Tweet 1349

    Tweet 1349
    February 22, 2026 • Sunday
    Post Header

    അവർ വരുന്നത് കണ്ട് പരിഭ്രമിച്ച അബൂ ത്വൽഹ(റ) പറഞ്ഞു: “അനസേ(റ), നീ നമ്മളെ നാണം കെടുത്തിയല്ലോ! കുറഞ്ഞ ഭക്ഷണമല്ലേ നമ്മുടെ അടുത്തുള്ളൂ എന്ന്.” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരുﷺടെ കല്പന തള്ളാൻ എനിക്ക് സാധിക്കുമായിരുന്നില്ല.” അബൂ ത്വൽഹ(റ) തിരുനബിﷺ യെ സ്വീകരിക്കാൻ ചെന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഞങ്ങളുടെ അടുക്കൽ ഒരു ചെറിയ റൊട്ടി കഷ്ണം മാത്രമേയുള്ളൂ.” തിരുനബിﷺ പറഞ്ഞു: “നിശ്ചയം അല്ലാഹു അതിൽ ബർക്കത്ത് നൽകും.” വീട്ടുവാതിൽക്കൽ എത്തിയപ്പോൾ കൂടെയുള്ളവരോട് പുറത്ത് ഇരിക്കാൻ തിരുനബിﷺ തന്നെ ആവശ്യപ്പെട്ടു.

    അകത്തു പ്രവേശിച്ച അവിടുന്ന് ആ റൊട്ടി കഷ്ണം ഒരു വലിയ പാത്രത്തിൽ വെക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു: “അല്പം നെയ്യ് കയ്യിലുണ്ടോ?” അബൂ ത്വൽഹ(റ) ഒരു നെയ്പാത്രം കൊണ്ടുവന്നു. തിരുനബിﷺയും അബൂ ത്വൽഹ(റ)യും ചേർന്ന് അത് പിഴിഞ്ഞപ്പോൾ അതിൽ നിന്ന് അല്പം നെയ്യ് വന്നു. തിരുവിരൽ കൊണ്ട് ആ നെയ്യ് റൊട്ടിയിൽ പുരട്ടി. ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലിയപ്പോൾ ആ റൊട്ടി വീർത്തു വന്നു. തുടർന്ന് പറഞ്ഞു: “പത്തുപേരെ വീതം അകത്തേക്ക് വിളിക്കൂ.” അനസ്(റ) പത്തുപേരെ വിളിച്ചു. തിരുനബിﷺ കൈ റൊട്ടിയുടെ മധ്യത്തിൽ വെച്ചു പറഞ്ഞു: “അല്ലാഹുവിന്റെ നാമത്തിൽ ഇതിന് ചുറ്റും നിന്ന് കഴിക്കുക.” അവർ വയറു നിറയെ കഴിച്ച് എഴുന്നേറ്റു. അങ്ങനെ പത്തുപേർ വീതമുള്ള സംഘങ്ങളായി എൺപതിലധികം ആളുകൾ ആ ചെറിയ റൊട്ടിയിൽ നിന്ന് വയറുനിറയെ കഴിച്ചു. തിരുനബിﷺ കൈവെച്ച ഭാഗം പഴയതുപോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ശേഷം തിരുനബിﷺയും അബൂ ത്വൽഹ(റ)യും ഉമ്മു സുലൈമും(റ) അനസും(റ) വയറുനിറയെ കഴിച്ചു. എന്നിട്ടും ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ആ ബാക്കി വന്ന ഭക്ഷണം അവർ അയൽവാസികൾക്ക് സമ്മാനമായി നൽകുകയും ചെയ്തു.

    ഇമാം അഹ്‌മദ്(റ), ബുഖാരി(റ), ബൈഹഖി(റ) എന്നിവർ ജാബിർ ബിൻ അബ്ദില്ലാഹ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: കിടങ്ങ് കുഴിക്കുന്ന ദിവസം ഞങ്ങൾ തിരുനബിﷺക്കൊപ്പമായിരുന്നു. അപ്പോൾ കഠിനമായ ഒരു പാറക്കല്ല് തടസ്സമായി വന്നു. അവർ തിരുനബിﷺയെ സമീപിച്ച് പറഞ്ഞു: “ഇതാ പർവ്വതം പോലെ ഉറപ്പുള്ള ഒരു പാറക്കല്ല് തടസ്സമായിരിക്കുന്നു.” അപ്പോൾ അവിടുന്ന് പറഞ്ഞു: “ഞാനിറങ്ങാം.” ശേഷം അവിടുന്ന് എഴുന്നേറ്റു, വിശപ്പുകാരണം അവിടുത്തെ വയറിൽ കല്ല് വെച്ച് കെട്ടിയിരുന്നു. മൂന്ന് ദിവസമായി ഞങ്ങൾ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. തിരുനബിﷺ മഴു എടുത്ത് ആ പാറയിൽ അടിച്ചു. ഉടനെ അത് മണൽക്കൂന പോലെ തകർന്നു വീണു.

    ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് വീട്ടിൽ പോകാൻ അനുവാദം നൽകിയാലും.” അനുവാദം ലഭിച്ചപ്പോൾ ഞാൻ വീട്ടിൽ ചെന്ന് ഭാര്യയോട് പറഞ്ഞു: “തിരുനബിﷺക്ക് കഠിനമായ വിശപ്പനുഭവിക്കുന്നത് ഞാൻ കണ്ടു, എനിക്കത് സഹിക്കാനായില്ല. നിന്റെ അടുക്കൽ വല്ലതുമുണ്ടോ?” അവർ ഒരു സഞ്ചിയിൽ ഒരു സ്വാഅ് ഏകദേശം 2.5 കിലോ ബാർലിയും ഞങ്ങളുടെ ഒരു ആട്ടിൻകുട്ടിയുമുണ്ടെന്ന് പറഞ്ഞു. ഞാൻ ആടിനെ അറുത്തു, അവൾ ബാർലി പൊടിച്ചു. ഞാൻ ഇറച്ചി പാത്രത്തിലാക്കി അടുപ്പത്ത് വെച്ചു, മാവ് പാകമായി. ഇറച്ചിപ്പാത്രം അടുപ്പിൽ തിളച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി.

    അപ്പോൾ എന്റെ ഭാര്യ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിﷺന്റെയും കൂടെയുള്ളവരുടെയും മുന്നിൽ എന്നെ നാണം കെടുത്തരുത് അതായത്, കുറഞ്ഞ ഭക്ഷണമല്ലേയുള്ളൂ എന്ന്” ഞാൻ തിരുനബിﷺയുടെ അടുത്ത് ചെന്ന് രഹസ്യമായി പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അല്പം ഭക്ഷണമുണ്ട്. അങ്ങ് ഒരാളെയോ രണ്ടാളെയോ കൂട്ടി വന്ന് കഴിച്ചാലും.” അവിടുന്ന് ചോദിച്ചു: “എത്രത്തോളമുണ്ട് ആ ഭക്ഷണം?” ഞാൻ വിവരം പറഞ്ഞു. അപ്പോൾ പറഞ്ഞു: “അത് ധാരാളമുണ്ടല്ലോ, നല്ലത് തന്നെ! ഞാൻ വരുന്നത് വരെ അടുപ്പിൽ നിന്ന് പാത്രവും തന്നൂരിൽ നിന്ന് റൊട്ടിയും മാറ്റരുതെന്ന് നീ നിന്റെ ഭാര്യയോട് പറയുക. കൂടുതൽ പാത്രങ്ങൾ കടം വാങ്ങാനും പറയുക.”

    ശേഷം തിരുനബിﷺ ഉറക്കെ വിളിച്ചു പറഞ്ഞു: “ഓ കിടങ്ങ് കുഴിക്കുന്നവരേ, ജാബിർ(റ) നിങ്ങൾക്കായി ഒരു വിരുന്നൊരുക്കിയിട്ടുണ്ട്, എല്ലാവരും വരിക!” അപ്പോൾ എനിക്കുണ്ടായ നാണക്കേട് അല്ലാഹുവിന് മാത്രമേ അറിയൂ. ഞാൻ വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു: “നിനക്ക് നാശം! തിരുനബിﷺ മുഹാജിറുകളെയും അൻസ്വാറുകളെയും കൂടെയുള്ളവരെയെല്ലാം കൂട്ടി വരുന്നുണ്ട്.” അവൾ ചോദിച്ചു: “അവിടുന്ന് നിങ്ങളോട് ഭക്ഷണം എത്രയുണ്ടെന്ന് ചോദിച്ചിരുന്നോ?” ഞാൻ പറഞ്ഞു: “അതെ.” അപ്പോൾ അവൾ പറഞ്ഞു: “അല്ലാഹുവിനും റസൂലിﷺനുമാണ് കൂടുതൽ അറിയാവുന്നത്.” അവളുടെ ആ മറുപടി എന്റെ വലിയ വിഷമം മാറ്റിത്തന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...