Tweet 1392

    Tweet 1392
    April 6, 2026 • Monday
    Post Header

    തിരുനബിﷺ അല്ലാഹുവിൻ്റെ അനുമതിയോടെ നടത്തിയ അത്ഭുതകരമായ രോഗശമനങ്ങളെ വിശദീകരിക്കുന്ന ചില ചരിത്ര സംഭവങ്ങൾ നമുക്കിങ്ങനെ വായിക്കാം.

    ഇമാം ബൈഹഖി(റ) ഹബീബ് ബിൻ യസാഫി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺക്കൊപ്പം ഒരു യുദ്ധത്തിൽ പങ്കെടുത്തു. അന്ന് എൻ്റെ തോളിൽ ഒരു വെട്ടേറ്റു. കൈ മുറിഞ്ഞ് തൂങ്ങിപ്പോയി. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അവിടുന്ന് മുറിവിൽ ഉമിനീർ പുരട്ടുകയും അത് യഥാസ്ഥാനത്ത് ചേർത്ത് വെക്കുകയും ചെയ്തു. ഉടനെ അത് പൂർവ്വസ്ഥിതിയിലാവുകയും സുഖപ്പെടുകയും ചെയ്തു. പിന്നീട് എന്നെ വെട്ടിയവനെ ഞാൻ വധിക്കുകയും ചെയ്തു.”

    അബൂ നുഐമും(റ) ബൈഹഖി(റ)യും ഉർവ്വ(റ)യിൽ നിന്നും ഇബ്നു ശിഹാബി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: ” തിരുനബിﷺ മുപ്പത് ആളുകളെ ഒരു ദൗത്യത്തിനായി അയച്ചു. അപ്പോൾ ജൂതനായ മുസ്തനീർ ബിൻ റസ്സാം മുന്നോട്ട് വരികയും അബ്ദുല്ലാഹിബ്നു അനീസി(റ)ൻ്റെ മുഖത്ത് അടിക്കുകയും ചെയ്തു. അതുകാരണം അദ്ദേഹത്തിൻ്റെ തലയിൽ മസ്തിഷ്കത്തെ ബാധിക്കുന്ന തരത്തിലുള്ള വലിയൊരു മുറിവുണ്ടായി. അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ എത്തിയപ്പോൾ അവിടുന്ന് ആ മുറിവിൽ ഉമിനീർ പുരട്ടുകയും ചെയ്തു. മരണം വരെ ആ മുറിവ് അദ്ദേഹത്തിന് പിന്നീട് ഒരു പ്രയാസവും ഉണ്ടാക്കിയില്ല.”

    ഹാകിം(റ), അബൂ നുഐം(റ), ഇബ്നു അസാകിർ(റ) എന്നിവർ ആഇദ് ബിൻ അംറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഹുനൈൻ യുദ്ധദിവസം എൻ്റെ മുഖത്ത് ഒരു അമ്പേറ്റു. രക്തം എൻ്റെ മുഖത്തിലൂടെയും നെഞ്ചിലൂടെയും ഒഴുകാൻ തുടങ്ങി. അപ്പോൾ തിരുനബിﷺ തിരു കരങ്ങൾ കൊണ്ട് എൻ്റെ മുഖത്തെയും നെഞ്ചിലെയും രക്തം തുടച്ചുനീക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അനുബന്ധമായി നിവേദകൻ പറയുന്നു. പിന്നീട് ഞാൻ അബ്ദുല്ലാ(റ)യുടെ പിതാവിനോടൊപ്പം അദ്ദേഹത്തെ കണ്ടപ്പോൾ തിരുനബിﷺ നെഞ്ചിൽ തടവിയ അടയാളം അവിടെ കാണാമായിരുന്നു. കുതിരയുടെ മുഖത്തുള്ള വെള്ള അടയാളം പോലെ ആ ഭാഗം തിളങ്ങുന്നുണ്ടായിരുന്നു.”

