Tweet 1461

Tweet 1461
June 14, 2026 • Sunday

അംറ് ബിൻ അൽ-ഹമിഖ്(റ)മായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുനബിﷺ മുൻകൂട്ടി അറിയിച്ചതും അത് അതുപോലെ സംഭവിച്ചതും നമുക്കിങ്ങനെ വായിക്കാം.

ഇമാം ത്വബറാനി((റ), അംറ് ബിൻ അൽ-ഹമിഖ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഒരു യുദ്ധസംഘത്തെ നിയോഗിച്ചു. അപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് ഞങ്ങളെ അയക്കുകയാണല്ലോ! ഞങ്ങളുടെ പക്കൽ ഭക്ഷണമോ പാനീയമോ ഇല്ല, വഴി പരിചയവുമില്ല.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “സുന്ദരമായ മുഖമുള്ള, നിങ്ങൾക്ക് ആഹാരവും പാനീയവും നൽകുകയും വഴി കാണിച്ചുതരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ അരികിലൂടെ നിങ്ങൾ കടന്നുപോകും. അവൻ സ്വർഗ്ഗാവകാശികളിൽ പെട്ടവനാണ്.”

യാത്രയ്ക്കിടയിൽ ആ സംഘം പരസ്പരം ആംഗ്യം കാണിക്കാനും എന്നെത്തന്നെ നോക്കാനും തുടങ്ങി. ഞാൻ ചോദിച്ചു: “നിങ്ങൾ എന്താണ് പരസ്പരം ആംഗ്യം കാണിക്കുകയും എന്നെ പ്രത്യേകം നോക്കുകയും ചെയ്യുന്നത്?” അവർ പറഞ്ഞു: “അല്ലാഹുവിന്റെയും ദൂതരുﷺടെയും സുവിശേഷത്തിൽ താങ്കൾ സന്തോഷിച്ചുകൊള്ളുക. തിരുനബിﷺ വിശേഷിപ്പിച്ച ഗുണങ്ങൾ ഞങ്ങൾ താങ്കളിൽ കാണുന്നു.” അവിടുന്ന് അവരോട് പറഞ്ഞ കാര്യങ്ങൾ അവർ എന്നെ അറിയിച്ചു. അങ്ങനെ ഞാൻ അവർക്ക് ഭക്ഷണവും പാനീയവും നൽകി, അവർക്ക് വഴി കാണിച്ചുകൊടുക്കുന്നത് വരെ അവരോടൊപ്പം പുറപ്പെടുകയും ചെയ്തു.

പിന്നീട് ഞാൻ എന്റെ കുടുംബത്തിലേക്ക് മടങ്ങുകയും എന്റെ ഒട്ടകങ്ങളെക്കുറിച്ച് അവർക്ക് വസ്വിയ്യത്ത് ചെയ്യുകയും ചെയ്ത ശേഷം തിരുനബിﷺയുടെ അരികിലേക്ക് പുറപ്പെട്ടു. ഞാൻ ചോദിച്ചു: “അങ്ങ് എന്തിലേക്കാണ് ക്ഷണിക്കുന്നത്?” അവിടുന്ന് പറഞ്ഞു:
“അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, കഅ്ബത്തിങ്കൽ ഹജ്ജ് ചെയ്യുക, റമളാനിൽ നോമ്പനുഷ്ഠിക്കുക എന്നിവയിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്.” ഞാൻ ചോദിച്ചു: “ഞങ്ങൾ ഇത് സ്വീകരിച്ചാൽ ഞങ്ങളുടെ കുടുംബത്തിനും രക്തത്തിനും സ്വത്തിനും സുരക്ഷിതത്വമുണ്ടോ?” അവിടുന്ന് പറഞ്ഞു: “അതേ.” അങ്ങനെ ഞാൻ ഇസ്‌ലാം സ്വീകരിച്ചു. ശേഷം എന്റെ കുടുംബത്തിലേക്ക് മടങ്ങി, അവരെ വിവരം അറിയിച്ചു. എന്റെ കൈകളാൽ അവരിൽ പെട്ട വലിയൊരു ജനവിഭാഗം ഇസ്‌ലാമിലേക്ക് വന്നു. പിന്നീട് ഞാൻ തിരുനബിﷺയുടെ അരികിലേക്ക് ഹിജ്‌റ പോയി.

ഞാൻ ഒരു ദിവസം അവിടുത്തെ സമീപത്ത് ഇരിക്കുമ്പോൾ അവിടുന്ന് ചോദിച്ചു: “അംറ്, സ്വർഗ്ഗത്തിന്റെ ഒരു അടയാളം നിനക്ക് ഞാൻ കാണിച്ചുതരട്ടെയോ? നിങ്ങള് ഭക്ഷണം കഴിക്കുകയും പാനീയം കുടിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നതല്ലേ?” ഞാൻ പറഞ്ഞു: “അതേ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പണമാകട്ടെ.” അപ്പോൾ അവിടുന്ന് അലിയ്യ് ബിൻ അബീത്വാലിബ്(റ)വിന് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: “ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ജനതയുമാണത്.”

പിന്നീട് അവിടുന്ന് എന്നോട് ചോദിച്ചു: “അംറ്, നരകത്തിന്റെ ഒരു അടയാളം നിനക്ക് ഞാൻ കാണിച്ചുതരട്ടെയോ? നിങ്ങൾ ഭക്ഷണം കഴിക്കുകയും പാനീയം കുടിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യും.” ഞാൻ പറഞ്ഞു: “അതേ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് ഫിദയാകട്ടെ.” അപ്പോൾ അവിടുന്ന് ഒരു മനുഷ്യനിലേക്ക് ചൂണ്ടിക്കാണിച്ചു.
പിന്നീട് മുസ്‌ലിംകൾക്കിടയിൽ ആഭ്യന്തര കുഴപ്പം ഉണ്ടായപ്പോൾ, തിരുനബിﷺയുടെ ആ വാക്ക് ഞാൻ ഓർക്കുകയും നരകത്തിന്റെ അടയാളത്തിൽ നിന്ന് സ്വർഗ്ഗത്തിന്റെ അടയാളത്തിലേക്ക് ഞാൻ ഓടിപ്പോവുകയും ചെയ്തു. ഇതിനുശേഷം ബനൂ ഉമയ്യക്കാർ എന്നെ കൊലപ്പെടുത്തുമെന്ന് അംറ്(റ) കരുതി. ഞാൻ ചോദിച്ചു: “അല്ലാഹുവിനും അവന്റെ റസൂലിﷺനുമല്ലേ കൂടുതൽ അറിയുക?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനെ തന്നെയാണെ സത്യം! ഞാൻ ഒരു പാറയുടെ ഉള്ളിലെ പാറയ്ക്കകത്താണെങ്കിൽ പോലും ബനൂ ഉമയ്യക്കാർ എന്നെ പുറത്തെടുത്ത് കൊലപ്പെടുത്തുക തന്നെ ചെയ്യും. എന്റെ പ്രിയപ്പെട്ട തിരുനബിﷺ എന്നോട് പറഞ്ഞിട്ടുള്ളതാണ്: ഇസ്‌ലാമിൽ ആദ്യമായി മുറിച്ചെടുക്കപ്പെടുകയും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകപ്പെടുകയും ചെയ്യുന്ന തല എന്റെ തലയായിരിക്കും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 3