Tweet 1390

    Tweet 1390
    April 4, 2026 • Saturday
    Post Header

    തിരുനബിﷺയുടെ അനുഗ്രഹ സ്പർശത്താൽ പല്ലുവേദനയും തലവേദനയും ഭേദമായ അനുഭവങ്ങളുടെ വായന. യസീദ് ബിൻ ദക്‌വാനി(റ)ൽ നിന്ന് നിവേദനം ചെയ്ത് അബ്ദുല്ലാഹിബ്നു റവാഹ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് അസഹനീയമായ പല്ലുവേദനയുണ്ട്. അത് എന്നെ വളരെയധികം പ്രയാസപ്പെടുത്തുന്നു.” അപ്പോൾ വേദനയുള്ള കവിളിൽ തിരുകരം വെച്ചുകൊണ്ട് തിരുനബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ അടുക്കൽ ഉന്നതസ്ഥാനീയനും അനുഗൃഹീതനുമായ നിന്റെ പ്രവാചകന്റെﷺ പ്രാർത്ഥനയാൽ, ഇദ്ദേഹം അനുഭവിക്കുന്ന ഈ പ്രയാസവും അതിന്റെ കാഠിന്യവും നീക്കി നൽകേണമേ. ഇത് ഏഴ് തവണ ആവർത്തിച്ചു. അവിടെ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ അല്ലാഹു അദ്ദേഹത്തിന് ശമനം നൽകി.

    അസ്മാ ബിൻത് അബീബക്കർ(റ) നിവേദനം ചെയ്യുന്നു: അവർക്ക് തലയിലും മുഖത്തും വലിയൊരു വീക്കം അല്ലെങ്കിൽ മുഴ ബാധിച്ചു. അപ്പോൾ തിരുനബിﷺ തിരുകരം അവരുടെ വസ്ത്രത്തിന് മുകളിലൂടെ തലയിലും മുഖത്തും വെച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവിന്റെ നാമത്തിൽ, നിന്റെ അടുക്കൽ ഉന്നതസ്ഥാനീയനും പരിശുദ്ധനും അനുഗൃഹീതനുമായ നിന്റെ പ്രവാചകന്റെﷺ പ്രാർത്ഥനയാൽ, ഇവരുടെ ഈ പ്രയാസവും ഇതിന്റെ കാഠിന്യവും നീക്കി നൽകേണമേ.”
    ഇത് മൂന്ന് തവണ ചെയ്തതോടെ ആ വീക്കം പൂർണ്ണമായും മാറിപ്പോയി.

    ഫിറാസ് ബിൻ അംറ് എന്ന് വിളിക്കപ്പെടുന്ന ലൈഥ് ഗോത്രക്കാരനായ ഒരാൾക്ക് കഠിനമായ തലവേദന ബാധിച്ചു. അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെ തിരുനബിﷺയുടെ അടുത്തേക്ക് കൊണ്ടുപോയി. തിരുനബിﷺ അദ്ദേഹത്തിന്റെ രണ്ടു കൺപുരികങ്ങൾക്കിടയിലുള്ള ചർമ്മം പിടിക്കുകയും അതൊന്ന് വലിക്കുകയും ചെയ്തു. തിരുനബിﷺയുടെ വിരലുകൾ സ്പർശിച്ച ആ നെറ്റിത്തടത്തിൽ അപ്പോൾ തന്നെ ഒരു രോമം മുളച്ചു. അതോടെ അദ്ദേഹത്തിന്റെ തലവേദന അപ്രത്യക്ഷമാവുകയും പിന്നീട് ഒരിക്കലും അദ്ദേഹത്തിന് തലവേദന അനുഭവപ്പെടുകയുമുണ്ടായില്ല.

