
ഇബ്നു അബ്ദുൽ ഹകം(റ) ‘ഫുതൂഹ് മിസ്റി’ൽ മക്ഹൂൽ(റ) വഴി മുആദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മുആദ്(റ)വിനെ യമനിലേക്ക് അയച്ച ദിവസം അദ്ദേഹത്തെ ഒരു ഒട്ടകപ്പുറത്ത് കയറ്റിയിട്ട് പറഞ്ഞു: “മുആദ്(റ), നീ യാത്ര തിരിക്കുക, ‘ജുന്ദ്’ എന്ന സ്ഥലത്തെത്തുന്നത് വരെ. ഈ ഒട്ടകം എവിടെയാണോ മുട്ടുകുത്തുന്നത്, അവിടെ നീ ബാങ്ക് വിളിക്കുകയും നിസ്കരിക്കുകയും ഒരു പള്ളി പണിയുകയും ചെയ്യുക.”
മുആദ്(റ) യാത്ര തിരിക്കുകയും ജുന്ദിൽ എത്തുകയും ചെയ്തു. അവിടെ ഒട്ടകം ചുറ്റിത്തിരിഞ്ഞെങ്കിലും മുട്ടുകുത്താൻ വിസമ്മതിച്ചു. അദ്ദേഹം ചോദിച്ചു: “ഇതല്ലാതെ വേറെ ‘ജുന്ദ്’ ഉണ്ടോ?” അവർ പറഞ്ഞു: “അതെ, ജുന്ദ് റകാമ ഉണ്ട്.” അവിടെ എത്തിയപ്പോൾ ഒട്ടകം ചുറ്റിത്തിരിയുകയും പിന്നീട് മുട്ടുകുത്തുകയും ചെയ്തു. മുആദ്(റ) അവിടെ ഇറങ്ങുകയും നിസ്കാരത്തിന് വിളിക്കുകയും പള്ളി പണിയുകയും ചെയ്തു.
ബൈഹഖി(റ), അബൂ നുഐം(റ) തുടങ്ങിയവർ വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്യുന്നു: മുസ്‌ലിംകൾക്കെതിരെയുള്ള മക്കയിലെ ബഹുദൈവാരാധകരുടെ പീഡനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. മുസ്‌ലിംകൾ നജ്ജാഷി രാജാവിന്റെ അടുത്തേക്ക് ഹിജ്റ പോയതും അദ്ദേഹം അവരെ ആദരിച്ചതും അറിഞ്ഞ ഖുറൈശികൾ തിരുനബിﷺയെ പരസ്യമായി വധിക്കാൻ തീരുമാനിച്ചു.
ഇതറിഞ്ഞ അബൂത്വാലിബ് ബനൂ അബ്ദുൽ മുത്വലിബ് കുടുംബത്തെ വിളിച്ചുകൂട്ടി പ്രവാചകനെﷺ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിംകളും അല്ലാത്തവരുമായ ആ കുടുംബാംഗങ്ങൾ പ്രവാചകനെﷺ തങ്ങളുടെ താവളമായ ‘ശിഅ്ബ് അബീത്വാലിബിൽ’ സംരക്ഷിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഖുറൈശികൾ അവർക്കെതിരെ സാമൂഹിക ഉപരോധം ഏർപ്പെടുത്തി. അവരുമായി സദസ്സുകൾ പങ്കിടില്ലെന്നും കച്ചവടം നടത്തില്ലെന്നും അവരുടെ വീടുകളിൽ പ്രവേശിക്കില്ലെന്നും അവർ തീരുമാനിച്ചു. തിരുനബിﷺയെ വധിക്കാൻ വിട്ടുകൊടുക്കുന്നത് വരെ ബനൂ ഹാഷിം കുടുംബവുമായി യാതൊരു സന്ധിയുമില്ലെന്ന് കാണിച്ച് അവർ ഒരു കരാർ പത്രം എഴുതി കഅബയുടെ ഉള്ളിൽ തൂക്കിയിട്ടു.
