Tweet 1410

    Tweet 1410
    April 24, 2026 • Friday
    Post Header

    മുസദ്ദദ്(റ), ബസ്സാർ(റ), അസ്വ്‌ബഹാനി(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ മസ്ജിദുൽ ഖൈഫിൽ തിരുനബിﷺയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അൻസ്വാരിയും സഖഫി ഗോത്രക്കാരനായ ഒരാളും അവിടെ വന്നു. സലാം പറഞ്ഞതിന് ശേഷം അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങയോട് ചില കാര്യങ്ങൾ ചോദിക്കാനാണ് ഞങ്ങൾ വന്നത്.”
    തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചോദിക്കാനിരുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം. അതല്ല, ഞാൻ മിണ്ടാതിരിക്കുകയും നിങ്ങൾ തന്നെ ചോദിക്കുകയുമാണ് വേണ്ടതെങ്കിൽ അങ്ങനെയാവാം.”

    അവർ പറഞ്ഞു: “അല്ല, അങ്ങ് തന്നെ പറഞ്ഞുതന്നാലും. അത് ഞങ്ങളുടെ ഈമാനും ദൃഢവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കുമല്ലോ.” ശേഷം അൻസ്വാരി സഖഫി ഗോത്രക്കാരനോട് പറഞ്ഞു: “നീ തിരുനബിﷺയോട് ചോദിച്ചോളൂ.” അദ്ദേഹം പറഞ്ഞു: “അല്ല, താങ്കൾ തന്നെ ചോദിച്ചോളൂ, താങ്കളുടെ അവകാശം എനിക്കറിയാം.” അങ്ങനെ അദ്ദേഹം ചോദിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “നീ നിന്റെ വീട്ടിൽ നിന്ന് ബൈത്തുൽ ഹറാമിലേക്ക് പുറപ്പെടുന്നതിനെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും ത്വവാഫിനെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്തിനെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും സഫാ-മർവക്കിടയിലെ സഅ്‌യിനെക്കുറിച്ചും അറഫയിലെ നിർത്തത്തെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചും ജംറയിലെ കല്ലേറിനെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചും ബലിയറുക്കുന്നതിനെക്കുറിച്ചും തല മുണ്ഡനം ചെയ്യുന്നതിനെക്കുറിച്ചും ത്വവാഫുൽ ഇഫാദയെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും ചോദിക്കാനാണ് നീ വന്നത്.” അദ്ദേഹം പറഞ്ഞു: “അങ്ങയെ സത്യവുമായി നിയോഗിച്ചവൻ സാക്ഷി! ഇതുതന്നെയാണ് ചോദിക്കാൻ ഞാൻ വന്നത്.”

    തിരുനബിﷺ പറഞ്ഞു: “നീ ബൈത്തുൽ ഹറാം ലക്ഷ്യമാക്കി വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ, നിന്റെ ഒട്ടകം അതിന്റെ ഓരോ കുളമ്പ് വെക്കുമ്പോഴും ഉയർത്തുമ്പോഴും അല്ലാഹു നിനക്ക് ഓരോ പുണ്യം രേഖപ്പെടുത്തുകയും ഓരോ പാപം മായ്ച്ചു കളയുകയും ഓരോ പദവി ഉയർത്തുകയും ചെയ്യും. ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്ത് നിസ്കാരം ഇസ്മാഈൽ നബി(അ)യുടെ സന്തതികളിൽപ്പെട്ട ഒരാളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് തുല്യമാണ്. സഫാ-മർവക്കിടയിലെ സഅ്‌യ് എഴുപത് അടിമകളെ മോചിപ്പിക്കുന്നതിന് തുല്യമാണ്.

