Tweet 1362

    Tweet 1362
    March 7, 2026 • Saturday
    Post Header

    ഇബ്നു ഉമർ(റ) പറയുന്നു: “ഞങ്ങൾ ഒരു യാത്രയിലായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹം അടുത്തുവന്നപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കൾ എങ്ങോട്ടാണ് പോകുന്നത്?’
    അദ്ദേഹം പറഞ്ഞു: ‘എന്റെ കുടുംബത്തിന്റെ അടുത്തേക്ക്.’ നിനക്ക് ഒരു നന്മ വേണോ?’
    അദ്ദേഹം ചോദിച്ചു: ‘എന്താണത്?’
    പ്രവാചകൻﷺ പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് പങ്കുകാരില്ലെന്നും, മുഹമ്മദ് നബിﷺ അവന്റെ ദാസനും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കലാണ്.’ അപ്പോൾ ആ ഗ്രാമീണൻ ചോദിച്ചു: ‘ഈ പറയുന്നതിന് വല്ല സാക്ഷിയുമുണ്ടോ?’ തിരുനബിﷺ പറഞ്ഞു: ‘ദാ, ഈ മരം!’ താഴ്‌വരയുടെ അരികിലുണ്ടായിരുന്ന ആ മരത്തെ തിരുനബിﷺ വിളിച്ചു. ഉടനെ ആ മരം മണ്ണ് കീറിമുറിച്ചുകൊണ്ട് പ്രവാചകന്റെﷺ മുന്നിൽ വന്ന് നിന്നു. പ്രവാചകൻﷺ മരത്തോടു മൂന്ന് തവണ സാക്ഷ്യം ചോദിച്ചു. പ്രവാചകൻﷺ പറഞ്ഞത് സത്യമാണെന്ന് മരം സാക്ഷ്യം വഹിച്ചു. അതിനുശേഷം അത് നിന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചുപോയി. ആ ഗ്രാമീണൻ തന്റെ ഗോത്രത്തിലേക്ക് മടങ്ങിപ്പോയി. പോകുമ്പോൾ അദ്ദേഹം പ്രവാചകനോﷺട് ഇപ്രകാരം പറഞ്ഞു: ‘എന്റെ ജനത എന്നെ അനുഗമിക്കുകയാണെങ്കിൽ ഞാൻ അവരെയും കൊണ്ട് അവിടുത്തെ സന്നിധിയിലേക്ക് വരാം. ഇല്ലെങ്കിൽ ഞാൻ തന്നെ തിരികെ വന്ന് ഒപ്പം കൂടാം”

    ഇബ്നു ഉമർ(റ) നിവേദനം ചെയ്ത ഈ ഹദീസ് ദാരിമി(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ) എന്നിവർ റിപ്പോർട്ട് ചെയ്തതാണ്. ഇമാം ഹാകിം(റ) ഇത് സ്വഹീഹാണെന്ന് പറയുകയും ഇമാം ദഹബി(റ) ഇതിന്റെ പരമ്പര മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    ഇമാം ബൈഹഖി(റ) ഹസൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: സ്വന്തം ജനത സത്യം നിഷേധിച്ചതിലുള്ള കഠിനമായ ദുഃഖത്തോടെ അല്ലാഹുവിന്റെ ദൂതർﷺ മക്കയിലെ ഒരു മലയിടുക്കിലേക്ക് പുറപ്പെട്ടു. അവിടുന്ന്ﷺ പ്രാർഥിച്ചു: “എന്റെ രക്ഷിതാവേ, എന്റെ മനസ്സിന് സമാധാനം നൽകുന്നതും ഈ ദുഃഖം അകറ്റുന്നതുമായ ഒരു ദൃഷ്ടാന്തം എനിക്ക് കാണിച്ചുതരേണമേ.”
    അപ്പോൾ അല്ലാഹു ഇപ്രകാരം സന്ദേശം നൽകി: “ഈ മരത്തിലെ ഇഷ്ടമുള്ള ഏതെങ്കിലും ഒരു കൊമ്പിനെ അടുത്തേക്ക് വിളിക്കുക.” പ്രവാചകൻﷺ ഒരു കൊമ്പിനെ വിളിച്ചു. ഉടനെ അത് മരത്തിൽ നിന്ന് വേർപെട്ട്, മണ്ണ് കീറിമുറിച്ചുകൊണ്ട് പ്രവാചകന്റെﷺ മുന്നിലെത്തി. പിന്നീട് അതിനോട് “നിന്റെ സ്ഥാനത്തേക്ക് മടങ്ങുക” എന്ന് കൽപ്പിച്ചു. ആ കൊമ്പ് വീണ്ടും മണ്ണ് കീറി നീങ്ങിക്കൊണ്ട് പഴയ സ്ഥാനത്ത് തന്നെ ഉറച്ചുനിന്നു. ഇത് കണ്ട പ്രവാചകൻﷺ അല്ലാഹുവിനെ സ്തുതിക്കുകയും അവിടുത്തെ മനസ്സ് ശാന്തമാവുകയും ചെയ്തു.

    ഇമാം ബൈഹഖി(റ) ഉമർ ബിൻ ഖത്താബ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: മക്കയിലെ ബഹുദൈവ വിശ്വാസികൾ പ്രവാചകനെﷺ ദ്രോഹിച്ചുകൊണ്ടിരുന്ന സമയത്ത് അവിടുന്ന് ‘ഹജൂൻ’ എന്ന സ്ഥലത്ത് അതീവ ദുഃഖിതരായി ഇരിക്കുകയായിരുന്നു. പ്രവാചകൻﷺ പ്രാർഥിച്ചു: “അല്ലാഹുവേ, ഇതിനുശേഷം ആര് എന്നെ നിഷേധിച്ചാലും എനിക്ക് പ്രയാസമില്ലാത്ത വിധത്തിലുള്ള ഒരു ദൃഷ്ടാന്തം ഇന്ന് എനിക്ക് കാണിച്ചുതരേണമേ.”

    അപ്പോൾ പ്രവാചകൻﷺ താഴ്‌വരയുടെ അരികിലുള്ള ഒരു മരത്തെ വിളിക്കാൻ കൽപ്പിക്കപ്പെട്ടു. പ്രവാചകൻﷺ വിളിച്ചപ്പോൾ ആ മരം മണ്ണ് കീറിമുറിച്ചുകൊണ്ട് അടുത്തെത്തി. പിന്നീട് തിരിച്ചുപോകാൻ കൽപ്പിച്ചപ്പോൾ അത് അതിന്റെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു: “ഇതിന് ശേഷം എന്റെ ജനതയിൽ ആര് എന്നെ നിഷേധിച്ചാലും എനിക്ക് ഒരു പരാതിയുമില്ല.”
    പ്രവാചകൻﷺ അനുഭവിച്ച മാനസിക പ്രയാസങ്ങൾക്ക് അല്ലാഹു നൽകിയ ദൃഢമായ ഉറപ്പുകളായിരുന്നു ഈ സംഭവങ്ങൾ.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...