
ഇമാം ബുഖാരി(റ)യും മറ്റുള്ളവരും മിസ്‌വർ ബിൻ മഖ്‌റമ(റ), മർവാൻ ബിൻ ഹകം(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ഹുദൈബിയ വർഷത്തിൽ തിരുനബിﷺ മക്കയിലെ കഅ്ബ സന്ദർശിക്കാനായി പുറപ്പെട്ടു. യുദ്ധം ചെയ്യുക എന്നത് അവിടുത്തെ ഉദ്ദേശ്യമായിരുന്നില്ല. ആ സംഭവത്തിൽ ഇപ്രകാരമുണ്ട്: ഖുറൈശികൾ നബിﷺയുടെ അടുത്തേക്ക് ഉർവ്വത്ത് ബിൻ മസൂദ് അസ്സഖഫിയെ അയച്ചു. അദ്ദേഹം പ്രവാചകന്റെﷺ അനുചരന്മാരെ സൂക്ഷ്മമായി നിരീക്ഷിച്ചു. അദ്ദേഹം പിന്നീട് ഖുറൈശികളോട്പറഞ്ഞു: “അല്ലാഹുവാണേ സത്യം! പ്രവാചകൻﷺ തുപ്പിയാൽ പോലും അത് അനുചരന്മാരിൽ ഒരാളുടെ കയ്യിലല്ലാതെ വീഴാറില്ല. അവരത് മുഖത്തും ശരീരത്തിലും തടവുന്നു. അവിടുന്ന് ഒരു കാര്യം കൽപ്പിക്കുമ്പോഴേക്കും അവർ അത് നടപ്പിലാക്കാൻ മത്സരിക്കുന്നു. അംഗശുദ്ധി വരുത്തിയാൽ, ആ വെള്ളത്തിനായി അവർ തമ്മിൽ പോരടിക്കുന്നു. സംസാരിക്കുമ്പോൾ അവർ ശബ്ദം താഴ്ത്തുന്നു. അവിടുത്തോടുള്ള ആദരവ് കാരണം അവർ തിരുനബിﷺയെ നേരിട്ട് നോക്കാറില്ല.”
ഉർവ്വത്ത് ഖുറൈശികളുടെ അടുക്കലേക്ക് മടങ്ങി ഇപ്രകാരം പറഞ്ഞു. “ഖുറൈശികളേ, ഞാൻ കിസ്‌റയുടെയും ഖൈസറിന്റെയും നജ്ജാശിയുടെയും കൊട്ടാരങ്ങളിൽ പോയിട്ടുണ്ട്. എന്നാൽ മുഹമ്മദ് നബിﷺയുടെ അനുചരന്മാർ ബഹുമാനിക്കുന്നത് പോലെ മറ്റൊരു രാജാവിനെയും തന്റെ അനുചരന്മാർ ബഹുമാനിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവിടുന്ന് ഒരു കാര്യം കൽപ്പിക്കുമ്പോഴേക്കും അവർ അത് ചെയ്യുന്നു. വുളൂഅ് എടുത്ത വെള്ളത്തിനായി അവർ മത്സരിക്കുന്നു. അവിടുത്തോടുള്ള ബഹുമാനം കാരണം അവർ കണ്ണ് ഉയർത്തി നോക്കാറില്ല. ആ പ്രവാചകനെﷺ ഒരിക്കലും ഒന്നിനും വിട്ടുകൊടുക്കാത്ത ഒരു ജനതയെയാണ് ഞാൻ കണ്ടത്. അതിനാൽ നിങ്ങളുടെ കാര്യത്തിൽ നിങ്ങൾ തന്നെ തീരുമാനമെടുക്കുക.”
അനസ്(റ) നിവേദനം ചെയ്യുന്നു: പ്രഭാത നിസ്കാരത്തിന് ശേഷം മദീനയിലെ സേവകർ പാത്രങ്ങളിൽ വെള്ളവുമായി വരും. തിരുനബിﷺ ഓരോ പാത്രത്തിലും അവിടുത്തെ തിരുകരം ഒന്നു മുക്കും. തണുപ്പുള്ള പ്രഭാതങ്ങളിൽ പോലും അവർ വെള്ളവുമായി വരുമായിരുന്നു.
