
ആഇശ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു, തിരുനബിﷺ മുആവിയ(റ)യോട് പറഞ്ഞു: “അല്ലാഹു നിന്നെ ഒരു കുപ്പായം അണിയിച്ചാൽ അതായത് ഖിലാഫത്ത് നൽകിയാൽ നീ എങ്ങനെയായിരിക്കും?” അപ്പോൾ ഉമ്മു ഹബീബ(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അല്ലാഹു എന്റെ സഹോദരന് ഭരണം നൽകുമോ?” തിരുനബിﷺ പറഞ്ഞു: “അതെ, എന്നാൽ അതിൽ പലവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകും.”
ആഇശ(റ)യിൽ നിന്ന് ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു, തിരുനബിﷺ അരുളി: “ഹേ മുആവിയാ(റ), അല്ലാഹു നിന്നെ ഈ ഉമ്മത്തിന്റെ ഭരണമേൽപിച്ചാൽ നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോക്കുക.” അപ്പോൾ ഉമ്മു ഹബീബ(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അല്ലാഹു എന്റെ സഹോദരന് അത് നൽകുമോ?” അവിടുന്ന്ﷺ പറഞ്ഞു: “അതെ, എന്നാൽ അതിൽ പലവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാകും.”
ഹസൻ(റ)വിൽ നിന്ന് ഇമാം ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു; മുആവിയ(റ) പറഞ്ഞു: തിരുനബിﷺ എന്നോട് പറഞ്ഞു: “എനിക്ക് ശേഷം നീ എന്റെ ഉമ്മത്തിന്റെ ഭരണം ഏറ്റെടുക്കുക തന്നെ ചെയ്യും. അത് സംഭവിച്ചാൽ, അവരിലെ നന്മ ചെയ്യുന്നവരിൽ നിന്ന് അത് സ്വീകരിക്കുകയും, തിന്മ ചെയ്യുന്നവർക്ക് മാപ്പ് നൽകുകയും ചെയ്യുക.” അതുകൊണ്ട് തന്നെ ഞാൻ ഈ ഭരണത്തിൽ എത്തുന്നതുവരെ ഈയൊരു കാര്യം പ്രതീക്ഷിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു.
മുസ്ലിമത്ത് ബിൻ മുഖല്ലിദി(റ)ൽ നിന്ന് ഇബ്നു സഅ്ദും(റ) ഇബ്നു അസാകിറും(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ മുആവിയ(റ)യോട് ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: “അല്ലാഹുവേ, ഇദ്ദേഹത്തിന് വേദഗ്രന്ഥം പഠിപ്പിച്ചു കൊടുക്കേണമേ, നാടുകളിൽ ഇദ്ദേഹത്തിന് അധികാരം നൽകേണമേ, ഇദ്ദേഹത്തെ ശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കേണമേ.”
ഉർവത്ത് ബിൻ റുവൈമി(റ)ൽ നിന്ന് ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഒരു ഗ്രാമീണനായ അറബി തിരുനബിﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: “എന്നോട് ഗുസ്തി പിടിക്കൂ.” അപ്പോൾ മുആവിയ(റ) അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: “ഞാൻ നിന്നോട് ഗുസ്തി പിടിക്കാം.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “മുആവിയ ഒരിക്കലും പരാജയപ്പെടുകയില്ല.” അങ്ങനെ മുആവിയ(റ) ആ ഗ്രാമീണനെ ഗുസ്തിയിൽ വീഴ്ത്തി. പിന്നീട് സിഫ്ഫീൻ യുദ്ധത്തിന്റെ ദിവസം വന്നപ്പോൾ അലി(റ) പറഞ്ഞു: “ഞാൻ ഈ ഹദീസിനെക്കുറിച്ച് ഓർമ്മിച്ചിരുന്നെങ്കിൽ, ഞാൻ മുആവിയ(റ)യോട് യുദ്ധം ചെയ്യുമായിരുന്നില്ല.”
തിരുനബിﷺയുടെ ശിഷ്യന്മാരായ സ്വഹാബികൾ മുഴുവനും നീതിമാന്മാരാണ്. അവർക്കിടയിൽ ഉണ്ടായ അഭിപ്രായങ്ങൾ സ്വതന്ത്ര ഗവേഷകർ എന്ന നിലയിലുള്ള വീക്ഷണ വ്യത്യാസങ്ങൾ മാത്രമാണ്. അതിൽ ആരുടെയെങ്കിലും പക്ഷം ചേരുന്നതോ ആരെയെങ്കിലും ഒരാളെ അവമതിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതോ അഹ്ലുസ്സുന്നയുടെ മാർഗമല്ല. സ്വഹാബികൾക്കിടയിലെ വീക്ഷണ വ്യത്യാസങ്ങളെയും അവരുടെ നിലപാടുകളിൽ ഉള്ള വൈവിധ്യങ്ങളെയും അഹ്ലുസ്സുന്നയുടെ വിശ്വാസ ധാരയിലെ ഇമാമുകൾ വ്യാഖ്യാനിച്ചത് പോലെ ഉൾക്കൊള്ളുകയും എല്ലാ സ്വഹാബികളുടെയും മഹത്വങ്ങൾ ഉദ്ഘോഷിക്കുകയുമാണ് വേണ്ടത്. സ്വഹാബികൾ അല്ലാഹുവിൽ തൃപ്തിപ്പെട്ടവരും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയവരുമാണ്. ഈ ആശയം വരുന്ന ഖുർആനിന്റെ പ്രയോഗം തന്നെയാണ് അവരുടെ ആധികാരികതയുടെ ഉന്നതമായ വിലാസം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