    അബുൽ ഖാസിം അൽ-ബഗവി(റ)യും ത്വബ്റാനി(റ)യും അബ്ദുല്ലാഹിബ്നു അനീസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. “മുസ്തനീർ ബിൻ റസ്സാം എന്ന യഹൂദി എന്റെ മുഖത്ത് അടിക്കുകയും തലയിൽ മാരകമായ മുറിവ് ഉണ്ടാവുകയും ചെയ്തു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അവിടുന്ന് ആ മുറിവ് തുറന്നു നോക്കുകയും അതിൽ ഉമിനീർ പുരട്ടുകയും ഊതുകയും ചെയ്തു. പിന്നീട് ആ മുറിവ് കാരണം എനിക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല.”

    അബൂ നുഐമും(റ) ബൈഹഖി(റ)യും ഉർവ(റ)യിൽ നിന്നും ഇബ്നു ശിഹാബി(റ)ൽ നിന്നും ഇത് നിവേദനം ചെയ്തിട്ടുണ്ട്. അതിൽ ഇപ്രകാരം കൂടി ചേർത്തിരിക്കുന്നു: “അദ്ദേഹം മരിക്കുന്നത് വരെ ആ മുറിവ് കാരണം അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെടുകയോ വേദന അനുഭവപ്പെടുകയോ ചെയ്തില്ല.”

    ഇബ്നു അബിസ്സകനും(റ) അബൂ നുഐമും(റ) മുആവിയ ബിൻ ഹകമി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺയോടൊപ്പം ഇരിക്കുമ്പോൾ, എന്റെ സഹോദരൻ അലിയ്യ് ബിൻ ഹകം(റ) തന്റെ കുതിരയെ ഒരു കിടങ്ങിന് മുകളിലൂടെ ചാടിച്ചു. എന്നാൽ കുതിരയ്ക്ക് അത് പൂർണ്ണമായി മറികടക്കാൻ കഴിഞ്ഞില്ല. കിടങ്ങിന്റെ ഭിത്തിയിൽ തട്ടി അദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞു. ഞാൻ ഉടനെ തിരുനബിﷺയുടെ അടുത്തെത്തി വിവരം പറഞ്ഞു. തിരുനബിﷺ കുതിരപ്പുറത്ത് ഇരിക്കെത്തന്നെ അദ്ദേഹത്തിന്റെ കാലിൽ തടവി. അദ്ദേഹം കുതിരപ്പുറത്ത് നിന്ന് താഴെ ഇറങ്ങുന്നതിന് മുൻപ് തന്നെ ആ കാൽ പൂർണ്ണമായും സുഖപ്പെട്ടു.”

    അബുൽ ഖാസിം അൽ-ബഗവി(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: “അലിയ്യ് ബിൻ ഹകമി(റ)ന്റെ കാൽ കിടങ്ങിന്റെ ഭിത്തിയിൽ തട്ടി ഒടിയുകയുണ്ടായി. അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ അവിടുന്ന് ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലി അത് തടവി. പിന്നീട് ആ കാൽ കൊണ്ട് അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.”

    ഇമാം ബുഖാരി(റ) ബറാഅ് ബിൻ ആസിബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂ റാഫിഅ് എന്ന ശത്രുവിനെ വധിച്ച ശേഷം മടങ്ങുമ്പോൾ, അബ്ദുല്ലാഹിബ്നു അതീക്(റ) കോണിപ്പടിയിൽ നിന്ന് വീഴുകയും അദ്ദേഹത്തിന്റെ കാൽ ഒടിയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “ഞാൻ തിരുനബിﷺയോട് ഈ വിവരം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിന്റെ കാൽ നീട്ടി വെക്കുക.’ ഞാൻ കാൽ നീട്ടി വെച്ചു. അവിടുന്ന് തിരു കരങ്ങൾ കൊണ്ട് ആ കാലിൽ തടവി. ഉടൻതന്നെ യാതൊരു വേദനയും അറിയാത്ത വിധം മുൻപ് അവിടെ ഒരു പ്രയാസവും ഇല്ലാതിരുന്നതുപോലെ അത് സുഖപ്പെട്ടു.”

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...