Tweet 1375

    Tweet 1375
    March 20, 2026 • Friday
    Post Header

    ഒരിക്കൽ തിരുനബിﷺ ഒരു സംഘം ആളുകളുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അവർ ഒരു പെൺമാനിനെ വേട്ടയാടി പിടിച്ച് കൂടാരത്തിന്റെ കാലിൽ കെട്ടിയിട്ടിരുന്നു. ആ മാൻ ഇപ്രകാരം പറഞ്ഞു:
    “അല്ലാഹുവിന്റെ ദൂതരേﷺ, ഇവർ എന്നെ പിടികൂടിയിരിക്കുകയാണ്. എനിക്ക് കാട്ടിൽ രണ്ട് മാൻകുട്ടികളുണ്ട്. എന്റെ അകിടുകളിൽ പാൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വേട്ടക്കാർ എന്നെ അറുക്കുന്നുമില്ല, അതിലൂടെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു, എന്നെ വിടുന്നുമില്ല. എനിക്ക് കാട്ടിൽ പോയി എന്റെ കുട്ടികളെ കണ്ട് തിരിച്ചുവരാമായിരുന്നു.”
    അപ്പോൾ തിരുനബിﷺ ചോദിച്ചു: “നിന്നെ വിട്ടയച്ചാൽ നീ മടങ്ങിവരുമോ?” അവൾ പറഞ്ഞു: “അതെ, വരും. മടങ്ങിവന്നില്ലെങ്കിൽ അല്ലാഹു എന്നെ കഠിനമായി ശിക്ഷിക്കട്ടെ.” മറ്റൊരു നിവേദനത്തിൽ: “എനിക്ക് എന്റെ കുട്ടികൾക്ക് പാലൂട്ടാൻ അനുവാദം നൽകിയാലും, ഞാൻ ഇവരുടെ അടുത്തേക്ക് തന്നെ മടങ്ങിവരാം” എന്നാണ് പറഞ്ഞത്. തിരുനബിﷺ ചോദിച്ചു: “നീ അത് ചെയ്യുമോ?”
    അവൾ പറഞ്ഞു: “ഞാൻ അത് ചെയ്തില്ലെങ്കിൽ.അല്ലാഹു എന്നെ ശിക്ഷിക്കട്ടെ.”

    തുടർന്ന് തിരുനബിﷺ ചോദിച്ചു: “ആരാണ് ഇതിന്റെ ഉടമസ്ഥർ?” അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളാണ്.” തിരുനബിﷺ പറഞ്ഞു: “അവൾ അവളുടെ കുട്ടികൾക്ക് പാലൂട്ടാൻ പോയി തിരികെ വരുന്നത് വരെ നിങ്ങൾ അവളെ ഒന്ന് വിട്ടയക്കൂ.” അവർ ചോദിച്ചു: “അവൾ തിരികെ വരുമെന്ന് ഞങ്ങൾക്ക് ആര് ജാമ്യം നിൽക്കും?”
    തിരുനബിﷺ പറഞ്ഞു: “ഞാൻ.”

    അങ്ങനെ അവർ അതിനെ അഴിച്ചുവിട്ടു. അവൾ പോയി കുട്ടികൾക്ക് പാലൂട്ടി തിരികെ മടങ്ങിവന്നു. അവർ അവളെ വീണ്ടും പഴയപോലെ ബന്ധിച്ചു. അല്പസമയത്തിന് ശേഷം തിരുനബിﷺ വീണ്ടും അവരുടെ അരികിലൂടെ കടന്നുപോയപ്പോൾ ചോദിച്ചു: “എവിടെ ഇതിന്റെ ഉടമസ്ഥർ?” അവർ പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരേﷺ, ഇതാ ഞങ്ങൾ ഇവിടെയുണ്ട്.” തിരുനബിﷺ ചോദിച്ചു: “നിങ്ങൾ ഈ മാനിനെ എനിക്ക് വിൽക്കുമോ?”
    അവർ മറുപടി പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഇത് അങ്ങേയ്ക്കു സമ്മാനമായി നൽകുന്നു.”

