
തിരുനബിﷺയോട് ‘ഹംറ’ പക്ഷി പരാതിപ്പെട്ടതിനെക്കുറിച്ച് വായിച്ചു നോക്കാം.
ഇമാം അബൂദാവൂദ്(റ) അത്വയാലിസിയിൽ, അബൂ നുഐം(റ) ‘കിതാബുൽ അളമ’യിൽ അബൂ ശൈഖ്(റ), ഇമാം ബൈഹഖി(റ) എന്നിവർ ഇബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം ചെയ്യുന്നു. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “ഞങ്ങൾ തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ ഞങ്ങൾ ഒരു മരം കണ്ടു. അതിൽ ‘ഹംറ’ പക്ഷിയുടെ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞങ്ങൾ ആ രണ്ട് കുഞ്ഞുങ്ങളെയും പിടിച്ചെടുത്തു.
ഉടനെ ആ പക്ഷി തിരുനബിﷺയുടെ അരികിലേക്ക് വന്നു. അത് ചിറകുകൾ വിടർത്തി തറയോട് ചേർന്ന് പറന്ന് സങ്കടം പ്രകടിപ്പിക്കുകയായിരുന്നു. അപ്പോൾ തിരുനബിﷺ ചോദിച്ചു. ‘ആരാണ് തന്റെ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ഈ പക്ഷിയെ വേദനിപ്പിച്ചത്?’
ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളാണ്.’
അപ്പോൾ തിരുനബിﷺ കൽപ്പിച്ചു: ‘ആ കുഞ്ഞുങ്ങളെ അവയുടെ സ്ഥാനത്തേക്ക് തന്നെ തിരിച്ചു നൽകുക.’
അങ്ങനെ ഞങ്ങൾ അവയെ പഴയ സ്ഥാനത്ത് തന്നെ തിരികെ വെച്ചു. അതോടെ ആ പക്ഷിയുടെ ആകുലത മാറി.”
മരുഭൂമിയിൽ തിരുനബിﷺയുടെ അരികിലേക്ക് ആട് വന്ന സംഭവം ഇങ്ങനെ വായിക്കാം. ഇബ്നു സഅ്ദ്(റ), ബൈഹഖി(റ), അബൂ നുഐം(റ), ഇബ്നു സകൻ(റ) തുടങ്ങിയവർ നാഫിഅ് ബിൻ ഹാരിസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ ഏകദേശം നാനൂറോളം പേർ തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. വെള്ളമില്ലാത്ത ഒരിടത്ത് ഞങ്ങൾ തങ്ങി. അത് അനുചരന്മാർക്ക് വലിയ പ്രയാസമുണ്ടാക്കി. അപ്പോൾ കൊമ്പുകളുള്ള ഒരു ആട് വന്ന് തിരുനബിﷺയുടെ മുന്നിൽ നിന്നു. അദ്ദേഹം അതിനെ കറന്നു; ദാഹം തീരുവോളം കുടിക്കുകയും തന്റെ അനുചരന്മാർക്ക് ദാഹം തീരുവോളം നൽകുകയും ചെയ്തു.
ശേഷം തിരുനബിﷺ പറഞ്ഞു: “നാഫിഅ്(റ), ഈ രാത്രി നീ ഇതിനെ സൂക്ഷിക്കണം. എങ്കിലും ഇത് നിന്റെ കൈവശം ഇരിക്കുമെന്ന് ഞാൻ കരുതുന്നില്ല.” നാഫിഅ്(റ) പറയുന്നു: “ഞാൻ അതിനെ പിടിക്കുകയും മണ്ണിൽ കുറ്റിയടിച്ച് കയറിട്ട് ദൃഢമായി കെട്ടിയിടുകയും ചെയ്തു. രാത്രിയുടെ ഒരു യാമത്തിൽ ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ ആടിനെ അവിടെ കണ്ടില്ല. കയർ അവിടെ കിടപ്പുണ്ടായിരുന്നു. ഞാൻ വിവരം തിരുനബിﷺയെ അറിയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അതിനെ കൊണ്ടുവന്നവൻ തന്നെ അതിനെ കൊണ്ടുപോയി.”
മറ്റൊരു സമാന സംഭവം ഇങ്ങനെയാണ് ത്വബ്റാനി(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ അബൂബക്കർ(റ)വിന്റെ മൗലയായ സഅ്ദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയോടൊപ്പം യാത്രയിലായിരിക്കെ ഒരിടത്ത് തങ്ങി. അപ്പോൾ തിരുനബിﷺ എന്നോട് പറഞ്ഞു: “സഅ്ദ്(റ), ആ പെണ്ണാടിനെ കറക്കൂ.” സഅ്ദ്(റ) പറയുന്നു: “എന്റെ അറിവിൽ ആ പ്രദേശത്ത് ആടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ചെന്നു നോക്കിയപ്പോൾ അകിട് നിറയെ പാലുള്ള ഒരു പെണ്ണാടിനെ അവിടെ കണ്ടു. ഞാൻ എത്ര തവണ അതിനെ കറന്നു എന്ന് എനിക്ക് പോലും അറിയില്ല. ഞാൻ അതിനെ കാത്തുസൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ യാത്ര തുടങ്ങാനുള്ള ഒരുക്കത്തിനിടയിൽ എനിക്ക് ആടിനെ നഷ്ടപ്പെട്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അതിന്റെ ഉടമസ്ഥൻ അതിനെ കൊണ്ടുപോയി.”
കറുത്ത നായയുടെ കഥ ഇപ്രകാരം വായിക്കാം
ഇബ്നു അദിയ്യ്(റ) മുഹമ്മദ് ബിൻ കഅ്ബ് അൽ-ഖുറളീ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു:
ഒരിക്കൽ ഒരു കറുത്ത നായ ഇസ്‌ലാമിക ഭരണത്തിന് കീഴിൽ കഴിയുന്ന ഒരു അമുസ്‌ലിമിനെ അഥവാ ദിമ്മിയെ ആക്രമിക്കാൻ തുനിഞ്ഞു. ആ മനുഷ്യൻ രക്ഷപ്പെടാനായി കടലിൽ ഇറങ്ങി നിന്നു. നായ കരയിൽ തന്നെ നിന്ന് അയാളെ കാത്തിരുന്നു. അയാൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ അയാൾ വിളിച്ചു പറഞ്ഞു: “അല്ലയോ നായേ, ഞാൻ മുഹമ്മദ് തിരുനബിﷺയുടെ സംരക്ഷണത്തിലാണ് !” ഇതുകേട്ട ഉടനെ ആ നായ അവിടെനിന്നും ഓടിപ്പോയി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
