Tweet 1347

    Tweet 1347
    February 20, 2026 • Friday
    Post Header

    ഇബ്നു സഅദ്(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഒരു ദിവസം വിശപ്പുകാരണം മാത്രമാണ് ഞാൻ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഇറങ്ങിയത്. അവിടെ ഞാൻ ഒരു കൂട്ടം ആളുകളെ കണ്ടു. അവരും പറഞ്ഞു: ‘വിശപ്പല്ലാതെ മറ്റൊന്നും ഞങ്ങളെ പുറത്തിറക്കിയിട്ടില്ല.’ അങ്ങനെ ഞങ്ങൾ തിരുനബിﷺയുടെ അടുക്കൽ ചെന്ന് വിവരം പറഞ്ഞു. അപ്പോൾ അവിടുന്ന് ഒരു തളികയിൽ കുറച്ച് ഈത്തപ്പഴം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞങ്ങളിൽ ഓരോരുത്തർക്കും രണ്ട് ഈത്തപ്പഴം വീതം നൽകി. എന്നിട്ട് പറഞ്ഞു: ‘നിങ്ങൾ ഈ രണ്ട് ഈത്തപ്പഴങ്ങൾ കഴിക്കുകയും അതിനുമീതെ വെള്ളം കുടിക്കുകയും ചെയ്യുക. ഇന്നത്തെ ദിവസത്തേക്ക് ഇത് നിങ്ങൾക്ക് മതിയാകുന്നതാണ്.'”

    അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ)വിൽ നിന്ന് ബൈഹഖി(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങൾ തിരുനബിﷺയുടെ അടുത്ത് ഇരിക്കുമ്പോൾ ഒരു ബാലൻ അവിടെ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് പകരമാകട്ടെ, അനാഥനായ ഒരു ബാലനും അവന്റെ അനാഥയായ സഹോദരിയും വിധവയായ ഉമ്മയും വിശന്നു കഴിയുന്നു. അല്ലാഹു നൽകിയ വിഭവങ്ങളിൽ നിന്നും ഞങ്ങൾക്ക് ആഹാരം നൽകിയാലും.”
    അപ്പോൾ തിരുനബിﷺ പറഞ്ഞു: “നീ ഞങ്ങളുടെ വീട്ടിൽ പോയി അവിടെ എന്ത് കിട്ടുമോ അത് വാങ്ങി വരൂ.” അവൻ ഇരുപത്തിയൊന്ന് ഈത്തപ്പഴവുമായി വന്നു. അതവൻ തിരുനബിﷺയുടെ കൈകളിൽ വെച്ചു. അവിടുന്ന് കൈകൾ വായയോട് അടുപ്പിച്ചു. അതിൽ ബർക്കത്തിനായി പ്രാർഥിക്കുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ശേഷം പറഞ്ഞു: “കുട്ടീ, ഏഴെണ്ണം നിനക്കും, ഏഴെണ്ണം നിന്റെ ഉമ്മയ്ക്കും, ഏഴെണ്ണം നിന്റെ സഹോദരിക്കുമുള്ളതാണ്. ഒരു ഈത്തപ്പഴം അത്താഴമായും മറ്റൊന്ന് ഉച്ചഭക്ഷണമായും നീ ഉപയോഗിക്കുക.”

    വ്യത്യസ്തമായ മറ്റൊരു സംഭവം കൂടി നമുക്ക് വായിക്കാം.അബൂ നുഐം(റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ദാത്തുർ റിഖാഅ് യുദ്ധത്തിന് പുറപ്പെടാൻ ഉദ്ദേശിച്ചപ്പോൾ, ഉൽബത്തു ബിൻ സെയ്ദ്(റ) മൂന്ന് ഒട്ടകപ്പക്ഷി മുട്ടകളുമായി വന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഒട്ടകപ്പക്ഷിയുടെ കൂട് പരിശോധിച്ചപ്പോൾ എനിക്ക് ഈ മുട്ടകൾ ലഭിച്ചതാണ്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ജാബിർ(റ), ഇതൊന്ന് പാകം ചെയ്താലും.” ജാബിർ(റ) പറയുന്നു: “ഞാൻ അവ പാകം ചെയ്ത് ഒരു വലിയ പാത്രത്തിൽ കൊണ്ടുവന്നു. ഞാൻ കൂടെ കഴിക്കാൻ റൊട്ടി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. റൊട്ടിയില്ലാതെ തന്നെ തിരുനബിﷺയും അനുചരന്മാരും ആ മുട്ടകൾ കഴിക്കാൻ തുടങ്ങി. ആവശ്യമുള്ളത്ര കഴിച്ചു കഴിഞ്ഞിട്ടും ആ പാത്രത്തിലെ മുട്ടകൾ പഴയപടി തന്നെ ഇരിക്കുന്നുണ്ടായിരുന്നു! പിന്നീട് അനുചരന്മാരിൽ ഭൂരിഭാഗം പേരും അതിൽ നിന്ന് കഴിച്ചു. ശേഷം തണുപ്പുള്ള സമയത്ത് ഞങ്ങൾ യാത്ര തിരിച്ചു.” ഇബ്നു സഅദ്(റ) രേഖപ്പെടുത്തുന്നു: അവർ നാനൂറ് പേരോളമുണ്ടായിരുന്നു. എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്.

