Tweet 1401

    Tweet 1401
    April 15, 2026 • Wednesday
    Post Header

    ഉമ്മു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു: ഞാൻ എന്റെ സഹോദരനോടൊപ്പം തിരുനബിﷺയുടെ അടുത്തേക്ക് ഹിജ്റ പോയി. എന്റെ സഹോദരൻ മക്കയിൽ വെച്ച് തന്റെ പണം മറന്നുപോയി. അത് എടുക്കാൻ തിരിച്ചുപോയപ്പോൾ എന്റെ ഭർത്താവ് അവനെ കൊന്നു. ഞാൻ തിരുനബിﷺയുടെ അടുത്ത് ചെന്ന് പറഞ്ഞു. “എന്റെ സഹോദരൻ കൊല്ലപ്പെട്ടു.” അപ്പോൾ തിരുനബിﷺ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് എന്റെ മുഖത്ത് തളിച്ചു. പിന്നീട് എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ കണ്ണിൽ കണ്ണീർ നിറയുമെങ്കിലും അത് കവിളിലൂടെ താഴേക്ക് ഒഴുകാറില്ലായിരുന്നു.

    അബ്ദുറസാഖ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ വുളൂഅ് ചെയ്യുമ്പോഴോ തുപ്പുമ്പോഴോ അനുചരന്മാർ അതിനായി മത്സരിക്കുകയും അതുകൊണ്ട് മുഖവും ശരീരവും തടവുകയും ചെയ്യുമായിരുന്നു. തിരുനബിﷺ ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” അവർ പറഞ്ഞു: “ഞങ്ങൾ ഇതിലൂടെ ബറകത്ത് അഥവാ അനുഗ്രഹം ആഗ്രഹിക്കുന്നു.”

    അബുൽ അശ്‌റാഅ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: എന്റെ പിതാവ് രോഗിയായപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ അടുക്കൽ വന്നു. പ്രവാചകൻﷺ തന്റെ ഉമിനീര് കൊണ്ട് അദ്ദേഹത്തിന്റെ തല മുതൽ പാദം വരെ മൂന്ന് തവണ തടവി അനുഗ്രഹിച്ചു.”
    ഇബ്നു മസ്ഊദ്(റ) പറയുന്നു: “അല്ലാഹുവിന്റെ തിരുനബിﷺ ഉമിനീർ ഉപയോഗിച്ച് എന്റെ കണ്ണിൽ സുറുമ എഴുതുന്നത് ഞാൻ കണ്ടു.”

    സൈനബ് ബിൻത് അബീ സലമ(റ)യുടെ സംഭവം: സൈനബ്(റ) ചെറിയ കുട്ടിയായിരിക്കെ അല്ലാഹുവിന്റെ തിരുനബിﷺ കുളിക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചു. അപ്പോൾ തിരുനബിﷺ അവളുടെ മുഖത്തേക്ക് അല്പം വെള്ളം കുടയുകയും “തിരിച്ചുപോകൂ” എന്ന് പറയുകയും ചെയ്തു. നിവേദകനായ അത്വാഫ്((റ) പറയുന്നു: “എന്റെ മാതാവ് പറയുമായിരുന്നു: സൈനബ്(റ) പ്രായമായ ഒരു വൃദ്ധയായിട്ടും അവരുടെ മുഖത്തെ സൗന്ദര്യത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു.”

    ഖാലിദ് ബിനു വലീദ്(റ) പറയുന്നു” ഞങ്ങൾ തിരുനബിﷺയോടൊപ്പം ഉംറ നിർവഹിച്ചു. പ്രവാചകന്റെﷺ തലമുടി നീക്കം ചെയ്തപ്പോൾ അത് ലഭിക്കാനായി ജനങ്ങൾ മത്സരിച്ചു. ഞാൻ പ്രവാചകന്റെﷺ നെറ്റിയുടെ ഭാഗത്തെ മുടി കരസ്ഥമാക്കി. ഞാനത് എന്റെ തൊപ്പിയുടെ മുൻഭാഗത്ത് വെച്ചു. പിന്നീട് ആ തൊപ്പിയുമായി ഞാൻ പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും എനിക്ക് വിജയം ലഭിച്ചു.”

    മാലിക് ബിൻ സിനാൻ(റ) ഉദ്ധരിക്കുന്നു. ഉഹ്ദ് യുദ്ധത്തിൽ തിരുനബിﷺയുടെ മുഖത്ത് പരിക്കേറ്റപ്പോൾ, മാലിക് ബിൻ സിനാൻ(റ) പ്രവാചകന്റെﷺ മുഖത്തെ രക്തം വലിച്ചെടുക്കുകയും അത് ഇറക്കുകയും ചെയ്തു. അപ്പോൾ പ്രവാചകൻﷺ ചോദിച്ചു: “നീ രക്തം കുടിക്കുകയാണോ?” അദ്ദേഹം മറുപടി നൽകി: “അതെ, ഞാൻ അല്ലാഹുവിന്റെ ദൂതന്റെﷺ രക്തം കുടിക്കുകയാണ്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ആരുടെ രക്തമാണോ എന്റെ രക്തവുമായി കലർന്നത്, അവനെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കും അല്ലെങ്കിൽ അവന് ഉപദ്രവം ഏൽക്കില്ല.

    അബൂ ഖാസിം അൽ ബഗ്‌വി(റ) റിപ്പോർട്ട് ചെയ്യുന്ന നിവേദനത്തിന്റെ അവസാനം തിരുനബിﷺ ഇപ്രകാരം പറഞ്ഞു: “എന്റെ രക്തവുമായി ആരുടെ രക്തമാണോ കലർന്നത് എന്ന് നോക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ മാലിക് ബിൻ സിനാനെ(റ) നോക്കട്ടെ.”

    സഫീന(റ) അനുഭവം വിവരിക്കുന്നു. തിരുനബിﷺ ഹിജാമ /കൊമ്പ് വെക്കുകയും ശേഷം എന്നോട് പറഞ്ഞു: “ഈ രക്തം മറവു ചെയ്യുക.” ഞാൻ പോയി അത് കുടിച്ചു. പിന്നീട് ഞാൻ പ്രവാചകന്റെﷺ അടുത്ത് വന്നപ്പോൾ അവിടുന്ന് ചോദിച്ചു: “നീ എന്താണ് ചെയ്തത്?” ഞാൻ പറഞ്ഞു: “ഞാനത് മറച്ചു വെച്ചു.” പ്രവാചകൻﷺ ചോദിച്ചു: “നീ അത് കുടിച്ചോ?” ഞാൻ പറഞ്ഞു: “അതെ.”

    സഫീന(റ) പറയുന്നു: “തിരുനബിﷺ കൊമ്പ് വെച്ച ശേഷം ആ രക്തം പക്ഷികൾക്കും മൃഗങ്ങൾക്കും ലഭിക്കാത്ത വിധം ഒളിപ്പിക്കാൻ കൽപ്പിച്ചു. ഞാൻ അത് കുടിച്ചു. പിന്നീട് നബിﷺയുടെ അടുത്ത് വന്ന് വിവരം പറഞ്ഞപ്പോൾ പ്രവാചകൻﷺ ചിരിക്കുക മാത്രം ചെയ്തു, എന്നോട് ഒന്നും പറഞ്ഞില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...