Tweet 1361

    Tweet 1361
    March 6, 2026 • Friday
    Post Header

    അബൂ യഅ്‌ല(റ)യും അബൂ നുഐമും(റ) ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: വിടവാങ്ങൽ ഹജ്ജിന്റെ സമയത്ത് തിരുനബിﷺ എന്നോട് ചോദിച്ചു: “നോക്കൂ, അവിടെ ഈന്തപ്പനകളോ കല്ലുകളോ കാണുന്നുണ്ടോ?” ഞാൻ പറഞ്ഞു: “അവിടെ അവിടെയായി നിൽക്കുന്ന കുറച്ച് മരങ്ങളും കുറെ കല്ലുകളും ഞാൻ കാണുന്നുണ്ട്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “നീ ആ ഈന്തപ്പനകളുടെ അടുത്ത് ചെന്ന് അവയോട് പറയുക: അല്ലാഹുവിന്റെ ദൂതൻﷺ വരുന്നത് മറയ്ക്കാൻ വേണ്ടി നിങ്ങൾ ഒത്തുചേരാൻ അവിടുന്നു നിങ്ങളോട് കല്പിക്കുന്നു. കല്ലുകളോടും ഇതുതന്നെ പറയുക.” അങ്ങനെ ഞാൻ അവയുടെ അടുത്ത് ചെന്ന് ആ സന്ദേശം കൈമാറി. സത്യവുമായി തിരുനബിﷺയെ നിയോഗിച്ചവൻ തന്നെയാണെ സത്യം! ആ ഈന്തപ്പനകൾ മണ്ണ് പിളർത്തിക്കൊണ്ട് പരസ്പരം ഒത്തുചേരുന്നതും, കല്ലുകൾ കുന്നുകൂടി ആ മരങ്ങൾക്ക് പിന്നിൽ മറയായി മാറുന്നതും ഞാൻ കണ്ടു. തിരുനബിﷺ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു: “നീ ആ മരങ്ങളുടെയും കല്ലുകളുടെയും അടുത്ത് ചെന്ന് അവയോട് അവയുടെ പഴയ സ്ഥാനങ്ങളിലേക്ക് തന്നെ മടങ്ങിപ്പോകാൻ പറയുക.” അവ അങ്ങനെ തന്നെ ചെയ്തു.

    ഇമാം അഹ്മദും(റ) ദാരിമി(റ)യും ബൈഹഖി(റ)യും ജാബിർ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ ഒരു യാത്രയിലായിരുന്നു. പ്രാഥമികാവശ്യത്തിന് ഉദ്ദേശിച്ചാൽ അവിടുന്ന് ആരും കാണാത്ത ദൂരത്തേക്ക് മാറിപ്പോകുമായിരുന്നു. ഞങ്ങൾ മരങ്ങളോ കല്ലുകളോ അടയാളങ്ങളോ ഒന്നുമില്ലാത്ത ഒരു മരുഭൂമിയിൽ ഇറങ്ങി. അവിടുന്ന് എന്നോട് പറഞ്ഞു: “ജാബിർ(റ), ആ പാത്രത്തിൽ വെള്ളമെടുത്ത് എന്റെ കൂടെ വരൂ.” ഞാൻ വെള്ളവുമായി ഒപ്പം നടന്നു. ഞങ്ങൾ ദൂരെയെത്തിയപ്പോൾ ഏകദേശം നാല് മുഴം അകലത്തിൽ നിൽക്കുന്ന രണ്ട് മരങ്ങൾ കണ്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “നീ പോയി ആ മരത്തോട് പറയുക: എനിക്ക് മറയായി നിൽക്കാൻ വേണ്ടി നിന്റെ കൂട്ടുകാരന്റെ അടുത്തേക്ക് ചേരുക എന്ന് അല്ലാഹുവിന്റെ റസൂൽﷺ നിന്നോട് കല്പിക്കുന്നു.”

    ഞാൻ അപ്രകാരം ചെയ്തപ്പോൾ ആ മരം വിറച്ചുകൊണ്ട് നീങ്ങി മറ്റേ മരത്തിന്റെ അടുത്തെത്തി. തിരുനബിﷺ അവയ്ക്ക് പിന്നിലിരുന്ന് ആവശ്യങ്ങൾ നിർവ്വഹിച്ചു. അതിനുശേഷം ആ രണ്ട് മരങ്ങളും അവയുടെ പഴയ സ്ഥാനങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയി.

    ഇമാം ബുഖാരി(റ) താരീഖിലും ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം തുർമുദി(റ)യും, അബൂ യഅ്‌ല(റ), ഇബ്നു ഹിബ്ബാൻ(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ ഒരു ഗ്രാമീണ അറബി തിരുനബിﷺയുടെ അടുത്ത് വന്ന് ചോദിച്ചു: “അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് എനിക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും?” അപ്പോൾ തിരുനബിﷺ ചോദിച്ചു: “ഈ ഈന്തപ്പനയിലെ ഈ കുലയെ ഞാൻ വിളിച്ചാൽ, ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുമോ?” അദ്ദേഹം പറഞ്ഞു: “അതെ.”
    അങ്ങനെ തിരുനബിﷺ ആ ഈന്തപ്പഴക്കുലയെ വിളിച്ചു. അപ്പോൾ ആ കുല മരത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങി. അത് മണ്ണിൽ വീഴുകയും, പ്രവാചകന്റെ അടുത്തേക്ക് വരികയും ചെയ്തു. അത് സാഷ്ടാംഗം പ്രണമിച്ചും വീണ്ടും തലയുയർത്തിയും അങ്ങനെ ആവർത്തിച്ചുകൊണ്ട് തിരുനബിﷺയുടെ മുന്നിലെത്തി.

    തുടർന്ന് തിരുനബിﷺ അതിനോട് പറഞ്ഞു: “തിരിച്ചുപോവുക.” ഉടനെ അത് മരത്തിലെ അതിന്റെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. ഇത് കണ്ടപ്പോൾ ആ ഗ്രാമീണൻ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഇനി മുതൽ അവിടുന്ന് പറയുന്ന ഒന്നിനെയും ഞാൻ നിഷേധിക്കില്ല. അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.” അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...