
മുറിവുകളും ഒടിവുകളും ഭേദമാക്കുന്നതിൽ തിരുനബിﷺയുടെ അത്ഭുതപ്രവൃത്തികൾ അഥവാ മുഅ്ജിസത്തുകൾ ചില നിവേദനങ്ങളിലൂടെ വായിക്കാം.
അബ്ദുല്ലാഹി ബിൻ അനീസ്(റ): മുസ്തനീർ ബിൻ റസ്സാം എന്ന യഹൂദി അബ്ദുല്ലാ ബിൻ അനീസി(റ)ന്റെ മുഖത്ത് അടിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് ആ മുറിവിൽ ഊതുകയും അതോടെ വേദന പൂർണ്ണമായും മാറുകയും ചെയ്തു. മരണം വരെ ആ മുറിവ് അദ്ദേഹത്തെ അലട്ടിയിട്ടില്ല.
അലിയ്യ് ബിൻ അൽ ഹക്കം(റ): ഖന്തഖ് യുദ്ധവേളയിൽ കുതിരയെ ചാടിക്കുന്നതിനിടയിൽ അലിയ്യ് ബിൻ അൽ ഹക്കമി(റ)ന്റെ കാൽ ഒടിഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന്റെ കാലിൽ തടവുകയും ‘ബിസ്മില്ലാഹ്’ എന്ന് പറയുകയും ചെയ്തു. കുതിരപ്പുറത്ത് നിന്ന് താഴെ ഇറങ്ങുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ കാൽ സുഖപ്പെട്ടു.
അബ്ദുല്ല ബിൻ അതീഖ്(റ): അബൂ റാഫിഇനെ വധിച്ച ശേഷം തിരികെ വരുമ്പോൾ ഗോവണിയിൽ നിന്ന് വീണ് അദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞു. തിരുനബിﷺയോട് വിവരം പറഞ്ഞപ്പോൾ, കാല് നീട്ടാൻ ആവശ്യപ്പെട്ടു. തിരുനബിﷺ അവിടെ തടവിയപ്പോൾ ഒരിക്കലും വേദന ഉണ്ടായിട്ടില്ലാത്ത വിധം അത് സുഖപ്പെട്ടു.
ഹുനൈൻ യുദ്ധത്തിൽ ഖാലിദ് ബിൻ വലീദി(റ)ന് ഗുരുതരമായി പരിക്കേറ്റു. യുദ്ധം ജയിച്ച ശേഷം തിരുനബിﷺ അദ്ദേഹത്തിന്റെ താവളം അന്വേഷിച്ചു ചെന്നു. ഖാലിദി(റ)ന്റെ മുറിവിൽ അവിടുന്ന് ഊതിയതോടെ അത് പെട്ടെന്ന് തന്നെ ഭേദമായി.
കഅബ് ബിൻ അശ്റഫിനെ വധിക്കാനുള്ള നീക്കത്തിനിടയിൽ ഹാരിസ് ബിൻ ഔസി(റ)ന്റെ തലയിലും കാലിലും മുറിവേറ്റു. തിരുനബിﷺ ആ മുറിവിൽ ഉമിനീർ പുരട്ടിയതോടെ വേദന ശമിച്ചു.
ബദ്ർ യുദ്ധത്തിൽ അബൂജഹൽ മുഅവ്വദി(റ)ന്റെ കൈ വെട്ടിമാറ്റി. അദ്ദേഹം ആ കൈയുമായി തിരുനബിﷺയുടെ അടുത്തെത്തി. തിരുനബിﷺ അവിടെ ഉമിനീർ പുരട്ടി കൈ പഴയ സ്ഥാനത്ത് വെച്ച് ഒട്ടിച്ചു. അത്ഭുതകരമായി ആ കൈ ശരീരവുമായി ചേർന്നു.
ഖൈബർ യുദ്ധത്തിൽ സലമത്ത് ബിൻ അൽ അക്‌വഅ്(റ)ന്റെ കാലിന് മുറിവേറ്റു. തിരുനബിﷺ ആ മുറിവിൽ മൂന്ന് തവണ ഊതിയതോടെ അപ്പോൾ തന്നെ വേദന മാറി. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് അവിടെ വേദന അനുഭവപ്പെട്ടിട്ടില്ല.
ഉഹ്ദ് യുദ്ധത്തിൽ കുൽസൂം ബിൻ ഹുസൈൻ(റ)ന്റെ കഴുത്തിന് അമ്പേറ്റു. തിരുനബിﷺ അവിടെ ഉമിനീർ പുരട്ടിയതോടെ ആ മുറിവ് ഉണങ്ങി.
ഹബീബ് ബിൻ യസാഫ്(റ)ന് ഒരു യുദ്ധത്തിൽ തോളിൽ വെട്ടേൽക്കുകയും കൈ തൂങ്ങിപ്പോവുകയും ചെയ്തു. തിരുനബിﷺ അത് പഴയ സ്ഥാനത്ത് വെച്ച് ഉമിനീർ പുരട്ടിയപ്പോൾ കൈ പഴയപടിയാവുകയും ചെയ്തു. പിന്നീട് തന്നെ വെട്ടിയ ആളെത്തന്നെ അദ്ദേഹം വധിക്കുകയുണ്ടായി.
ഇസ്ലാമിന്റെ എതിരാളികളും അക്രമികളും സായുധമായി നേരിടാൻ വന്നപ്പോൾ പടക്കളങ്ങളിലും അല്ലാതെയും പ്രതിരോധിക്കേണ്ടിവന്നു. അത്തരം സന്ദർഭങ്ങളെ പരാമർശിക്കുന്ന നിവേദനങ്ങൾ ആയതുകൊണ്ടാണ് വധങ്ങളുടെയും സംഘട്ടനങ്ങളുടെയും നിവേദനങ്ങൾ വായനയിൽ കടന്നുവരുന്നത്. പ്രതിരോധത്തിന്റെയും യുദ്ധക്കളങ്ങളിൽ ഉണ്ടായിരുന്ന പ്രതിരോധശക്തിയുടെയും അധ്യായങ്ങളെ വായിക്കുമ്പോൾ അത്തരമൊരു ചരിത്രാവബോധത്തോടെയാണ് വസ്തുതകൾ മനസ്സിലാക്കുകയും വിലയിരുത്തുകയും വേണ്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