മൂന്ന് വർഷത്തോളം ബനൂ ഹാഷിം കുടുംബം ആ താവളത്തിൽ കഠിനമായ പട്ടിണിയും പ്രയാസവും അനുഭവിച്ചു. പ്രവാചകത്വത്തിന്റെ ഏഴാം വർഷം മുഹറം മാസത്തിലാണ് ഈ ഉപരോധം തുടങ്ങിയത്. മൂന്ന് വർഷം പൂർത്തിയായപ്പോൾ ഖുറൈശികളിലെ തന്നെ മാന്യരായ ചിലർക്ക് ഈ കുടുംബബന്ധം മുറിക്കുന്നതിൽ വിഷമം തോന്നി. ആ രാത്രിയിൽ അവർ ഈ കരാർ ലംഘിക്കാൻ തീരുമാനിച്ചു.
അതേസമയം, അല്ലാഹു ആ കരാർ പത്രത്തിന്മേൽ ചിതലിനെ അയച്ചു. ആ കരാറിലെ വഞ്ചനയും അനീതിയും നിറഞ്ഞ കാര്യങ്ങളെല്ലാം ചിതൽ തിന്നുതീർത്തു, അല്ലാഹുവിന്റെ പേര് ഉള്ള ഭാഗങ്ങളൊഴികെ. മറ്റൊരു റിപ്പോർട്ട് പ്രകാരം അല്ലാഹുവിന്റെ പേര് മാത്രം ബാക്കി വെച്ച് മറ്റെല്ലാം, അതിലെ അനീതിയും കുടുംബബന്ധം തകർക്കുന്നതുമായ കാര്യങ്ങളെല്ലാം ചിതൽ നശിപ്പിച്ചു കളഞ്ഞു.
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: പിന്നീട് തിരുനബിﷺക്ക് ആ കരാർ പത്രത്തിന്റെ അവസ്ഥ വെളിപ്പെടുത്തി നൽകി. അതിലെ അക്രമവും അനീതിയും അതിക്രമവും നിറഞ്ഞ വരികളെല്ലാം ചിതൽ തിന്നുതീർത്തുവെന്നും അല്ലാഹുവിനെ പരാമർശിക്കുന്ന ഭാഗങ്ങൾ മാത്രം ബാക്കിയായെന്നും അവിടുന്ന് അറിഞ്ഞു. തിരുനബിﷺ ഈ വിവരം അബൂത്വാലിബിനോട് പറഞ്ഞു. അപ്പോൾ അബൂത്വാലിബ് പറഞ്ഞു: “തിളങ്ങുന്ന നക്ഷത്രങ്ങളെയാണെ സത്യം! അദ്ദേഹം എന്നോട് കള്ളം പറഞ്ഞിട്ടില്ല.”
ഉടൻതന്നെ അബൂത്വാലിബ് ബനൂ അബ്ദുൽ മുത്വലിബ് കുടുംബത്തിലെ ഒരു സംഘത്തോടൊപ്പം മസ്ജിദുൽ ഹറാമിലേക്ക് നടന്നു. അപ്പോൾ ഖുറൈശികൾ അവിടെ ഒത്തുകൂടിയിട്ടുണ്ടായിരുന്നു. അബൂത്വാലിബും സംഘവും വരുന്നത് കണ്ടപ്പോൾ ഖുറൈശികൾ അത് അത്ഭുതത്തോടെ നോക്കി. ഉപരോധത്തിന്റെ കഠിനമായ പ്രയാസം സഹിക്കവയ്യാതെ റസൂലിﷺനെ വിട്ടുകൊടുക്കാൻ വേണ്ടി വന്നതാകാം ഇവരെന്നവർ കരുതി.
അബൂത്വാലിബ് അവരോട് സംസാരിച്ചു: “നിങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്, അത് ഞങ്ങൾ നിങ്ങളോട് പറഞ്ഞിട്ടില്ല. നിങ്ങൾ ഒപ്പിട്ടുണ്ടാക്കിയ ആ കരാർ പത്രം ഇങ്ങോട്ട് കൊണ്ടുവരൂ, നമുക്കിടയിൽ ഒരുപക്ഷേ സന്ധി ഉണ്ടായേക്കാം.” ചിതൽ പത്രം തിന്ന വിവരം അവർ മുൻകൂട്ടി അറിഞ്ഞു പത്രം പരിശോധിക്കാതിരിക്കാനാണ് അബൂത്വാലിബ് ഇപ്രകാരം തന്ത്രപരമായി പറഞ്ഞത്.
