Tweet 1409

    Tweet 1409
    April 23, 2026 • Thursday
    Post Header

    ഇബ്നു അബി ശൈബ(റ), അബു യഅ്‌ല(റ), ബസ്സാർ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. സ്വഹാബികൾ തിരുനബിﷺയുടെ അടുത്ത് വെച്ച് ഒരാളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ കരുത്തിനെക്കുറിച്ചും ആരാധനകളിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ചും അവർ പുകഴ്ത്തി.

    അപ്പോൾ ഇതാ ആ മനുഷ്യൻ അങ്ങോട്ട് വരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവന്റെ മുഖത്ത് പിശാചിന്റെ ഒരു അടയാളം ഞാൻ കാണുന്നു.” അദ്ദേഹം അടുത്തുവന്നു സലാം പറഞ്ഞപ്പോൾ തിരുനബിﷺ ചോദിച്ചു: “ഈ കൂട്ടത്തിൽ നിന്നെക്കാൾ മികച്ചവരായി ആരുമില്ലെന്ന് നിന്റെ മനസ്സ് നിന്നോട് പറഞ്ഞുവോ?” അദ്ദേഹം പറഞ്ഞു: “അതെ.” ശേഷം അദ്ദേഹം അവിടെനിന്ന് പോയി ഒരു നിസ്കാരസ്ഥലം നിശ്ചയിച്ച് അവിടെ നിന്ന് നിസ്കരിക്കാൻ തുടങ്ങി. അപ്പോൾ തിരുനബിﷺ ചോദിച്ചു: “ആരാണ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ വധിക്കുക?” ഉടനെ അബൂബക്കർ(റ) എഴുന്നേറ്റു ചെന്നു. എന്നാൽ അദ്ദേഹം നിസ്കരിക്കുന്നത് കണ്ട് മടങ്ങി വന്നു പറഞ്ഞു: “അദ്ദേഹം നിസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ വധിക്കാൻ എനിക്ക് പേടി തോന്നി.”

    അപ്പോൾ തിരുനബിﷺ വീണ്ടും ചോദിച്ചു: “നിങ്ങളിൽ ആരാണ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ വധിക്കുക?” അപ്പോൾ ഉമർ(റ) എഴുന്നേറ്റു ചെന്നു. അദ്ദേഹവും അബൂബക്കർ(റ) ചെയ്തതുപോലെ തന്നെ മടങ്ങി വന്നു. വീണ്ടും തിരുനബിﷺ ചോദിച്ചു: “നിങ്ങളിൽ ആരാണ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ വധിക്കുക?” അപ്പോൾ അലി(റ) പറഞ്ഞു: “ഞാൻ പോകാം.” തിരുനബിﷺ പറഞ്ഞു: “നീ അവനെ അവിടെ കണ്ടുമുട്ടുകയാണെങ്കിൽ നീ തന്നെ അതിന് യോഗ്യൻ.” അലി(റ) ചെന്നപ്പോൾ അദ്ദേഹം അവിടെനിന്നു പോയിക്കഴിഞ്ഞിരുന്നു. അലി(റ) മടങ്ങി വന്നപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇത് എന്റെ സമുദായത്തിൽ നിന്ന് പുറത്തുപോകുന്ന ആദ്യത്തെ കക്ഷിയാണ്. നീ അവനെ വധിച്ചിരുന്നെങ്കിൽ എനിക്ക് ശേഷം എന്റെ സമുദായത്തിൽ രണ്ട് പേർ പോലും ഭിന്നിക്കുമായിരുന്നില്ല.”

    ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും വിശ്വസ്തരായ നിവേദകർ വഴി വാബിസ ബിൻ മഅ്ബദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
    “പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിച്ചറിയാൻ ആഗ്രഹിച്ചുകൊണ്ടാണ് ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്നത്. ഞാൻ എത്തിയപ്പോൾ ചുറ്റും മുസ്‌ലീംകളുടെ ഒരു സംഘമുണ്ടായിരുന്നു. അവിടുത്തോട് അടുക്കാനായി ഞാൻ ആളുകൾക്കിടയിലൂടെ കടന്നുപോയി. അപ്പോൾ ചിലർ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു: ‘വാബിസാ, തിരുനബിﷺയിൽ നിന്ന് മാറി നിൽക്കൂ.’ ഞാൻ പറഞ്ഞു: ‘എനിക്ക് അവിടുത്തെ അടുത്തിരിക്കാനാണ് ഇഷ്ടം.’ അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘വാബിസയെ വിടൂ, വാബിസാ നീ അടുത്തേക്ക് വരൂ.’

    ഞാൻ തൊട്ടുമുന്നിൽ എത്തുംവരെ എന്നെ അടുപ്പിച്ചു. ശേഷം ചോദിച്ചു: നീ ചോദിക്കുകയാണോ വേണ്ടത്, അതോ ഞാൻ പറയണോ?’ ഞാൻ പറഞ്ഞു: ‘അല്ല, അവിടുന്നു പറഞ്ഞുതന്നാലും.’ അപ്പോൾ പറഞ്ഞു: പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിക്കാനല്ലേ നീ വന്നത്?’ ഞാൻ പറഞ്ഞു: ‘അതെ.’
    അപ്പോൾ വിരലുകൾ ചേർത്തുപിടിച്ച് എന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് പറഞ്ഞു: ‘പുണ്യമെന്നത് ആത്മാവിനും ഹൃദയത്തിനും ശാന്തി നൽകുന്നതാണ്. പാപമെന്നത് നിന്റെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുന്നതും നെഞ്ചിൽ സംശയം ജനിപ്പിക്കുന്നതുമാണ്, ജനങ്ങൾ നിനക്ക് അത് ചെയ്യാമെന്ന് വിധി നൽകിയാലും ശരി.’

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...