
അനസ്(റ) നിവേദനം ചെയ്യുന്നു: നബിﷺ അൻസ്വാരികളിൽപ്പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവേശിച്ചു. കൂടെ അബൂബക്കർ(റ), ഉമർ(റ) പിന്നെ അൻസ്വാരികളിൽപ്പെട്ട ഒരാളുമുണ്ടായിരുന്നു. ആ തോട്ടത്തിൽ കുറച്ച് ആടുകളുണ്ടായിരുന്നു. അവ തിരുനബിﷺയെ കണ്ടപ്പോൾ സുജൂദ് ചെയ്തു.
അബൂ സഈദി(റ)ൽ നിന്ന്, ബൈഹഖി ഇമാം(റ), അഹ്മദ്(റ), തിർമിദി(റ), ഹാകിമും(റ) മറ്റു പ്രമുഖരും റിപ്പോർട്ട് ചെയ്യുന്നു:
മദീനയുടെ ഒരു ഭാഗത്ത് ഒരു ഗ്രാമീണൻ തന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു ചെന്നായ വന്ന് ഒരു ആടിനെ പിടികൂടി. ഇടയൻ അതിനെ പിന്തുടർന്ന് ചെന്നായയിൽ നിന്ന് ആടിനെ മോചിപ്പിച്ചു. അപ്പോൾ ചെന്നായ ഒരു കുന്നിൻ മുകളിൽ കയറി ഇരുന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? അല്ലാഹു എനിക്ക് നൽകിയ ഉപജീവനമാണല്ലോ നീ തട്ടിയെടുത്തത്!”
ഇടയൻ അത്ഭുതപ്പെട്ട് പറഞ്ഞു: “അത്ഭുതം തന്നെ! ഒരു ചെന്നായ വാലുചുരുട്ടിയിരുന്ന് മനുഷ്യരെപ്പോലെ സംസാരിക്കുന്നുവോ?”
അപ്പോൾ ചെന്നായ പറഞ്ഞു: “നീ എന്നെയാണോ അത്ഭുതപ്പെടുന്നത്? ഇതിനേക്കാൾ അത്ഭുതകരമായ ഒരു കാര്യം ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ? രണ്ട് കുന്നുകൾക്കിടയിലെ ഈന്തപ്പനത്തോട്ടത്തിൽ അല്ലാഹുവിന്റെ ദൂതർﷺ ഇരിക്കുന്നുണ്ട്. അവിടുന്ന് ജനങ്ങൾക്ക് കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിവരിച്ചു കൊടുക്കുന്നു. അദ്ദേഹം ജനങ്ങളെ സത്യദീനിലേക്ക് ക്ഷണിക്കുന്നു, എന്നാൽ അവർ അദ്ദേഹത്തെ നിഷേധിക്കുകയാണ്.”
ഇതുകേട്ട ഇടയൻ തന്റെ ആടുകളെ മദീനയുടെ ഒരു കോണിലേക്ക് തെളിച്ചുകൊണ്ടുവന്നു. ശേഷം തിരുനബിﷺയുടെ അടുത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു.
അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരമുണ്ട്: അപ്പോൾ തിരുനബിﷺ പറഞ്ഞു: “നാളെ നീ ഞങ്ങളോടൊപ്പം സുബ്ഹി നമസ്കരിക്കുമ്പോൾ കണ്ട കാര്യങ്ങൾ ജനങ്ങളോട് പറയുക.” പിറ്റേന്ന് സുബ്ഹി നിസ്കാരത്തിന് ശേഷം ‘അസ്സ്വലാത്തു ജാമിഅ’ നിസ്കാരത്തിന് ഒരുമിച്ചു കൂടുക എന്ന് വിളംബരം ചെയ്യാൻ പ്രവാചകൻﷺ ഉത്തരവിട്ടു. തുടർന്ന് ആ ഗ്രാമീണനോട് നടന്ന കാര്യങ്ങൾ വിവരിക്കാൻ പറഞ്ഞു. അദ്ദേഹം അത് ജനങ്ങളോട് പറഞ്ഞു. അപ്പോൾ തിരുനബിﷺ ഇപ്രകാരം പറഞ്ഞു: “അദ്ദേഹം പറഞ്ഞത് സത്യമാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഒരാൾ വീട്ടിൽ നിന്ന് പുറത്തുപോയാൽ തന്റെ വീട്ടുകാർ തന്റെ അഭാവത്തിൽ എന്താണ് പ്രവർത്തിച്ചതെന്ന് അയാളുടെ ചെരുപ്പോ, ചാട്ടവാറോ, വടിയോ സംസാരിച്ച് അറിയിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
ഇബ്നു അസാക്കിർ(റ), മുഹമ്മദ് ബിൻ ജഅ്ഫർ ബിൻ ഖാലിദ് അദ്ദിമശ്ഖി(റ)യിൽ നിന്ന് ഉദ്ധരിച്ച ഈ സംഭവം റാനിഅ് ബിൻ ഉമൈർ അത്താഇ(റ) എന്ന സ്വഹാബിയുടേതാണ്. തന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ഒരു ചെന്നായ അദ്ദേഹത്തോട് സംസാരിക്കുകയും തിരുനബിﷺയുടെ അടുത്തേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ അദ്ദേഹം രചിച്ച മനോഹരമായ കവിതയുടെ സാരം താഴെ നൽകുന്നു:
എന്റെ ആടുകളെ മുഴുവൻ കള്ളന്മാരിൽ നിന്നും ചെന്നായകളിൽ നിന്നും സംരക്ഷിക്കാൻ ഞാൻ എന്റെ വേട്ടനായയെ കൂട്ടുപിടിച്ചു.
അപ്പോഴാണ് ഒരു ചെന്നായ എന്നെ വിളിക്കുന്നത് ഞാൻ കേട്ടത്; അഹ്മദ് തിരുനബിﷺ ഉടൻ വരുമെന്ന സന്തോഷവാർത്ത അത് എന്നെ അറിയിച്ചു.
ആ വാർത്ത കേട്ടതും ഞാൻ വസ്ത്രം മുട്ടറ്റം തെറുത്തുകയറ്റി, വാഹനപ്പുറത്തുള്ള യാത്രാസംഘത്തോടൊപ്പം തിരുനബിﷺയുടെ അടുത്തേക്ക് ഓടിയെത്തി. അവിടെ ഞാൻ കണ്ടത് സത്യം മാത്രം പറയുന്ന, അസത്യം തീണ്ടാത്ത ഒരു പ്രവാചകനെയാണ്.
അവിടുന്നു എനിക്ക് സത്യദീനിനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചു; പശ്ചാത്തപിച്ചു മടങ്ങുന്നവർക്കുള്ള ആ നിയമസംഹിത എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.
ഞാൻ പ്രകാശത്തെ കണ്ടു; ഞാൻ മുന്നോട്ട് നടക്കുമ്പോഴും എന്റെ വലതുഭാഗത്തും ആ പ്രകാശം എന്നെ ചുറ്റി പ്രശോഭിച്ചു കൊണ്ടിരുന്നു.
അല്ലയോ പ്രവാചകന്റെ വിളിക്ക് ഉത്തരം നൽകുന്നവരേ, നിങ്ങൾ ബനൂ അംറ് ബിൻ ഔഫ് ഗോത്രക്കാരെ ഈ പുതിയ വാർത്ത അറിയിക്കുക.
മുസ്തഫാ നബിﷺയുടെ വിളിയിൽ യാതൊരു സംശയവുമില്ല; ആ വിളിക്ക് നീ ഉത്തരം നൽകിയാൽ നിനക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
