Tweet 1380

    Tweet 1380
    March 25, 2026 • Wednesday
    Post Header

    ഇവിടെ ഒരു അനുബന്ധം കൂടി ചേർത്തു വായിക്കാനുണ്ട്.
    ഇമാം അഹ്മദ്(റ) വിശ്വസ്തരായ നിവേദകരിലൂടെ റിപ്പോർട്ട് ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു:
    “ജിബ്‌രീൽ(അ) പനിയും പ്ലേഗുമായി എന്റെ അടുക്കൽ വന്നു. ഞാൻ പനിയെ മദീനയിലേക്കും പ്ലേഗിനെ സിറിയ ഉൾപ്പെടുന്ന പ്രദേശമായ ശാമിലേക്കും അയച്ചു. പ്ലേഗ് എന്റെ സമുദായത്തിന് രക്തസാക്ഷിത്വവും കാരുണ്യവുമാണ്; എന്നാൽ സത്യനിഷേധികൾക്ക് അത് ശിക്ഷയുമാണ്.”

    സയ്യിദ് നുറുദ്ദീൻ(റ) പറയുന്നു: “മദീനയിൽ നിന്ന് പനി പൂർണ്ണമായും മാറ്റപ്പെട്ടതിന് ശേഷം ഹിജ്റയുടെ അവസാന കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത് എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം.” എന്നാൽ ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി(റ) പറയുന്നു: “തിരുനബിﷺ മദീനയിൽ എത്തിയ സമയത്ത് കൂടെയുള്ള അനുയായികൾ കുറവായിരുന്നു. പ്ലേഗിനേക്കാൾ മരണം കുറവായതിനാലും, വലിയ പ്രതിഫലം ഉള്ളതിനാലും അവിടുന്ന് പനിയെ തിരഞ്ഞെടുത്തു. പനി ശരീരത്തെ ദുർബലമാക്കുമെങ്കിലും വലിയ പുണ്യമുള്ള ഒന്നാണ്. പിന്നീട് ജിഹാദിന് കൽപ്പന ലഭിച്ചപ്പോൾ, പനിയെ ജുഹ്ഫയിലേക്ക് മാറ്റാൻ പ്രാർഥിച്ചു. അതിനുശേഷം, പ്ലേഗ് വഴി ശഹാദത്ത് അഥവാ രക്തസാക്ഷിത്വം ലഭിക്കാത്തവർക്ക് അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധത്തിലൂടെ അത് ലഭിക്കുമായിരുന്നു. അത് ലഭിക്കാത്തവർക്ക് പനി ഉണ്ടാവുകയും അത് വിശ്വാസികൾക്ക് നരകാഗ്നിയിൽ നിന്നുള്ള വിഹിതമായി മാറുകയും ചെയ്തു. മദീനയിലെ മുസ്‌ലീംകളുടെ എണ്ണം വർദ്ധിച്ചതോടെ മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി മദീനയിൽ ഇത് തുടർന്നു.”

    സയ്യിദ്(റ) പറയുന്നു: “പിന്നീട് മദീനയിലേക്ക് പനി തിരിച്ചുവന്നതിനെയാണ് മേൽ ചർച്ചകൾ സൂചിപ്പിക്കുന്നത്. നമ്മുടെ കാലത്ത് മദീന പനിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അത് ആദ്യകാലത്തെപ്പോലെ മാരകമായ മഹാമാരിയല്ല. മറിച്ച് പ്ലേഗ് അവിടെ നിന്ന് പൂർണ്ണമായും തടയപ്പെട്ടിരിക്കുന്നു. സമുദായം കക്ഷികളായി പിരിയരുതെന്നും പരസ്പരം പോരടിക്കരുതെന്നും തിരുനബിﷺ പ്രാർഥിച്ചപ്പോൾ അല്ലാഹു അത് തടഞ്ഞുവല്ലോ. അപ്പോൾ അവിടുന്ന് പ്രാർഥിച്ചു:
    ‘എങ്കിൽ പനിയോ അല്ലെങ്കിൽ പ്ലേഗോ നൽകണമേ.’ പ്ലേഗ് പ്രവേശിക്കാത്ത സ്ഥലത്തേക്ക് പനി നൽകാനാണ് പ്രാർഥിച്ചത്. അതിനാൽ ഇന്ന് മദീനയിലുള്ളത് മഹാമാരിയായ പനിയല്ല, മറിച്ച് തിരുനബിﷺയുടെ പ്രാർഥന ഫലമായുള്ള കാരുണ്യത്തിന്റെ പനിയാണ്.”

