Tweet 1411

    Tweet 1411
    April 25, 2026 • Saturday
    Post Header

    അബൂ സഈദ് അൽ ഖുദ്രി(റ) നിവേദനം ചെയ്യുന്നു: “ഒരിക്കൽ ഞങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു, അത്രത്തോളം വലിയൊരു ദാരിദ്ര്യം മുമ്പ് ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അപ്പോൾ എന്റെ സഹോദരി എന്നോട് പറഞ്ഞു: ‘നിങ്ങൾ തിരുനബിﷺയുടെ അടുക്കൽ പോയി വല്ലതും ചോദിക്കൂ.’ അങ്ങനെ ഞാൻ അവിടെ ചെന്നപ്പോൾ അവിടുന്നു പ്രസംഗിക്കുകയായിരുന്നു. കൂട്ടത്തിൽ പറഞ്ഞു ‘ആരാണോ മാന്യത പുലർത്തുന്നത്, അല്ലാഹു അവനെ മാന്യനാക്കും. ആരാണോ ഐശ്വര്യം ആഗ്രഹിക്കുന്നത്, അല്ലാഹു അവനെ ഐശ്വര്യവാനാക്കും.” അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു: അല്ലാഹുവാണെ സത്യം! എന്നെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് എനിക്ക് തോന്നി, അതിനാൽ ഞാൻ അവിടുത്തോട് ഒന്നും ചോദിച്ചില്ല.

    ഞാൻ എന്റെ സഹോദരിയുടെ അടുക്കൽ തിരിച്ചെത്തി വിവരം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു: ‘നിങ്ങൾ ചെയ്തത് നന്നായി.’ പിന്നീട് അടുത്ത ദിവസമായപ്പോൾ, അല്ലാഹുവാണെ സത്യം! ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ അധ്വാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവിടെ നിന്ന് ജൂതന്മാരുടെ നാണയങ്ങൾ എനിക്ക് ലഭിച്ചു. ഞങ്ങൾ അതുകൊണ്ട് ആഹാരം വാങ്ങി കഴിച്ചു. പിന്നീട് ഐശ്വര്യം വന്നപ്പോൾ അൻസ്വാരികളിൽ ഞങ്ങളേക്കാൾ കൂടുതൽ സമ്പത്തുള്ള മറ്റൊരു കുടുംബവും ഇല്ലെന്ന അവസ്ഥയായി.”

    ജാബിർ ബിൻ അബ്ദില്ലാഹ്(റ) നിവേദനം ചെയ്യുന്നു: ഒരാൾ തിരുനബിﷺയെ സമീപിച്ച് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ പിതാവ് എന്റെ സമ്പത്ത് എടുക്കാൻ ആഗ്രഹിക്കുന്നു.” അപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ പിതാവിനെ വിളിച്ചു വരുത്തി. ആ സമയം ജിബ്‌രീൽ(അ) ഇറങ്ങിവന്ന് തിരുനബിﷺയോട് പറഞ്ഞു: “ഈ വൃദ്ധൻ തന്റെ മനസ്സിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ കാതുകൾ പോലും കേട്ടിട്ടില്ല.”

    തിരുനബിﷺ ആ പിതാവിനോട് ചോദിച്ചു: “താങ്കളുടെ കാതുകൾ പോലും കേൾക്കാത്ത ചില കാര്യങ്ങൾ താങ്കൾ മനസ്സിൽ പറഞ്ഞോ?” അദ്ദേഹം പറഞ്ഞു: “അല്ലാഹു അങ്ങയിലൂടെ ഞങ്ങൾക്ക് ഉൾക്കാഴ്ചയും ഉറപ്പും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. അതെ, ഞാൻ പറഞ്ഞിട്ടുണ്ട്.” തിരുനബിﷺ പറഞ്ഞു: “അതൊന്നു പറയൂ.” അപ്പോൾ ആ പിതാവ് ഇപ്രകാരം കവിത ചൊല്ലി:
    “നീ ശിശുവായിരുന്നപ്പോൾ ഞാൻ നിനക്ക് ഭക്ഷണം നൽകി, നീ യുവാവായപ്പോൾ നിന്റെ കാര്യങ്ങൾ ഞാൻ ഏറ്റെടുത്തു. ഞാൻ അധ്വാനിച്ചുണ്ടാക്കുന്നത് നീ ആസ്വദിച്ചുകൊണ്ടിരുന്നു.
    ഏതെങ്കിലും രാത്രിയിൽ നിനക്ക് രോഗം ബാധിച്ചാൽ, നിന്റെ രോഗം കാരണം ഞാൻ ഉറക്കമില്ലാതെ വേവലാതിയോടെ രാത്രി കഴിച്ചുകൂട്ടി.
    മരണം നിശ്ചയിക്കപ്പെട്ട ഒന്നാണെന്ന് അറിഞ്ഞിട്ടും, നിനക്ക് മരണം സംഭവിക്കുമോ എന്ന് എന്റെ മനസ്സ് ഭയപ്പെട്ടുകൊണ്ടിരുന്നു.
    നിനക്ക് ബാധിച്ച പ്രയാസങ്ങൾ എനിക്കാണ് ബാധിച്ചതെന്ന് തോന്നിപ്പോയി, അതിനാൽ എന്റെ കണ്ണുകൾ കണ്ണീർ വാർത്തു.

    > ഒടുവിൽ നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന പ്രായത്തിലും ലക്ഷ്യത്തിലും നീ എത്തിയപ്പോൾ, നീ എനിക്ക് നൽകിയ പ്രതിഫലം പരുഷതയും ക്രൂരതയുമായിരുന്നു.

    > നീയല്ലേ എനിക്ക് ഔദാര്യം ചെയ്യുന്നവൻ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു നിന്റെ പെരുമാറ്റം.

    > എന്റെ സ്നേഹത്തിന്റെ അവകാശം നിനക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും, ചുരുങ്ങിയ പക്ഷം ഒരു അയൽവാസി മറ്റൊരു അയൽവാസിയോട് പെരുമാറുന്നതു പോലെയെങ്കിലും നിനക്ക് പെരുമാറാമായിരുന്നു!”

    ഇത് കേട്ടപ്പോൾ തിരുനബിﷺ കരയുകയും ആ മകനെ ശകാരിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: “നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനുള്ളതാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...