Tweet 1449

    Tweet 1449
    June 2, 2026 • Tuesday
    Post Header

    അബൂദർറ്(റ)വിന്റെ അവസ്ഥയെക്കുറിച്ചു തിരുനബിﷺ ഇപ്രകാരം പ്രവചിച്ചു.

    അഹ്മദ് ബിൻ മനീഅ്(റ), ഇബ്നു ഹിബ്ബാൻ(റ), അൽ-കുബ്റയിൽ നസാഈ(റ), ഇബ്നു മാജ(റ) എന്നിവർ അബൂദർറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ചോദിച്ചു: “ഓ, അബൂദർറ്(റ)! മദീനയിൽ നിന്ന് താങ്കൾ പുറത്താക്കപ്പെട്ടാൽ താങ്കൾ എന്ത് ചെയ്യും?” അദ്ദേഹം പറഞ്ഞു: “ഞാൻ വിശാലതയും സമാധാനവും തേടി മക്കയിലേക്ക് പോകും. അവിടെ മക്കയിലെ പ്രാവുകളിൽ ഒരു പ്രാവായി ഞാൻ കഴിച്ചുകൂട്ടും.”

    തിരുനബിﷺ ചോദിച്ചു: “മക്കയിൽ നിന്നും താങ്കൾ പുറത്താക്കപ്പെട്ടാൽ എന്ത് ചെയ്യും?” അദ്ദേഹം പറഞ്ഞു: “ഞാൻ വിശാലതയും സമാധാനവും തേടി സിറിയയിലേക്കും പരിശുദ്ധ ഫലസ്തീനിലേക്കും പോകും.”
    തിരുനബിﷺ ചോദിച്ചു: “ശാമിൽ നിന്നും താങ്കൾ പുറത്താക്കപ്പെട്ടാൽ എന്ത് ചെയ്യും?” അദ്ദേഹം പറഞ്ഞു: “സത്യവുമായി അങ്ങയെ നിയോഗിച്ചവൻ അഥവാ അല്ലാഹു തന്നെയാണെ സത്യം! ഞാൻ എന്റെ വാൾ തോളിൽ വെക്കുകയും മരണം വരെ പോരാടുകയും ചെയ്യും.” അപ്പോൾ തിരുനബിﷺ ചോദിച്ചു: “അതിനേക്കാൾ ഉത്തമമായ ഒന്ന് ഞാൻ പറഞ്ഞുതരട്ടെയോ? ഭരണാധികാരി ഒരു എത്യോപ്യൻ അടിമയാണെങ്കിൽ പോലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.”

    ഇമാം അഹ്മദ്(റ) അബൂദർറ്(റ)വിൽ നിന്ന് തന്നെ നിവേദനം ചെയ്യുന്നു: ഞാൻ പള്ളിയിൽ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ തിരുനബിﷺ പുറത്തുവന്നു. തങ്ങളുടെ കാൽ കൊണ്ട് എന്നെ തട്ടി വിളിച്ചുകൊണ്ട് ചോദിച്ചു: “നീ ഇതിൽ ഉറങ്ങുകയാണോ?”
    ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേﷺ, എന്റെ കണ്ണ് എന്നെ കീഴടക്കിയതാണ് അഥവാ ഉറങ്ങിപ്പോയതാണ്.” തിരുനബിﷺ ചോദിച്ചു: മദീനയിലെ പള്ളിയിൽ നിന്ന് താങ്കൾ പുറത്താക്കപ്പെട്ടാൽ എന്ത് ചെയ്യും?” അദ്ദേഹം പറഞ്ഞു: “ഞാൻ ശാമിലേക്കും പരിശുദ്ധ ഭൂമിയിലേക്കും പോകും.” തിരുനബിﷺ ചോദിച്ചു: “അവിടെ നിന്നും പുറത്താക്കപ്പെട്ടാൽ എന്ത് ചെയ്യും?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേﷺ, ഞാൻ മറ്റെന്താണ് ചെയ്യുക? എന്റെ വാൾ കൊണ്ട് ഞാൻ വെട്ടും.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അതിനേക്കാൾ നിനക്ക് ഉത്തമമായതും സന്മാർഗ്ഗത്തോട് ഏറ്റവും അടുത്തതുമായ ഒരു കാര്യം ഞാൻ നിനക്ക് കാണിച്ചുതരട്ടെയോ? അവർ ഭരണാധികാരികൾ പറയുന്നത് നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക, അവർ നിന്നെ നയിക്കുന്നിടത്തേക്ക് നീ വഴങ്ങിപ്പോവുക.” പിന്നീട് അബൂദർറ്(റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഉസ്മാൻ(റ)വിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവനായി തന്നെ ഞാൻ അല്ലാഹുവിനെ കണ്ടുമുട്ടും.”

    ഇമാം അഹ്മദും(റ) ഇസ്ഹാഖും(റ) അൽ-ഖുറളീ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂദർറ്(റ) ‘റബദ’ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെവെച്ച് അദ്ദേഹത്തിന് മരണം ആസന്നമായി. അപ്പോൾ അദ്ദേഹം അവരോട് വസ്വിയ്യത്ത് ചെയ്തു: “നിങ്ങൾ എന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്യുക. ശേഷം എന്നെ വഴിയരികിൽ കൊണ്ടുപോയി വെക്കുക. അപ്പോൾ നിങ്ങളുടെ അരികിലൂടെ കടന്നുപോകുന്ന ആദ്യത്തെ യാത്രാസംഘത്തോട് നിങ്ങൾ പറയുക: ഇതാണ് തിരുനബിﷺയുടെ സ്വഹാബിയായ അബൂദർറ്(റ), അതിനാൽ അദ്ദേഹത്തെ കുളിപ്പിക്കാനും ഖബറടക്കാനും ഞങ്ങളെ സഹായിക്കുക.” അവർ അപ്രകാരം തന്നെ ചെയ്തു. അപ്പോൾ ഇറാഖിൽ നിന്നുള്ള ഒരു യാത്രാസംഘത്തോടൊപ്പം അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) അങ്ങോട്ട് വരികയായിരുന്നു. മയ്യിത്ത് വഴിയരികിൽ വെച്ചിട്ടുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരൻ ഇബ്നു മസ്ഊദി(റ)ന്റെ അരികിലേക്ക് എഴുന്നേറ്റുചെന്ന് പറഞ്ഞു: “ഇത് തിരുനബിﷺയുടെ സ്വഹാബിയായ അബൂദർറ്(റ) ആണ്.” ഇതുകേട്ടപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കരഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “നീ തനിച്ചു നടക്കും, നീ തനിച്ചു മരിക്കും, നീ തനിച്ചായിരിക്കും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.”

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...