പ്രവാചക ശിഷ്യനായ അബൂ മഹ്ദൂറ(റ)യുടെ തലയുടെ മുൻഭാഗത്ത് നീളമുള്ള മുടിയുണ്ടായിരുന്നു. ഇരിക്കുമ്പോൾ അത് തറയിൽ എത്തുമായിരുന്നു. ഞങ്ങൾ ചോദിച്ചു: “നിങ്ങൾ ഇതൊന്ന് ക്ഷൗരം ചെയ്തുകൂടെ?” അദ്ദേഹം പറഞ്ഞു: “തിരുനബിﷺ തിരുകരം കൊണ്ട് ഇതിൽ തടവിയിട്ടുണ്ട്. മരിക്കുന്നത് വരെ ഞാൻ ഇത് മുറിക്കില്ല.” മരണം വരെ അദ്ദേഹം അത് മുറിച്ചില്ല.
ബിൻ അബൂ സഈദ് അൽ ഖുദ്‌രി(റ) നിവേദനം ചെയ്യുന്നു: ഒരു ദിവസം ഞാൻ പ്രവാചകന്റെﷺ അടുത്തുണ്ടായിരുന്നു. അവിടുന്ന് ഞങ്ങൾക്ക് ഈത്തപ്പഴം വിതരണം ചെയ്യുകയായിരുന്നു. അവിടുത്തെ കൈ സ്പർശിച്ചതിന്റെ അനുഗ്രഹം പ്രതീക്ഷിച്ച് ഞങ്ങൾ ഈത്തപ്പഴം അവിടുത്തെ അടുത്തേക്ക് നീക്കിക്കൊടുക്കുമായിരുന്നു.
സാഇബ് ബിൻ യസീദ്(റ) നിവേദനം ചെയ്യുന്നു: എന്റെ ഉമ്മയുടെ സഹോദരി എന്നെ തിരുനബിﷺയുടെ അടുക്കലേക്ക് കൊണ്ടുപോയി പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ സഹോദരി പുത്രന് അസുഖമുണ്ട്.” അപ്പോൾ പ്രവാചകൻﷺ എന്റെ തലയിൽ തടവുകയും എനിക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് വുളൂഅ് എടുക്കുകയും ഞാൻ ആ വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്തു.
അസ്‌ലഅ് ബിൻ ശരീക്(റ) നിവേദനം ചെയ്യുന്നു: ഞാൻ പ്രവാചകന്റെﷺ ഒട്ടകപ്പുറത്ത് യാത്രക്ക് തയ്യാറെടുപ്പുകൾ നടത്താറുണ്ടായിരുന്നു. തണുപ്പുള്ള ഒരു രാത്രിയിൽ എനിക്ക് കുളി നിർബന്ധമായി. പ്രവാചകൻﷺ യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്നു. ജനാബത്തോടു കൂടി പ്രവാചകന്റെﷺ ഒട്ടകത്തെ കെട്ടാൻ എനിക്ക് മടിയായി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ രോഗം വരുമോ എന്ന് ഞാൻ ഭയന്നു. അതിനാൽ ഒരു അൻസ്വാരിയോട് ഒട്ടകത്തെ കെട്ടാൻ ഞാൻ ആവശ്യപ്പെട്ടു. പിന്നീട് കല്ലുകൾ ചൂടാക്കി വെള്ളം ചൂടാക്കി ഞാൻ കുളിച്ചു. ശേഷം പ്രവാചകനോﷺടൊപ്പം ചേർന്നു. അവിടുന്ന് ചോദിച്ചു: “അസ്‌ലഅ്(റ), നിന്റെ ഒട്ടകത്തിന് എന്ത് പറ്റി?” അതായത് നീ എന്താണ് വരാൻ വൈകിയത് അല്ലെങ്കിൽ ഒട്ടകത്തിന്റെ ഭാവം മാറിയത്? ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഞാൻ അല്ല അത് കെട്ടിയത്, ഒരു അൻസ്വാരിയാണ്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