    അപ്പോൾ അവിടുന്ന് പറഞ്ഞു: “എങ്കിൽ ഇതിനെ കെട്ടഴിച്ചു വിടൂ.” അവർ അതിനെ മോചിപ്പിച്ചു. ആ മാൻ അതീവ സന്തോഷത്തോടെ തന്റെ കാലുകൾ മണ്ണിലടിച്ചു ഇപ്രകാരം പറഞ്ഞുകൊണ്ട് ഓടിപ്പോയി: “അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ലെന്നും അങ്ങ് അല്ലാഹുവിന്റെ ദൂതനാﷺണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” സൈദ് ബിൻ അർഖം(റ) പറയുന്നു: “അല്ലാഹുവാണെ സത്യം! ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ്ﷺ’ എന്ന് ഉരുവിട്ടുകൊണ്ട് ആ മാൻ കാട്ടിലൂടെ സ്വതന്ത്രയായി നടക്കുന്നത് ഞാൻ കണ്ടു.”

    ഇമാം ബൈഹഖി(റ) ഉമർ ബിൻ ഖത്വാബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ ഒരു ഗ്രാമീണൻ ഒരു ഉടുമ്പിനെ വേട്ടയാടി പിടികൂടി. തിരുനബിﷺയെ കണ്ടപ്പോൾ അയാൾ പറഞ്ഞു: “ഈ ഉടുമ്പ് തങ്ങളിൽ വിശ്വസിക്കുന്നത് വരെ ഞാൻ നിങ്ങളിൽ വിശ്വസിക്കില്ല.”
    അപ്പോൾ തിരുനബിﷺ ആ ഉടുമ്പിന്റെ നേരെ തിരിഞ്ഞ് വിളിച്ചു: “അല്ലയോ ഉടുമ്പേ!” അപ്പോൾ ആ ഉടുമ്പ് മറുപടി നൽകി: “ലബ്ബൈക്ക വ സഅ്ദൈക്ക അഥവാ അങ്ങയുടെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു, അങ്ങേയ്ക്ക് മംഗളങ്ങൾ നേരുന്നു, അല്ലാഹുവിന്റെ ദൂതരേﷺ! അന്ത്യനാളിൽ വന്നെത്തുന്നവരിൽ വെച്ച് ഏറ്റവും അലങ്കാരമായവരെ!” തിരുനബിﷺ: “നീ ആരെയാണ് ആരാധിക്കുന്നത്?” ഉടുമ്പ് പറഞ്ഞു: “ആകാശത്ത് സിംഹാസനം അഥവാ അർഷും, ഭൂമിയിൽ ആധിപത്യവും, സമുദ്രത്തിൽ വഴിയും, സ്വർഗ്ഗത്തിൽ കാരുണ്യവും, നരകത്തിൽ ശിക്ഷയുമുള്ള അല്ലാഹുവിനെ ഞാൻ ആരാധിക്കുന്നു.”

    തിരുനബിﷺ വീണ്ടും ചോദിച്ചു: “ഞാൻ ആരാണ്?” ഉടുമ്പ് മറുപടി നൽകി: “അങ്ങ് ലോകരക്ഷിതാവിന്റെ ദൂതനും പ്രവാചകന്മാരുടെ മുദ്രയുമാണ്. അങ്ങയെ സത്യപ്പെടുത്തിയവൻ വിജയിച്ചു, അങ്ങയെ തള്ളിക്കളഞ്ഞവൻ പരാജയപ്പെട്ടു.”
    ഇത് കേട്ടപ്പോൾ ആ ഗ്രാമീണൻ പറഞ്ഞു: “അല്ലാഹുവാണെ സത്യം! നേരിട്ട് കണ്ട ഈ കാഴ്ചയ്ക്ക് ശേഷം എനിക്ക് മറ്റൊരു തെളിവും ആവശ്യമില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...