ഖുറൈശികൾ തങ്ങളുടെ കരാർ പത്രത്തിൽ അത്യന്തം അഹങ്കരിച്ചുകൊണ്ട് അത് ഹാജരാക്കി. പ്രവാചകനെﷺ തങ്ങൾക്ക് വിട്ടുകിട്ടുമെന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. അവർ അത് നടുവിൽ വെച്ചപ്പോൾ അബൂത്വാലിബ് പറഞ്ഞു: “ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് നിങ്ങൾക്ക് നീതിപൂർവ്വമായ ഒരു കാര്യം പറയാനാണ്. എന്റെ സഹോദരപുത്രൻ എന്നോട് പറഞ്ഞിരിക്കുന്നത്, നിങ്ങളുടെ കയ്യിലുള്ള ഈ കരാറിൽ നിന്ന് അല്ലാഹു ഒഴിവായെന്നും, അതിൽ അല്ലാഹുവിന്റേതായിട്ടുള്ള എല്ലാ നാമങ്ങളും മായ്ക്കപ്പെട്ടുവെന്നുമാണ്. നിങ്ങളുടെ വഞ്ചനയും കുടുംബബന്ധം മുറിക്കലും അക്രമവും മാത്രമേ അതിൽ ബാക്കിയുള്ളൂ എന്നാണ് അറിയിച്ചത്. എന്റെ സഹോദരപുത്രൻ പറഞ്ഞത് സത്യമാണെങ്കിൽ നിങ്ങൾ ഈ നിലപാട് മാറ്റണം. അല്ലാഹുവാണെ സത്യം! ഞങ്ങളിൽ അവസാനത്തെ ആൾ മരിക്കുന്നത് വരെ സഹോദര പുത്രനെ ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇനി ആ പറഞ്ഞത് അസത്യമാണെങ്കിൽ, ഞാൻ നിങ്ങൾക്ക് വിട്ടുതരാം. നിങ്ങൾക്ക് വധിക്കുകയോ ജീവിക്കാൻ അനുവദിക്കുകയോ ചെയ്യാം.”
ഖുറൈശികൾ പറഞ്ഞു: “നീ ഈ പറഞ്ഞത് നീതിയുക്തമാണ്, ഞങ്ങൾക്കിത് സമ്മതമാണ്.” അങ്ങനെ അവർ ആ പത്രം തുറന്നു നോക്കി. അപ്പോൾ സത്യസന്ധനും സത്യം മാത്രം വെളിപ്പെടുത്തുന്ന പ്രവാചകൻﷺ അറിയിച്ചത് പോലെ തന്നെ അവർ അതിൽ കണ്ടു. അബൂത്വാലിബ് പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങളെന്ന് കണ്ടപ്പോൾ ഖുറൈശികൾ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഇത് നിങ്ങളുടെ ആളുടെ മന്ത്രവാദം തന്നെയാണ്!” അപ്പോൾ അബൂത്വാലിബിന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു: “നുണ പറയുന്നതിനും മന്ത്രവാദത്തിനും ഏറ്റവും അർഹർ ഞങ്ങളല്ല നിങ്ങളാണ്. ഞങ്ങളുമായുള്ള ബന്ധം മുറിക്കാൻ നിങ്ങൾ കാണിച്ച ഈ നീചപ്രവൃത്തിയാണ് പിശാചിനോടും മന്ത്രവാദത്തോടും ഏറ്റവും അടുത്തത്. നിങ്ങൾ അത്തരം മന്ത്രവാദം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ കയ്യിലിരുന്നിട്ടും ഈ പത്രം ഇപ്രകാരം നശിച്ചുപോകുമായിരുന്നില്ല. അല്ലാഹു അതിലുണ്ടായിരുന്നവയെല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
