Tweet 1366

    Tweet 1366
    March 11, 2026 • Wednesday
    Post Header

    തിരുനബിﷺ ചൂണ്ടിയപ്പോൾ വിഗ്രഹങ്ങൾ തലകീഴായി വീണതിനെക്കുറിച്ചുള്ള നിവേദനം ഇങ്ങനെ വായിക്കാം.
    ഇബ്നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ), ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവരും, ഇബ്നു ഇസ്ഹാഖും(റ) ബൈഹഖി(റ)യും അലി(റ)വിൽ നിന്നും, അതുപോലെ ഇബ്നു ഉമറി(റ)ൽ നിന്ന് നാഫിഅ്(റ) വഴിയായി അബൂ നുഐമും(റ) ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു:
    തിരുനബിﷺ മക്കയിൽ പ്രവേശിച്ചപ്പോൾ അവിടെ മുന്നൂറ്റി അറുപതോളം വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യിലുണ്ടായിരുന്ന വടികൊണ്ട് ഓരോ വിഗ്രഹത്തിനും നേരെ ചൂണ്ടിക്കൊണ്ട് വിശുദ്ധ ഖുർആനിലെ ഇസ്റാ അധ്യായത്തിലെ 81ആം സൂക്തത്തിന്റെ ഭാഗം ഉച്ചരിച്ചു: “സത്യം വന്നെത്തി, അസത്യം മാഞ്ഞുപോയി. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതുതന്നെയാകുന്നു.” “സത്യം വന്നെത്തിയിരിക്കുന്നു. അസത്യം ഒന്നും തുടങ്ങുകയില്ല, മടക്കിക്കൊണ്ടു വരികയുമില്ല.” തിരുനബിﷺ വടികൊണ്ട് ഒരു വിഗ്രഹത്തിന് നേരെ ചൂണ്ടുമ്പോഴേക്കും, അതിൽ സ്പർശിക്കാതെ തന്നെ അത് തകർന്നു വീഴുമായിരുന്നു.

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം:
    മക്ക വിജയ ദിവസം തിരുനബിﷺ കഅ്ബയിൽ പ്രവേശിക്കുമ്പോൾ കഅ്ബക്ക് ചുറ്റും മുന്നൂറ്റി അറുപത് വിഗ്രഹങ്ങൾ ഉണ്ടായിരുന്നു. അവിടുന്ന് വില്ല് എടുത്ത് ഓരോ വിഗ്രഹത്തിന് നേരെയും ആംഗ്യം കാണിച്ചു. അവിടുന്ന് ചൂണ്ടിക്കൊണ്ടിരുന്നു, അവ വീണുകൊണ്ടുമിരുന്നു. അങ്ങനെ എല്ലാ വിഗ്രഹങ്ങളും തകർന്നു വീണു. ഇതിനെക്കുറിച്ച് തമീം ബിൻ അസദ് അൽ-ഖുസാഈ(റ) ഇപ്രകാരം കവിത പാടിയിട്ടുണ്ട്:

    “പ്രതിഫലമോ ശിക്ഷയോ ആഗ്രഹിക്കുന്നവർക്ക് ഈ വിഗ്രഹങ്ങളുടെ തകർച്ചയിൽ വലിയൊരു പാഠവും അറിവുമുണ്ട്.” ഇബ്നു മൻദഃ(റ), ഇബ്നു അബ്ബാസി(റ)ൽ നിന്ന് മൂന്നാമതൊരു നിവേദന പരമ്പരയിലൂടെയും ഇത് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “ഇതൊരു അപൂർവ്വമായ ഹദീസാണ്, യഅ്ഖൂബ് ബിൻ മുഹമ്മദ് അൽ-സുഹ്‌രി(റ) മാത്രമാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത്.” ഇമാം ബൈഹഖി(റ) പറഞ്ഞു: “ഇബ്നു ഉമറി(റ)ന്റെ ഹദീസിന്റെ പരമ്പര ദുർബലമാണെങ്കിൽ പോലും, ഇബ്നു അബ്ബാസി(റ)ന്റെ ഹദീസ് അതിനെ ശക്തിപ്പെടുത്തുന്നുണ്ട്.”

