
മിഅ്റാജിന്റെ അധ്യായങ്ങളിൽ ഇപ്രകാരം വിവരിക്കുന്നു: മുശ്‌രിക്കുകൾ തിരുനബിﷺയോട് ചോദിച്ചു: “മുഹമ്മദേﷺ, ബൈത്തുൽ മുഖദ്ദസിനെക്കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു തരൂ. അതിന്റെ നിർമ്മാണം എങ്ങനെയാണ്? അതിന്റെ രൂപം എങ്ങനെയാണ്? പർവതത്തോട് അത് എത്രത്തോളം അടുത്താണ് സ്ഥിതി ചെയ്യുന്നത്?”
അപ്പോൾ തിരുനബിﷺ അവർക്ക് മറുപടി നൽകി: “അതിന്റെ നിർമ്മാണം ഇങ്ങനെയൊക്കെയാണ്, അതിന്റെ രൂപം ഇങ്ങനെയൊക്കെയാണ്.” വിവരണത്തിനിടയിൽ ചില കാര്യങ്ങളിൽ അവ്യക്തത അനുഭവപ്പെട്ടപ്പോൾ ജിബ്‌രീൽ(അ) ബൈത്തുൽ മുഖദ്ദസിനെ തിരുനബിﷺയുടെ മുന്നിൽ ഹാജരാക്കി. അവർ അതിന്റെ വാതിലുകളെക്കുറിച്ച് ചോദിച്ചു. തിരുനബിﷺ അവിടേക്ക് പോയിരുന്നില്ലെങ്കിലും അപ്പോൾ അത് നോക്കിക്കൊണ്ട് അവർക്ക് വിവരിച്ചു നൽകാൻ തുടങ്ങി. ഇത് കേട്ടുകൊണ്ടിരുന്ന അബൂബക്കർ(റ) പറഞ്ഞു: “അങ്ങ് സത്യമാണ് പറഞ്ഞത്, അങ്ങ് സത്യമാണ് പറഞ്ഞത്.”
ഇമാം ബൈഹഖി(റ) അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ മുസ്ലിമായിരുന്നു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ ഇസ്‌ലാമിനെക്കുറിച്ച് അല്ലാഹുവിന് നന്നായറിയാം. നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ! എന്നാൽ നിങ്ങളുടെ ബാഹ്യമായ അവസ്ഥ യുദ്ധത്തിൽ ഞങ്ങൾക്ക് എതിരായിരുന്നു. അതിനാൽ നിങ്ങൾക്കും, നിങ്ങളുടെ സഹോദരപുത്രന്മാരായ നൗഫൽ ബിൻ അൽ-ഹാരിസ്, അഖീൽ ബിൻ അബീത്വാലിബ് എന്നിവർക്കും നിങ്ങളുടെ സഖ്യകക്ഷിയായ ഉത്ബ ബിൻ അംറിനും വേണ്ടി നിങ്ങൾ മോചനദ്രവ്യം നൽകുക.”
അബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അതിനുള്ള സ്വത്തൊന്നും എന്റെ പക്കലില്ല.” അപ്പോൾ തിരുനബിﷺ ചോദിച്ചു: “എങ്കിൽ നിങ്ങളും ഉമ്മുൽ ഫദ്ലും കൂടി കുഴിച്ചിട്ട ആ സ്വത്തെവിടെ? ‘യാത്രയിൽ എനിക്ക് വല്ലതും സംഭവിച്ചാൽ ഈ ധനം ഫദ്ല്, അബ്ദുല്ല, ഖുഥം എന്നീ മക്കൾക്കുള്ളതാണ്’ എന്ന് ഉമ്മുൽ ഫദ്ലിനോട് നിങ്ങൾ പറഞ്ഞിരുന്നല്ലോ?” ഇത് കേട്ടപ്പോൾ അബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം! അങ്ങ് അല്ലാഹുവിന്റെ ദൂതരാﷺണെന്ന് എനിക്കിപ്പോൾ ഉറപ്പായി. കാരണം എനിക്കും ഉമ്മുൽ ഫദ്ലിനുമല്ലാതെ മറ്റാർക്കും ഈ വിവരം അറിയില്ലായിരുന്നു. അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ പക്കൽ നിന്ന് നിങ്ങൾ പിടിച്ചെടുത്ത ഇരുപത് ഊഖിയ സ്വത്ത് ഇതിൽ കണക്കാക്കുമോ?” തിരുനബിﷺ പറഞ്ഞു: “ഇല്ല, അത് അല്ലാഹു ഞങ്ങൾക്ക് നൽകിയ യുദ്ധമുതലാണ്.” തുടർന്ന് അദ്ദേഹം തനിക്കും സഹോദരപുത്രന്മാർക്കും സഖ്യകക്ഷിക്കും വേണ്ടി മോചനദ്രവ്യം നൽകി.
