Tweet 1462

    Tweet 1462
    June 15, 2026 • Monday
    Post Header

    മൈമൂന(റ) മക്കയിൽ വെച്ചല്ല മരണപ്പെടുക എന്ന് തിരുനബിﷺ മുൻകൂട്ടി അറിയിച്ചിരുന്നു.
    ഇബ്‌നു അബീ ശൈബ(റ)യും ബൈഹഖി(റ)യും യസീദ് ബിൻ അൽ-അസ്വം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: മൈമൂന(റ) മക്കയിൽ വെച്ച് കഠിനമായി രോഗബാധിതയായി. അപ്പോൾ അവർ പറഞ്ഞു: “എന്നെ മക്കയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകൂ. ഞാൻ ഇവിടെ വെച്ചല്ല മരണപ്പെടുക. തിരുനബിﷺ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ മക്കയിൽ വെച്ച് മരണപ്പെടുകയില്ല എന്ന്.” അങ്ങനെ അവർ അവരെ ചുമന്നുകൊണ്ട് ‘സരിഫ്’ എന്ന സ്ഥലത്ത്, തിരുനബിﷺ അവരുമായി വിവാഹജീവിതം ആരംഭിച്ച ആ മരത്തിന്റെ ചുവട്ടിൽ എത്തിച്ചു. അവിടെ വെച്ച് മഹതി മരണപ്പെട്ടു.

    അബൂ റൈഹാന(റ)വിന് അദൃശ്യമായ കാര്യത്തെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി ചില വിവരങ്ങൾ നൽകിയിരുന്നു. സ്വഹാബികളിൽ ഈജിപ്തിൽ പ്രവേശിച്ചവരെക്കുറിച്ച് മുഹമ്മദ് ബിൻ അൽ-റബീഅ് അൽ-ജീസി എഴുതിയ ഗ്രന്ഥത്തിൽ അബൂ റൈഹാന(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ചോദിച്ചു: “അബൂ റൈഹാന(റ), ഒരു മൃഗത്തെ അനങ്ങാൻ പറ്റാത്ത വിധം കെട്ടിയിട്ട് കല്ലെറിഞ്ഞോ മറ്റോ ക്രൂരമായി കൊല്ലുന്ന ഒരു ജനതയുടെ അരികിലൂടെ നീ കടന്നുപോകുന്ന ദിവസം നിന്റെ അവസ്ഥ എന്തായിരിക്കും? അപ്പോൾ നീ പറയും: ‘തിരുനബിﷺ ഇത് വിലക്കിയിട്ടുണ്ട്.’ അപ്പോൾ അവർ നിന്നോട് പറയും: ‘ഇതു സംബന്ധിയായി അവതരിച്ച ഖുർആൻ വചനം ഞങ്ങൾക്ക് ഓതിക്കേൾപ്പിച്ചു തരൂ’ എന്ന്.”

    പിന്നീട് അദ്ദേഹം ഒരു കോഴിയെ കെട്ടിയിട്ട് ക്രൂരമായി കൊല്ലുന്ന ഒരു ജനതയുടെ അരികിലൂടെ കടന്നുപോവുകയുണ്ടായി. അദ്ദേഹം അവരെ അത് വിലക്കിയപ്പോൾ അവർ പറഞ്ഞു: “ഇതിനെക്കുറിച്ച് ഇറക്കപ്പെട്ട ആയത്ത് ഞങ്ങൾക്ക് ഓതിക്കേൾപ്പിച്ചു തരൂ.” അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവും തിരുനബിﷺയും എത്ര സത്യമാണ് പറഞ്ഞത്.”

    മൃതദേഹം സംസാരിക്കുന്നതിനെ കുറിച്ച് അവിടുന്ന് നൽകിയ ഒരു മുന്നറിയിപ്പ് ഇങ്ങനെയാണ്. ഇമാം ത്വബറാനി(റ) ‘അൽ-ഔസത്’ എന്ന ഗ്രന്ഥത്തിൽ വിശ്വസ്തമായ നിവേദക പരമ്പരയോടെ ഹുദൈഫ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടു: “എന്റെ സമുദായത്തിൽ മരണശേഷം സംസാരിക്കുന്ന ഒരു വ്യക്തി ഉണ്ടാകും.”

    ബൈഹഖി(റ)യും അബൂ നുഐമും(റ) വിവിധ പരമ്പരകളിലൂടെ രിബ്‌ഇയ്യ് ബിൻ ഹിറാശി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “എന്റെ സഹോദരൻ രിബ്ഇയ്യ്(റ) മരണപ്പെട്ടു. അദ്ദേഹം ഞങ്ങളിൽ വെച്ച് കഠിനമായ ചൂടുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ നോമ്പെടുക്കുന്നവനും തണുപ്പുള്ള രാത്രികളിൽ ഏറ്റവും കൂടുതൽ നിന്നു നിസ്കരിക്കുന്നവനുമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഭൗതികശരീരം വസ്ത്രം കൊണ്ട് മൂടിയപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: ‘എന്റെ സഹോദരാ, മരണശേഷവും ജീവിതമുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല, എങ്കിലും ഞാൻ എന്റെ രക്ഷിതാവിനെ കണ്ടുമുട്ടി. അവൻ എന്നെ സ്വീകരിച്ചത് ആശ്വാസത്തോടും സുഗന്ധത്തോടും, ഒട്ടും കോപമില്ലാത്ത വിധവുമാണ്.’ ഞാൻ ചോദിച്ചു: ‘അവിടുത്തെ കാര്യങ്ങൾ താങ്കൾക്ക് എങ്ങനെയുള്ളതായി കാണപ്പെട്ടു?’ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെ എളുപ്പമുള്ളതായിരുന്നു അത്.’ ഈ സംഭവം ആയിശ(റ)യോട് പറയപ്പെട്ടപ്പോൾ അവർ പറഞ്ഞു: ‘രിബ്‌ഇയ്യ്(റ) പറഞ്ഞത് സത്യമാണ്. തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “എന്റെ സമുദായത്തിൽപ്പെട്ട ഒരാൾ മരണശേഷം സംസാരിക്കും.”

    “എന്റെ സമുദായത്തിൽപ്പെട്ട, താബിഉകളിൽ ഉത്തമനായ ഒരു വ്യക്തി മരണശേഷം സംസാരിക്കും.” എന്നാണ് മറ്റൊരു നിവേദനത്തിൽ ഉള്ളത്.
    ഇമാം സുയൂത്വി(റ) തന്റെ ‘അൽ-ഖസ്വാഇസ്വ് അൽ-കുബ്‌റാ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ഈ ഹദീസിന് നിരവധി നിവേദന പരമ്പരകളുണ്ട്. മരണശേഷം സംസാരിച്ചവരുടെ ചരിത്രങ്ങളും വാർത്തകളും എന്റെ ‘കിതാബുൽ ബർസഖ്’ എന്ന ഗ്രന്ഥത്തിൽ ഞാൻ പൂർണ്ണമായി പ്രതിപാദിച്ചിട്ടുണ്ട്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...