    അബ്ദുർ റസാഖും(റ) ഇബ്നു അസാകിറും(റ) അബ്ദുറഹ്മാൻ ബിൻ അസ്ഹറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഹുനൈൻ യുദ്ധദിവസം ഖാലിദ് ബിൻ വലീദ്(റ) പുറപ്പെട്ടു. അവിടുന്ന് തിരുനബിﷺയുടെ സേനയിലായിരുന്നു. അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തുകയും മുസ്‌ലിംകൾ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയും ചെയ്തപ്പോൾ, തിരുനബിﷺ മുസ്ലിംകൾക്കിടയിലൂടെ നടന്ന് ഇങ്ങനെ ചോദിക്കുന്നത് ഞാൻ കണ്ടു: ‘ഖാലിദ് ബിൻ വലീദി(റ)ൻ്റെ താവളം എവിടെയാണെന്ന് എനിക്ക് ആരാണ് കാണിച്ചുതരിക?’
    പ്രായപൂർത്തിയായ ഒരു ബാലനായിരുന്ന ഞാൻ തിരുനബിﷺയുടെ മുന്നിലൂടെ ഓടിക്കൊണ്ട് ‘ഖാലിദ് ബിൻ വലീദി(റ)ൻ്റെ താവളം എവിടെയാണ്?’ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ അത് കണ്ടെത്തി. ഖാലിദ്(റ) തൻ്റെ ഒട്ടകക്കട്ടിലിൻ്റെ പിൻഭാഗത്ത് ചാരിയിരിക്കുകയായിരുന്നു. തിരുനബിﷺ അദ്ദേഹത്തിൻ്റെ അടുക്കൽ ചെല്ലുകയും മുറിവ് നോക്കി അതിൽ ഉമിനീർ പുരട്ടുകയും ചെയ്തു.”

    ഇമാം അഹ്മദ്(റ), ഇബ്നു സഅദ്(റ), ബൈഹഖി(റ) എന്നിവർ സഫീന(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു, “താങ്കളുടെ പേരെന്താണ്?” അദ്ദേഹം പറഞ്ഞു: “തിരുനബിﷺ എനിക്ക് നൽകിയ പേരാണ് സഫീന അഥവാ കപ്പൽ എന്ന്. എന്തുകൊണ്ടാണ് ആ പേര് നൽകിയത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി: “ഒരിക്കൽ തിരുനബിﷺ അനുചരന്മാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അന്ന് കൂടെയുള്ളവർക്ക് തങ്ങളുടെ സാധനസാമഗ്രികൾ ചുമക്കാൻ പ്രയാസമായി. അപ്പോൾ അവരതെല്ലാം എൻ്റെ പുറത്ത് വെച്ചു. അല്ലാഹുവിൻ്റെ തിരുനബിﷺ പറഞ്ഞു: ‘ചുമന്നുകൊള്ളൂ, നീ ഒരു സഫീന /കപ്പൽ തന്നെയാണ്.’ അന്ന് അവിടുന്ന് അങ്ങനെ പറഞ്ഞതിന് ശേഷം ഒന്നോ രണ്ടോ മൂന്നോ നാലോ അഞ്ചോ ആറോ ഏഴോ ഒട്ടകങ്ങൾ ചുമക്കുന്ന അത്രയും ഭാരം എൻ്റെ മേൽ വെച്ചാൽ പോലും എനിക്ക് യാതൊരു ഭാരവും അനുഭവപ്പെടുമായിരുന്നില്ല.”

    ഇമാം ബൈഹഖി(റ) സലമത്ത് ബിൻ അൽ അക്‌വഇ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഒരിക്കൽ തിരുനബിﷺ ആളുകൾ അമ്പെയ്ത്ത് മത്സരത്തിൽ ഏർപ്പെടുന്നത് കണ്ടപ്പോൾ പറഞ്ഞു: ‘എത്ര മനോഹരമായ വിനോദമാണിത്! നിങ്ങൾ അമ്പെയ്യുക, ഞാൻ നിങ്ങളുടെ എല്ലാവരുടെയും കൂടെയുണ്ട്.’ അങ്ങനെ ആ ദിവസം മുഴുവൻ അവർ അമ്പെയ്ത്ത് തുടർന്നു. അവസാനം അവർ പിരിയുമ്പോൾ എല്ലാവരും തുല്യരായിരുന്നു; തിരുനബിﷺ കൂടെയുണ്ടായിരുന്നതിനാൽ ഒരാൾ പോലും മറ്റൊരാളേക്കാൾ പിന്നിലായിരുന്നില്ല അഥവാ എല്ലാവരുടെയും അമ്പുകൾ ഒരേപോലെ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...