അപ്പോൾ അല്ലാഹു അൽ-അൻഫാൽ അധ്യായത്തിലെ എഴുപതാം സൂക്തം അവതരിപ്പിച്ചു: ആശയം ഇപ്രകാരമാണ്. “ഓ പ്രവാചകരെﷺ, തങ്ങളുടെ കൈവശമുള്ള തടവുകാരോട് പറയുക: നിങ്ങളുടെ ഹൃദയങ്ങളിൽ വല്ല നന്മയും ഉള്ളതായി അല്ലാഹു അറിയുന്നുവെങ്കിൽ, നിങ്ങളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടതിനേക്കാൾ ഉത്തമമായത് അവൻ നിങ്ങൾക്ക് നൽകുന്നതാണ്. അവൻ നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”
ഇമാം ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു. ജിബ്‌രീൽ(അ) തിരുനബിﷺയുടെ അടുക്കൽ വന്ന് ഹാരിസ് ബിൻ സുവൈദ്, മുജദ്ദിർ ബിൻ സിയാദി(റ)നെ ചതിയിലൂടെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പകരം ഹാരിസിനെ വധിക്കാൻ അല്ലാഹു കൽപ്പിച്ചതായും അറിയിച്ചു. അങ്ങനെ മുജദ്ദിറി(റ)ന് പകരമായി ഹാരിസ് ബിൻ സുവൈദിനെ വധിക്കാൻ തിരുനബിﷺ ഉത്തരവിട്ടു. തിരുനബിﷺയുടെ കൽപ്പനപ്രകാരം ഖുബാ മസ്ജിദിന്റെ വാതിൽക്കൽ വെച്ച് ഉവൈം ബിൻ സാഇദ(റ)യാണ് ഹാരിസിന്റെ ശിരഛേദം നടത്തിയത്.
ഇമാം ബുഖാരി(റ)യും ബൈഹഖി(റ)യും അബൂഹുറൈറ(റ)യിൽ നിന്നും, ഇബ്നു ശിഹാബി(റ)ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ഖുബൈബ്(റ) ശത്രുക്കളുടെ പിടിയിലായി വധിക്കപ്പെടാൻ നേരത്ത് ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ റസൂലിﷺന് എന്റെ സലാം എത്തിച്ചു കൊടുക്കാൻ ഇവിടെ ആരുമില്ല. അതിനാൽ നീ അത് എത്തിക്കണമേ.” ആ സമയത്ത് മദീനയിലായിരുന്ന തിരുനബിﷺ പറഞ്ഞു: “വ അലൈക്കസ്സലാം.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ആരോടാണ് അങ്ങ് സലാം മടക്കിയത്?” അവിടുന്ന് പറഞ്ഞു: “ഖുബൈബ്(റ) കൊല്ലപ്പെടുകയാണ്.” മറ്റൊരു നിവേദന പ്രകാരം തിരുനബി ﷺ പറഞ്ഞു: “ഖുബൈബി(റ)ന് സലാം, ഖുറൈശികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