    മറ്റൊരു ഭാഗം കൂടി ചേർത്ത് പറയാം. തിരുനബിﷺ പനിയെ ജുഹ്ഫയിലേക്ക് മാറ്റാൻ പ്രാർഥിച്ചത് അത് ഏറ്റവും വലിയ അക്രമം ചെയ്യുന്നവരുടെ കേന്ദ്രമായതുകൊണ്ടാണ്. അന്നുമുതൽ അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും കൂടുതൽ പനിയുള്ള സ്ഥലമായി അത് മാറി.

    ചില പണ്ഡിതന്മാർ പറയുന്നു: ‘ഐൻ ഹുമ്മ്’ എന്നറിയപ്പെടുന്ന അവിടുത്തെ നീരുറവയിലെ വെള്ളം കുടിക്കുന്നത് ആളുകൾ ഭയപ്പെട്ടിരുന്നു. അതിൽ നിന്ന് വെള്ളം കുടിക്കുന്നവർക്കെല്ലാം പനി ബാധിക്കുമായിരുന്നു.

    ബൈഹഖി(റ) ഹിശാം ബിൻ ഉർവ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “ജാഹിലിയ്യാ കാലത്ത് മദീനയിൽ പനി അഥവാ വബാഅ് പ്രസിദ്ധമായിരുന്നു. ആരെങ്കിലും ആ താഴ്‌വരയിൽ എത്തിയാൽ അവരോട് ‘കഴുതയെപ്പോലെ കരയാൻ’ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ ചെയ്താൽ ആ താഴ്‌വരയിലെ പനി അവരെ ബാധിക്കില്ലെന്ന് അവർ വിശ്വസിച്ചിരുന്നു.”

    ഇബ്‌നു ശൈബ ആമിർ ബിൻ ജാബിറി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “സനിയ്യത്തുൽ വദാഅ് എന്ന വഴിയിലൂടെയല്ലാതെ ആരും മദീനയിൽ പ്രവേശിക്കാറില്ലായിരുന്നു. അവിടെ വെച്ച് കഴുതയെപ്പോലെ പത്തുതവണ ശബ്ദമുണ്ടാക്കിയില്ലെങ്കിൽ മദീനയിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് അവർ മരിക്കുമായിരുന്നു. ആ കുന്നിൻ മുകളിൽ നിന്ന് അവർ യാത്ര പറയുമായിരുന്നു, അങ്ങനെയാണ് അതിന് ‘സനിയ്യത്തുൽ വദാഅ്’ എന്ന് പേര് വന്നത്. പിന്നീട് ഉർവത്തു ബിൻ അൽ-വർദ് അൽ-അബ്സി(റ) അവിടെ വന്നപ്പോൾ ഇപ്രകാരം ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹം ഇപ്രകാരം കവിത ചൊല്ലി:
    ‘മരണഭയം കാരണം കഴുതയെപ്പോലെ ശബ്ദമുണ്ടാക്കാൻ ഞാൻ അത്ര പേടിയുള്ളവനല്ല.’

    അദ്ദേഹം മദീനയിൽ പ്രവേശിച്ചു ചോദിച്ചു: ‘ഹേ യഹൂദികളെ, എന്തിനാണ് നിങ്ങൾ ഇപ്രകാരം ചെയ്യുന്നത്?’ അവർ പറഞ്ഞു: ‘പുറത്തുള്ളവർ ആരെങ്കിലും കഴുതയെപ്പോലെ ശബ്ദമുണ്ടാക്കാതെ ഇതിലെ വന്നാൽ മരിക്കും, അല്ലെങ്കിൽ അവർ ക്ഷീണം ബാധിച്ച് കൊല്ലപ്പെടും.’ ഉർവ(റ) അത് ഉപേക്ഷിച്ചതോടെ ജനങ്ങളും ആ അന്ധവിശ്വാസം ഉപേക്ഷിക്കുകയും എല്ലാ വഴികളിലൂടെയും പ്രവേശിക്കാൻ തുടങ്ങുകയും ചെയ്തു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...