Tweet 1424

Tweet 1424
May 8, 2026 • Friday

തിരുനബിﷺയുടെ കാലശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്ന് നൽകിയ മുൻകൂട്ടിയുള്ള അറിയിപ്പുകൾ ചില നിവേദനങ്ങളിലൂടെ പരിചയപ്പെടാം.
സ്വഹാബികൾക്കും സമുദായത്തിനും ഭൗതികത കീഴടക്കപ്പെടുമെന്നും, അവർക്ക് ആഡംബര വസ്ത്രങ്ങളും വിരിപ്പുകളും ഉണ്ടാകുമെന്നും, എന്നാൽ അവർ പരസ്പരം അസൂയപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്യുമെന്നും നൽകിയ അറിയിപ്പുകൾ നോക്കൂ.

ഉഖ്ബത്ത് ബിൻ ആമിർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്കായി ഭൂമികൾ കീഴടക്കപ്പെടും, അല്ലാഹു നിങ്ങൾക്ക് മതിയായവനാകും. അതിനാൽ നിങ്ങളിലൊരാളും തന്റെ അമ്പുകൾ കൊണ്ട് പരിശീലനം നടത്താൻ മടി കാണിക്കരുത്.”

അബൂ സഈദ് അൽ ഖുദ്‌രി(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ദുനിയാവ് മനോഹരവും മധുരമുള്ളതുമാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാൻ അല്ലാഹു നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക, സ്ത്രീകളെയും സൂക്ഷിക്കുക. കാരണം ഇസ്രായീൽ സന്തതികളിൽ ആദ്യമുണ്ടായ പരീക്ഷണം സ്ത്രീകളിലായിരുന്നു.”

ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) റിപ്പോർട്ട് ചെയ്യുന്നു. അംറ് ബിൻ ഔഫ്(റ) നിവേദനം ചെയ്തു. തിരുനബിﷺ പറഞ്ഞു: “അല്ലാഹുവാണെ, നിങ്ങളുടെ മേൽ ഞാൻ ദാരിദ്ര്യത്തെയല്ല ഭയപ്പെടുന്നത്. മറിച്ച്, നിങ്ങൾക്ക് മുൻപുള്ളവർക്ക് ദുനിയാവ് വിശാലമാക്കിക്കൊടുത്തതുപോലെ നിങ്ങൾക്കും അത് വിശാലമാക്കപ്പെടുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. അപ്പോൾ അവർ മത്സരിച്ചതുപോലെ നിങ്ങളും അതിനായി മത്സരിക്കുകയും, അവരെ അത് നശിപ്പിച്ചതുപോലെ അല്ലെങ്കിൽ അശ്രദ്ധരാക്കിയതുപോലെ നിങ്ങളെയും അത് നശിപ്പിക്കുകയും ചെയ്യും.

ജാബിർ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ചോദിച്ചു: “നിങ്ങളുടെ അടുക്കൽ ‘അൻമാത്തുകൾ’ അഥവാ ആഡംബര വിരിപ്പുകൾ ഉണ്ടോ?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾക്ക് എവിടെ നിന്നാണ് അൻമാത്തുകൾ?” അപ്പോൾ അവിടുന്ന് പറഞ്ഞു: “തീർച്ചയായും നിങ്ങൾക്ക് അൻമാത്തുകൾ ഉണ്ടാകാൻ പോകുന്നു.” ജാബിർ(റ) പറയുന്നു: അതിനാൽ ഇന്ന് ഞാൻ എന്റെ ഭാര്യയോട് “നിന്റെ വിരിപ്പുകൾ എന്നിൽ നിന്ന് മാറ്റി വെക്കുക” എന്ന് പറയുമ്പോൾ അവൾ പറയും: “തിരുനബിﷺ പറഞ്ഞിട്ടില്ലേ, ഭാവിയിൽ നിങ്ങൾക്ക് അൻമാത്തുകൾ ഉണ്ടാകുമെന്ന്?”

ത്വൽഹത്തുന്നള്‌രി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ), ഹാകിം(റ), ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “രാവിലെ ഒരു വലിയ പാത്രത്തിലും വൈകുന്നേരം മറ്റൊരു വലിയ പാത്രത്തിലും ഭക്ഷണം നൽകപ്പെടുന്ന ഒരു കാലം നിങ്ങൾക്ക് വന്നെത്തിയേക്കാം. നിങ്ങൾ കഅ്ബയുടെ വിരിപ്പുകൾക്ക് സമാനമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.” അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അന്ന് ഞങ്ങൾ മികച്ചവരാകുമോ അതോ ഇന്നോ?” അവിടുന്ന് പറഞ്ഞു: “ഇന്നാണ് നിങ്ങൾ മികച്ചവർ. ഇന്ന് നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണ്. അന്ന് നിങ്ങൾ പരസ്പരം വിദ്വേഷമുള്ളവരും ഒരാൾ മറ്റൊരാളുടെ കഴുത്ത് വെട്ടുന്നവരുമായിരിക്കും.”

ഹസൻ(റ)വിൽ നിന്ന് മുർസലായി അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ഭൂമിയുടെ കിഴക്കും പടിഞ്ഞാറും എന്റെ ഉമ്മത്തിന് കീഴടക്കപ്പെടും. അല്ലാഹുവെ ഭയപ്പെടുകയും അമാനത്തുകൾ പാലിക്കുകയും ചെയ്തവരൊഴികെ മറ്റെല്ലാ ഉദ്യോഗസ്ഥരും നരകത്തിലായിരിക്കും.”

വഹ്‌ശി(റ)വിൽ നിന്ന് ഇമാം ത്വബറാനി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം നിങ്ങൾ വലിയ നഗരങ്ങൾ കീഴടക്കിയേക്കാം. അവിടുത്തെ അങ്ങാടികളിൽ നിങ്ങൾ സദസ്സുകൾ ഉണ്ടാക്കും. അങ്ങനെയാണെങ്കിൽ നിങ്ങൾ സലാം മടക്കുക, ദൃഷ്ടികൾ താഴ്ത്തുക, അന്ധന്മാർക്ക് വഴികാണിക്കുക, മർദ്ദിതരെ സഹായിക്കുക.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 5