്സാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു: “ജനങ്ങൾ ദജ്ജാലിനെക്കുറിച്ച് ഓർക്കുന്നത് വിട്ടുകളയുകയും, ഇമാമുമാർ മിമ്പറുകളിൽ വെച്ച് അവനെക്കുറിച്ച് പരാമർശിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ ദജ്ജാൽ പുറപ്പെടുകയില്ല.”

    ഇമാം അഹ്മദ്(റ) ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അന്ത്യനാളിന് മുൻപായി വലിയ വ്യാജന്മാർ വരാനുണ്ട്. അവരിൽ പെട്ടവനാണ് യമാമക്കാരൻ മുസൈലിമ. സ്വൻആക്കാരനായ അൽ-അൻസി, ഹിംയർക്കാരൻ എന്നിവർ. അവരിൽ ഏറ്റവും വലിയ കുഴപ്പം ദജ്ജാലാണ്”.
    സഖീഫ് ഗോത്രത്തിൽ നിന്ന് രണ്ട് വലിയ വ്യാജന്മാർ പുറപ്പെടും, അവരിൽ രണ്ടാമൻ ആദ്യത്തവനേക്കാൾ മോശക്കാരനായിരിക്കും, അവൻ ‘മുബീർ’ രക്തദാഹിയായ അക്രമിയാണ് എന്ന് തിരുനബിﷺ പറഞ്ഞതായി അൽ-ഹാകിം(റ) അസ്മാ ബിൻത് അബീബക്കറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു.

    മദീനയിൽ നിന്ന് ഒരു നാശകാരിയും വ്യാജനും പുറപ്പെടും എന്ന് തിരുനബിﷺ പറഞ്ഞതായി ത്വബറാനി(റ) ‘അൽ-കബീറി’ൽ ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു.
    ഇമാം അഹ്മദും(റ) ത്വബറാനി(റ)യും അസ്മാ ബിൻത് യസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അല്ലാഹുവാണെ സത്യം! മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അവരിൽ അവസാനത്തെയാൾ ഒറ്റക്കണ്ണനായ ദജ്ജാൽ ആണ്.”

    ത്വബറാനി(റ) ‘അൽ-കബീറി’ൽ ജാബിർ ബിൻ സമുറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ അരുളി: “ഖുറൈശികളിൽ നിന്നുള്ള പന്ത്രണ്ട് ഖലീഫമാർ നിങ്ങളെ ഭരിക്കുന്നത് വരെ ഈ മതം നിലനിൽക്കും. പിന്നീട് അന്ത്യനാളിന് മുൻപായി വലിയ വ്യാജന്മാർ പുറപ്പെടും.”

    ഇബ്നു അബീ ശൈബ(റ) ഉബൈദ് ബിൻ ഉമൈർ അൽ-ലൈസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അന്ത്യദിനത്തിന് മുൻപായി, തങ്ങളെല്ലാവരും പ്രവാചകന്മാരാണെന്ന് വാദിക്കുന്ന മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    അബൂഹുറൈറ(റ)യിൽ നിന്നും സമാനമായ നിവേദനം വായിക്കാൻ കഴിയും. തിരുനബിﷺ പ്രസ്താവിച്ചു: “അല്ലാഹുവിന്റെയും അവന്റെ റസൂലിﷺന്റെയും പേരിൽ കള്ളം പറയുന്ന മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...