Tweet 1381

    Tweet 1381
    March 26, 2026 • Thursday
    Post Header

    തിരുനബിﷺ ഫിത്‌നകളെ അഥവാ കുഴപ്പങ്ങളെ ദർശിച്ചതിനെക്കുറിച്ചുള്ള നിവേദനങ്ങൾക്കൊപ്പമാണ് നാം സഞ്ചരിക്കുന്നത്. ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ മദീനയിലെ ഉയർന്ന ഒരു കോട്ടക്ക് മുകളിൽ കയറി നിന്നു. ശേഷം ചോദിച്ചു: “ഞാൻ കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തീർച്ചയായും നിങ്ങളുടെ വീടുകൾക്കിടയിൽ മഴത്തുള്ളികൾ വീഴുന്നത് പോലെ കുഴപ്പങ്ങൾ വന്നു വീഴുന്നത് ഞാൻ കാണുന്നു.”

    ത്വബ്റാനി(റ) ബിലാൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ആകാശത്തേക്ക് ദൃഷ്ടി ഉയർത്തിക്കൊണ്ട് പറഞ്ഞു: “മഴ വർഷിക്കുന്നത് പോലെ അവർക്ക് മേൽ ഫിത്‌നകളെ അയക്കുന്നവൻ എത്ര പരിശുദ്ധൻ!”

    ദുനിയാവിനെ അഥവാ ഇഹലോകത്തെ സവിശേഷമായ രൂപത്തിൽ തിരുനബിﷺ ദർശിച്ചതും അതിന്റെ സംസാരം കേട്ടതും സംബന്ധിച്ച ഒരു നിവേദനം ഇങ്ങനെയാണ്. അബൂബക്കർ സിദ്ദീഖ്(റ)വിൽ നിന്ന് ബൈഹഖി(റ)യും ഹാകിമും(റ) ഉദ്ധരിക്കുന്നു .ഹാകിം(റ) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു: “ഞാൻ തിരുനബിﷺക്കൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുന്ന് മുന്നിൽ നിന്ന് എന്തോ ഒന്നിനെ തള്ളിമാറ്റുന്നത് ഞാൻ കണ്ടു. എന്നാൽ അവിടെ അവിടുത്തോടൊപ്പം മറ്റാരെയും ഞാൻ കണ്ടില്ല. അപ്പോൾ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെﷺ, എന്താണ് അവിടുന്ന് തള്ളിമാറ്റുന്നത്?’ അവിടുന്ന് പറഞ്ഞു: ‘ഇതാ ദുനിയാവ് എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അപ്പോൾ ഞാൻ അതിനോട് പറഞ്ഞു: എന്നിൽ നിന്ന് മാറി നിൽക്കുക. ശേഷം അത് മടങ്ങി വന്നുകൊണ്ട് പറഞ്ഞു: ഇപ്പോൾ എന്നിൽ നിന്ന് രക്ഷപ്പെട്ടാലും, ശേഷമുള്ളവർ എന്നിൽ നിന്ന് രക്ഷപ്പെടുകയില്ല.'”

    ഇമാം അഹ്‌മദ്(റ) തന്റെ ‘അസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ അത്വാഅ് ബിൻ യസാറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ദുനിയാവ് പച്ചപ്പുള്ളതും മാധുര്യമുള്ളതുമായി എനിക്ക് മുന്നിൽ കടന്നുവന്നു. അത് അതിന്റെ തല ഉയർത്തുകയും എനിക്കായി അലങ്കരിക്കപ്പെടുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: എനിക്ക് നിന്നെ ആവശ്യമില്ല. അപ്പോൾ അത് പറഞ്ഞു: അവിടുന്ന് എന്നിൽ നിന്ന് രക്ഷപ്പെട്ടാലും മറ്റാരും എന്നിൽ നിന്ന് രക്ഷപ്പെടുകയില്ല.”

    ജുമുഅയെയും അന്ത്യദിനത്തെയും ദർശിച്ചതിനെക്കുറിച്ച് രേഖപ്പെടുത്തുന്നു.
    അനസ്(റ)വിൽ നിന്ന് ബസ്സാർ(റ), അബൂ യഅ്‌ല(റ), ത്വബ്റാനി(റ), ഇബ്നു അബിദ്ദുൻയാ(റ) എന്നിവർ നല്ല പരമ്പരകളിലൂടെ നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ജിബ്‌രീൽ(അ) എന്റെ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ കയ്യിൽ കറുത്ത ഒരു പുള്ളിയുള്ള വെളുത്ത ഒരു കണ്ണാടിയുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ‘ജിബ്‌രീൽ(അ), ഇതെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ഇത് ജുമുഅയാകുന്നു. തങ്ങൾക്കും അവിടുത്തെ ഉമ്മത്തിനും ഒരു പെരുന്നാൾ ആയിരിക്കാൻ വേണ്ടി രക്ഷിതാവ് തങ്ങൾക്ക് മുന്നിൽ ഇത് അവതരിപ്പിച്ചിരിക്കുകയാണ്.’ ഞാൻ ചോദിച്ചു: ‘ഇതിലെ ഈ കറുത്ത പുള്ളി എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ഇത് അന്ത്യദിനമാകുന്നു.'”