    അറഫയിലെ സംഗമം തീർച്ചയായും അല്ലാഹു ഒന്നാം ആകാശത്തേക്ക് നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനപൂർവ്വം ഇപ്രകാരം പറയുകയും ചെയ്യും: ‘ഇതാ എന്റെ ദാസന്മാർ! എന്റെ കാരുണ്യവും പാപമോചനവും കൊതിച്ചുകൊണ്ട് ദൂരദിക്കുകളിൽ നിന്ന് മുടി ജടപിടിച്ചും പൊടിപുരണ്ടും അവർ എന്റെ അടുക്കൽ വന്നിരിക്കുന്നു. നിങ്ങളുടെ പാപങ്ങൾ മണൽത്തരികളോളമോ കടലിലെ നുരയോളമോ ഉണ്ടെങ്കിൽപ്പോലും ഞാനത് പൊറുത്തുതരുന്നതാണ്. പാപമോചനം ലഭിച്ചവരായി നിങ്ങൾ മടങ്ങിക്കൊള്ളുക, നിങ്ങൾ ആർക്കുവേണ്ടി ശുപാർശ ചെയ്യുന്നുവോ അവർക്കും പാപമോചനമുണ്ട്.

    ജംറയിലെ കല്ലേറിനെ സംബന്ധിച്ചിടത്തോളം, നീ എറിയുന്ന ഓരോ കല്ലിനും പകരമായി നാശമുണ്ടാക്കുന്ന വൻപാപങ്ങളിൽ നിന്ന് ഓരോന്ന് വീതം മായ്ക്കപ്പെടുന്നതാണ്. നിന്റെ ബലികർമ്മം നിന്റെ രക്ഷിതാവിങ്കൽ നിനക്കായി കരുതിവെക്കപ്പെട്ട നിക്ഷേപമാണ്. നിന്റെ തല മുണ്ഡനം ചെയ്യുന്നതിനെ സംബന്ധിച്ചിടത്തോളം, നീ നീക്കം ചെയ്യുന്ന ഓരോ രോമത്തിനും പകരമായി ഓരോ പുണ്യം രേഖപ്പെടുത്തുകയും ഓരോ പാപം മായ്ക്കപ്പെടുകയും ചെയ്യും.” അപ്പോൾ അദ്ദേഹം ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, പാപങ്ങൾ അതിലും കുറവാണെങ്കിലോ?” നബിﷺ പറഞ്ഞു: “എങ്കിൽ അത് നിന്റെ പുണ്യങ്ങളുടെ കൂട്ടത്തിൽ ശേഖരിച്ചുവെക്കും. ശേഷമുള്ള നിന്റെ ബൈത്തുള്ളാഹ് പരിക്രമണം അഥവാ ത്വവാഫു നീ ചെയ്യുന്നത് പാപങ്ങളൊന്നുമില്ലാത്ത അവസ്ഥയിലായിരിക്കും. അപ്പോൾ ഒരു മലക്ക് വന്ന് നിന്റെ രണ്ട് തോളുകൾക്കിടയിൽ കൈവെച്ച് ഇപ്രകാരം പറയും: ‘ഇനി വരാനിരിക്കുന്ന കാര്യങ്ങൾക്കായി പ്രവർത്തിച്ചുകൊള്ളുക, നിന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു’.”

    തുടർന്ന് സഖഫി ഗോത്രക്കാരൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഇനി എനിക്കുള്ളത് പറഞ്ഞുതന്നാലും.” തിരുനബിﷺ പറഞ്ഞു: “നീ വന്നത് നിസ്കാരത്തെക്കുറിച്ച് ചോദിക്കാനാണ്. നീ നിന്റെ മുഖം കഴുകുമ്പോൾ നിന്റെ കൺപീലികളിലൂടെ പാപങ്ങൾ ഉതിർന്നുവീഴുന്നു. നീ കൈകൾ കഴുകുമ്പോൾ നിന്റെ നഖങ്ങൾക്കിടയിലൂടെ പാപങ്ങൾ ഉതിർന്നുവീഴുന്നു. നീ തല തടവുമ്പോൾ നിന്റെ തലയിൽ നിന്ന് പാപങ്ങൾ നീങ്ങുന്നു. നീ കാലുകൾ കഴുകുമ്പോൾ നിന്റെ കാൽനഖങ്ങൾക്കിടയിലൂടെ പാപങ്ങൾ ഉതിർന്നുവീഴുന്നു.”

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...