Tweet 1423

    Tweet 1423
    May 7, 2026 • Thursday
    Post Header

    ഒരു സ്ത്രീയെ അന്യായമായി സ്പർശിച്ച വ്യക്തിയെക്കുറിച്ച് തിരുനബിﷺ പ്രവചിച്ചത് സംബന്ധിച്ച നിവേദനം ഇങ്ങനെ വായിക്കാം.
    ഇബ്നു അബീ ശൈബ(റ) വിശ്വസ്തരായ നിവേദകരിലൂടെ അബൂ ശഹം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞാൻ മദീനയിൽ വന്നു. അപ്പോൾ ഒരു സ്ത്രീ എന്റെ അരികിലൂടെ കടന്നുപോയി, ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ തിരുനബിﷺ ജനങ്ങളിൽ നിന്ന് ബൈഅത്ത് അഥവാ പ്രതിജ്ഞ സ്വീകരിക്കുകയായിരുന്നു. ഞാൻ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് എനിക്ക് ബൈഅത്ത് നൽകിയില്ല. പകരം ഇങ്ങനെ പറഞ്ഞു: ‘ഇന്നലെ ആ സ്ത്രീയെ പിടിച്ചവൻ നീയല്ലേ?’ അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഞാനിനി അത് ആവർത്തിക്കില്ല.’ അങ്ങനെ എനിക്ക് ബൈഅത്ത് നൽകി.”

    ദജ്ജാലിന്റെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ അറിയിച്ച പ്രവചനങ്ങളുടെ ഒരു നിവേദനം ഇങ്ങനെയാണ്.
    ബനൂ ഹനീഫ ഗോത്രക്കാരനായ ഒരാളിൽ നിന്ന് ഇമാം ഹുമൈദി(റ) നിവേദനം ചെയ്യുന്നു: അബൂഹുറൈറ(റ) എന്നോട് ചോദിച്ചു: “നിനക്ക് ദജ്ജാലിനെ അറിയുമോ?” ഞാൻ പറഞ്ഞു: “അതെ” അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. ദജ്ജാലിന്റെ ദംഷ്ട്ര നരകത്തിൽ ഉഹുദ് പർവ്വതത്തേക്കാൾ വലുതായിരിക്കും. അവൻ ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് മതം മാറി മുസൈലിമത്തുൽ കദ്ദാബിനോടൊപ്പം ചേരുകയും ചെയ്തവനാണ്.” തിരുനബിﷺ പറഞ്ഞു: “രണ്ട് ആടുകൾ പരസ്പരം കൊമ്പുകോർത്തു അഥവാ മുസൈലിമയും ഇസ്‌ലാമിക സൈന്യവും. അതിൽ എന്റെ ആട്/ഇസ്‌ലാം വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”

    ഈ സമുദായത്തിനിടയിൽ ആഭ്യന്തര കലഹം ഉണ്ടാകുമെന്ന് അറിയിച്ച പ്രവചനത്തിന്റെ ഒരു ഉദ്ധരണി ഇങ്ങനെയാണ്. മുആദ് ബിൻ ജബൽ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരു ദിവസം ദീർഘമായി നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ഇന്ന് അവിടുന്ന് നിസ്കാരം ദീർഘിപ്പിച്ചല്ലോ?” അപ്പോൾ പറഞ്ഞു: “ഭയത്തോടും പ്രതീക്ഷയോടും കൂടിയുള്ള ഒരു നിസ്കാരമായിരുന്നു അത്. എന്റെ സമുദായത്തിനായി ഞാൻ അല്ലാഹുവിനോട് മൂന്ന് കാര്യങ്ങൾ ചോദിച്ചു. രണ്ടെണ്ണം എനിക്ക് നൽകുകയും ഒരെണ്ണം തടയുകയും ചെയ്തു. അവർക്ക് പുറമെ നിന്നുള്ള ഒരു ശത്രുവിനെ അവർക്ക് മേൽ അധികാരം നൽകരുതെന്ന് ഞാൻ ചോദിച്ചു, അത് എനിക്ക് നൽകി. പ്രളയം മൂലം അവരെ നശിപ്പിക്കരുതെന്ന് ഞാൻ ചോദിച്ചു, അതും എനിക്ക് നൽകി. എന്നാൽ അവർ തമ്മിൽ തമ്മിൽ കലഹിക്കരുതെന്ന് ഞാൻ ചോദിച്ചു, അതവൻ എനിക്ക് നൽകിയില്ല.”

    അന്ത്യനാളിന് മുൻപായി സമയം ചുരുങ്ങുമെന്ന് പരാമർശിച്ചുകൊണ്ടുള്ള പ്രവചനത്തിന്റെ നിവേദനം ഇപ്രകാരം വായിക്കാം. ഇമാം ബുഖാരി(റ) അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു: “അറിവ് പിൻവലിക്കപ്പെടുകയും, ഭൂകമ്പങ്ങൾ വർദ്ധിക്കുകയും, സമയം ചുരുങ്ങുകയും അഥവാ വേഗത്തിൽ കടന്നുപോവുകയും, കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുകയും, ഹർജ് വർദ്ധിക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കില്ല. ഹർജ് എന്നാൽ കൊലപാതകമാണ്. കൂടാതെ നിങ്ങളുടെ ഇടയിൽ സമ്പത്ത് കവിഞ്ഞൊഴുകുന്നത് വരെയും അന്ത്യനാൾ സംഭവിക്കില്ല.”

    അബ്ദുള്ളാഹിബ്നു ബുസ്‌ർ(റ) ഒരു നൂറ്റാണ്ട് ജീവിക്കുമെന്ന് അറിയിച്ച പ്രവചനം ഇപ്രകാരമാണ്.
    ഇമാം ബുഖാരി(റ) ‘താരീഖുസ്സഗീറിൽ’ അബ്ദുല്ലഹിബ്നു ബുസ്‌ർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: “ഈ കുട്ടി ഒരു നൂറ്റാണ്ട് ജീവിക്കും.” അങ്ങനെ അദ്ദേഹം നൂറു വയസ്സ് വരെ ജീവിക്കുകയുണ്ടായി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...