    തിരുനബിﷺയിലൂടെ ഉണ്ടായ അസാധാരണ സംഭവങ്ങളിൽ വസ്തുക്കളുടെ മാറ്റം സംഭവിച്ച കാര്യങ്ങൾ കൂടി വായിക്കാൻ ലഭിക്കും. തിരുനബിﷺയുടെ ബറകത്ത് കൊണ്ട് വെള്ളം പാലായും വെണ്ണയായും മാറിയത് ഇബ്നു സഅ്ദ്(റ) സാലിം ബിൻ അബിൽ ജഅ്ദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ രണ്ട് വ്യക്തികളെ ഒരു കാര്യത്തിനായി നിയോഗിച്ചു. അവർ പറഞ്ഞു: “ദൂതരെﷺ, ഞങ്ങളുടെ അടുക്കൽ യാത്രാവിഭവങ്ങളായി ഒന്നുമില്ല.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “എനിക്കൊരു തോൽപാത്രം കൊണ്ടുവരിക.” അവർ ഒരു പാത്രവുമായി വന്നു. തുടർന്ന് അവർ പറഞ്ഞു: “അവിടുന്ന് കൽപ്പിച്ചതനുസരിച്ച് ഞങ്ങൾ അതിൽ വെള്ളം നിറച്ചു. തിരുനബിﷺ അതിന്റെ വായ കെട്ടുകയും ഇപ്രകാരം പറയുകയും ചെയ്തു: ‘നിങ്ങൾ ഇന്നയിന്ന സ്ഥലത്തെത്തുന്നത് വരെ യാത്ര തുടരുക, തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ആഹാരം നൽകും.’ അവർ യാത്ര തിരിക്കുകയും അവിടുന്ന് കൽപ്പിച്ച ആ സ്ഥലത്തെത്തിയപ്പോൾ പാത്രം തുറന്നു നോക്കുകയും ചെയ്തു. അപ്പോൾ അതിൽ പാലും വെണ്ണയുമായിരുന്നു! അവർ വയറു നിറയെ അത് ഭക്ഷിച്ചു.”

    തിരുനബിﷺയുടെ ബറകത്ത് കൊണ്ട് മരക്കഷ്ണം വാളായി മാറിയത് ഇവിടെ തന്നെ വായിക്കാനുള്ളതാണ്. സൈദ് ബിൻ അസ്‌ലം(റ), യസീദ് ബിൻ റുമാൻ(റ) എന്നിവരിൽ നിന്ന് ഇബ്നു സഅ്ദും(റ), ഇബ്നു ഇസ്ഹാഖി(റ)ൽ നിന്ന് ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു: ബദ്ർ യുദ്ധദിവസം ഉക്കാശ ബിൻ മിഹ്‌സൻ(റ)വിന്റെ വാൾ ഒടിഞ്ഞുപോയി. അപ്പോൾ തിരുനബിﷺ അദ്ദേഹത്തിന് ഒരു മരക്കഷ്ണം നൽകി. അത് അദ്ദേഹത്തിന്റെ കയ്യിലിരുന്നുകൊണ്ട് തന്നെ മൂർച്ചയുള്ളതും മിനുസമാർന്നതും കരുത്തുറ്റതുമായ ഒരു ഇരുമ്പ് വാളായി മാറി! വിജയം ലഭികുന്നത് വരെ അദ്ദേഹം അത് ഉപയോഗിച്ച് പോരാടി. പിന്നീട് അബൂബക്കർ(റ)വിന്റെ കാലത്തുണ്ടായ രിദ്ദത്ത് യുദ്ധത്തിൽ രക്തസാക്ഷിയാകുന്നത് വരെ ആ വാൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. തിരുനബിﷺയോടൊപ്പം എല്ലാ യുദ്ധങ്ങളിലും അദ്ദേഹം അത് ഉപയോഗിച്ചിരുന്നു. ‘അൽ-ഖവിയ്യ്’ ശക്തമായത് എന്നാണ് ആ വാൾ അറിയപ്പെട്ടിരുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...