    കഅ്ബാലയം സ്ഥാപിക്കപ്പെട്ടത് അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം അല്ലാഹുവിന് ആരാധിക്കാൻ വേണ്ടി മാത്രമാണ്. സഹസ്രാബ്ദങ്ങൾക്ക് ശേഷം വിഗ്രഹാരാധകർ കയ്യേറ്റം നടത്തുകയും വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെടുകയുമാണ് ചെയ്തത്. കഅ്ബാലയത്തിന്റെ അടിസ്ഥാന ആശയത്തിലേക്കും പവിത്രതയിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് ആക്രമിച്ചു സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളെ നീക്കം ചെയ്യാൻ തിരുനബിﷺ നേതൃത്വം നൽകിയത്.

    തിരുനബിﷺയുടെ പ്രസംഗപീഠം അഥവാ മിമ്പർ തിരുനബിﷺയുടെ സംഭാഷണത്തിനിടെ ചലിച്ച സംഭവം ഇങ്ങനെ വായിക്കാം. ഇമാം അഹ്മദ്(റ), മുസ്‌ലിം(റ), നസാഈ(റ), ഇബ്നു മാജ(റ) എന്നിവർ ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മിമ്പറിൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “സർവ്വാധിപതിയായ അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അവൻ്റെ കരങ്ങളിൽ എടുക്കും അഥവാ സവിശേഷമായ വിധം അധികാരപൂർവ്വം കൈകാര്യം ചെയ്യും, എന്നിട്ട് പറയും: ഞാനാണ് സർവ്വാധിപതി. എവിടെയാണ് ഭൂമിയിലെ അഹങ്കാരികൾ? എവിടെയാണ് തന്റേടികൾ? തിരുനബിﷺ തന്റെ വലതുവശത്തേക്കും ഇടതുവശത്തേക്കും ആംഗ്യം കാണിച്ച് ഇത് ആവർത്തിച്ചുകൊണ്ടിരുന്നു. അപ്പോൾ മിമ്പറിന്റെ താഴ്ഭാഗം ചലിക്കുന്നത് ഞാൻ കണ്ടു. തിരുനബിﷺയെയും കൊണ്ട് മിമ്പർ താഴെ വീഴുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു പോയി.

    ഇമാം ഹാകിം(റ) ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അവർ അല്ലാഹുവിൻ്റെ ദൂതരോﷺട് സൂറത്തുസ്സുമർ 67ാം സൂക്തത്തെക്കുറിച്ച് ചോദിച്ചു: “അല്ലാഹുവെ ഖദർ ചെയ്യേണ്ട അഥവാ മനസ്സിലാക്കേണ്ട രീതിയിൽ അവർ മനസ്സിലാക്കിയിട്ടില്ല. അന്ത്യദിനത്തിൽ ഭൂമി മുഴുവൻ അവന്റെ കൈപ്പിടിയിലായിരിക്കും. അഥവാ അവൻ്റെ സവിശേഷമായ അധികാരത്തിൽ ആയിരിക്കും….. . തിരുനബിﷺ പറഞ്ഞു: “ഞാനാണ് സർവ്വാധിപതി എന്ന് പറഞ്ഞ് റബ്ബ് തന്നെത്തന്നെ മഹത്വപ്പെടുത്തും.” അപ്പോൾ തിരുനബിﷺ ഇരുന്ന മിമ്പർ വിറക്കാൻ തുടങ്ങി, അത് മറിഞ്ഞു വീഴുമെന്ന് പോലും ഞങ്ങൾ കരുതി.

    ബസ്സാർ(റ), ഇബ്നു അദിയ്(റ) എന്നിവർ ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മിമ്പറിൽ വെച്ച്: “അല്ലാഹുവിനെ ഖദർ ചെയ്യേണ്ട രീതിയിൽ അവർ മനസ്സിലാക്കിയിട്ടില്ല…” എന്ന് തുടങ്ങുന്ന ആശയമുള്ള സൂക്തം അതിന്റെ അവസാനം വരെ പാരായണം ചെയ്തു. അപ്പോൾ മിമ്പർ അങ്ങോട്ടും ഇങ്ങോട്ടും മൂന്ന് തവണ ആടുകയുണ്ടായി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...