    അലി(റ), ബറാഅ്(റ) എന്നിവരിൽ നിന്ന് വിവിധ പരമ്പരകളിലൂടെ ഇബ്നു ഇസ്ഹാഖ്(റ), ബൈഹഖി(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു: “നിന്റെ അടുത്ത ബന്ധുക്കൾക്ക് നീ മുന്നറിയിപ്പ് നൽകുക” ശുഅറാഅ് അധ്യായത്തിലെ 214 ആം വചനം അവതരിച്ചപ്പോൾ, തിരുനബിﷺ അബ്ദുൽ മുത്തലിബ് കുടുംബത്തിലെ നാൽപ്പതോളം പുരുഷന്മാരെ ഒരുമിച്ചുകൂട്ടി. അവർ ഒരാൾ തന്നെ ഒരു ആടിനെ മുഴുവനായി തിന്നുകയും ഒരു വലിയ പാത്രം പാനീയം കുടിക്കുകയും ചെയ്യുന്നവരായിരുന്നു.

    തിരുനബിﷺ അലി(റ)വിനോട് അവർക്കായി ഭക്ഷണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അലി(റ) ഒരു ആട്ടിൻകുട്ടിയുടെ കാൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു കൊണ്ടുവന്നു. തിരുനബിﷺ അതിൽ നിന്ന് ഒരു കഷ്ണം എടുത്ത് കഴിച്ച് ബാക്കി ഭാഗം പാത്രത്തിന്റെ വശങ്ങളിലേക്ക് നിരത്തി വെച്ചു. എന്നിട്ട് പറഞ്ഞു: “അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ അടുത്തു വന്ന് കഴിച്ചുകൊള്ളുക.” അവർ പത്തുപേർ വീതമുള്ള സംഘങ്ങളായി വന്ന് കഴിക്കാൻ തുടങ്ങി. എല്ലാവരും വയറുനിറയെ കഴിച്ചു കഴിഞ്ഞിട്ടും ഭക്ഷണത്തിൽ അവരുടെ വിരലടയാളമല്ലാതെ മറ്റൊന്നും കുറഞ്ഞതായി കണ്ടില്ല. അല്ലാഹുവാണേ സത്യം! ആ നാൽപ്പത് പേർക്കും കൂടി നൽകിയ അത്രയും ഭക്ഷണം അവരിൽ ഒരാൾക്ക് മാത്രം കഴിക്കാൻ തികയുമായിരുന്നു!

    ശേഷം തിരുനബിﷺ പറഞ്ഞു: “അലീ(റ), ഇവർക്ക് കുടിക്കാൻ നൽകുക.” അലി(റ) ആ വലിയ പാത്രം കൊണ്ടുവന്നു. തിരുനബിﷺ അതിൽ നിന്ന് കുടിച്ച ശേഷം അവർക്ക് നൽകി പറഞ്ഞു: “ബിസ്മി ചൊല്ലി കുടിച്ചുകൊള്ളുക.” എല്ലാവരും ദാഹം തീരുവോളം കുടിച്ചു. അല്ലാഹുവാണേ സത്യം! ആ പാത്രത്തിലുള്ള അത്രയും പാനീയം അവരിൽ ഒരാൾക്ക് തന്നെ കുടിക്കാൻ തികയുമായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...