Tweet 1422

    Tweet 1422
    May 6, 2026 • Wednesday
    Post Header

    മദ്യത്തിന് മറ്റു പേരുകൾ നൽകുന്നവരെക്കുറിച്ചു തിരുനബിﷺ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.
    ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം ത്വബറാനി(റ), നസാഈ(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ അരുളി: “എന്റെ ഉമ്മത്തിലെ ചില ആളുകൾ മദ്യം കുടിക്കും; എന്നാൽ അവരതിന് മദ്യമല്ലാത്ത മറ്റു പേരുകളായിരിക്കും നൽകുന്നത്.”

    ഉബാദത്ത് ബിൻ സ്വാമിതി(റ)ൽ നിന്ന് ഇമാം അഹ്‌മദ്(റ), ഇബ്‌നു മാജ(റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ അരുളി: “എന്റെ ഉമ്മത്തിലെ ഒരു വിഭാഗം മദ്യത്തിന് മറ്റു പേരുകൾ നൽകിക്കൊണ്ട് അത് അനുവദനീയമാക്കും.”

    ഇബ്‌നു കിസാനി(റ)ൽ നിന്ന് ഇബ്‌നു അസാകിർ(റ) റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺ പ്രസ്താവിച്ചു: “എന്റെ ശേഷമുള്ള കാലത്ത് എന്റെ ജനത മദ്യം കുടിക്കും. അവരതിന് മറ്റു പേരുകൾ നൽകും. അതിനായി അവരുടെ ഭരണാധികാരികൾ അവർക്ക് സഹായം നൽകുകയും ചെയ്യും.”

    അബൂ ഉമാമ(റ)യിൽ നിന്ന് ഇബ്‌നു മാജ(റ)യും മറ്റും റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ അരുളി: “എന്റെ ഉമ്മത്തിലെ ഒരു വിഭാഗം മദ്യത്തിന് മറ്റു പേരുകൾ നൽകി അത് കുടിക്കുന്നത് വരെ രാപ്പകലുകൾ കടന്നുപോവുകയില്ല അഥവാ അന്ത്യനാൾ സംഭവിക്കില്ല.”

    ജരീറി(റ)ൽ നിന്ന് മുർസലായി ഇമാം അബ്ദുറസാഖ്(റ) റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ പറഞ്ഞു: “തീർച്ചയായും എന്റെ ഉമ്മത്തിലെ ഒരു വിഭാഗം മദ്യം കുടിക്കുക തന്നെ ചെയ്യും; അവർ നൽകുന്ന ഏതെങ്കിലും ഒരു പേരിൽ അതറിയപ്പെടും.”

    അന്ത്യകാലത്ത് അധമന്മാർ ബാങ്ക് വിളിക്കുന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ കൂടിയുണ്ട്.

    അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം:
    തിരുനബിﷺ പറഞ്ഞു: “ഇമാം ഒരു ഉത്തരവാദിത്തം ഏറ്റെടുത്തവനാണ്, മുഅദ്ദിൻ അഥവാ ബാങ്ക് വിളിക്കുന്നവൻ വിശ്വസ്തനുമാണ്.” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങനെയെങ്കിൽ ബാങ്ക് വിളിയുടെ കാര്യത്തിൽ ഞങ്ങൾ പരസ്പരം മത്സരിക്കാൻ ഇടവരുമല്ലോ?” തിരുനബിﷺ പറഞ്ഞു: “അധമന്മാർ ബാങ്ക് വിളിക്കുന്നവരായി മാറുന്ന ഒരു കാലം വരാനിരിക്കുന്നുണ്ട്.”
    ഈ നിവേദനം അബൂ ത്വാഹിർ അസ്സലഫി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    ഇമാം അബൂ നുഐം(റ) ഇങ്ങനെ കൂടി പറയുന്നു:
    “ഇത് തിരുനബിﷺയുടെ പ്രവചനങ്ങളിൽ പെട്ടതാണ്. അല്ലാഹു ശപിച്ച ഒരു കൂട്ടം ആളുകൾ ബാങ്ക് വിളിയുടെ കാര്യത്തിൽ മത്സരബുദ്ധിയോടെയും അസൂയയോടെയും, കേവലം വരുമാന മാർഗ്ഗമായും അത് കാണുന്നത് നാം ഇന്ന് കാണുന്നു. അതേസമയം, അറിവുള്ളവരും വിശ്വസ്തരുമായ ആളുകൾ ബാങ്ക് വിളിക്കുന്നതിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുന്നു.”

    അധികാരം ഹിംയർ ഗോത്രത്തിലേക്ക് മടങ്ങുമെന്ന ചരിത്രപരമായ പ്രവചനം ഇങ്ങനെ വായിക്കാം.
    ദിമുഖ്മിറി(റ)ൽ നിന്ന് വിശ്വസ്തരായ നിവേദകരിലൂടെ ഇമാം ത്വബറാനി(റ), ഇമാം അഹ്‌മദ്‌(റ), നുഐം ബിൻ ഹമ്മാദ്(റ), ബഗവി(റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ അരുളി: “ഈ ഭരണം ഹിംയർ ഗോത്രത്തിലായിരുന്നു. പിന്നീട് അല്ലാഹു അത് അവരിൽ നിന്ന് നീക്കം ചെയ്യുകയും ഖുറൈശികളിൽ നിക്ഷിപ്തമാക്കുകയും ചെയ്തു. എന്നാൽ ഭാവിയിൽ അത് അവരിലേക്ക് തന്നെ മടങ്ങിവരും.”

    ഹിജ്റ നൂറാം വർഷത്തിന് ശേഷം സ്വഹാബികളിൽ ആരും അവശേഷിക്കില്ലെന്ന പ്രവചനം
    അനസി(റ)ൽ നിന്ന് ഇബ്നു ഹിബ്ബാൻ(റ) റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ പറഞ്ഞു: “നിങ്ങൾ എന്നോട് അന്ത്യനാളിനെക്കുറിച്ച് ചോദിക്കുന്നു; എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം! ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരാളും നൂറ് വർഷം കഴിയുമ്പോൾ ഭൂമുഖത്ത് ബാക്കിയുണ്ടാവില്ല.”

    ജാബിറി(റ)ൽ നിന്ന് ഇമാം അഹ്‌മദ്‌(റ), മുസ്‌ലിം(റ), ഇബ്നു ഹിബ്ബാൻ(റ), ഹാക്കിം(റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ പറഞ്ഞു: “നിങ്ങൾ എന്നോട് അന്ത്യനാളിനെക്കുറിച്ച് ചോദിക്കുന്നു, അതിന്റെ അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്.” ശേഷം അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്ത് പറഞ്ഞു: “ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരു ആത്മാവും നൂറ് വർഷം പൂർത്തിയാകുമ്പോൾ ഭൂമിയിൽ ബാക്കിയുണ്ടാവില്ല.”

    അബൂ സഈദി(റ)ൽ നിന്ന് മുസ്‌ലിമും(റ) ഇബ്നു ഹിബ്ബാനും(റ) റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ പറഞ്ഞു “നൂറ് വർഷം തികയുമ്പോൾ ഇന്ന് ഭൂമിയിലുള്ള ഒരാളും ജീവനോടെ അവശേഷിക്കുകയില്ല.”

    ഇതേ ആശയം സുഫ്യാൻ ബിൻ വഹ്ബ് അൽ-ഖൗലാനി(റ)യിൽ നിന്ന് ത്വബറാനി(റ), ഹാക്കിം(റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...