Tweet 1346

    Tweet 1346
    February 19, 2026 • Thursday
    Post Header

    ശേഷം അവിടുന്ന് പറഞ്ഞു: ‘നീ ഈത്തപ്പഴം പറിച്ചു കഴിഞ്ഞാൽ അവ ഇനം തിരിച്ച് കൂട്ടിയിടുക. അജ്‌വ ഈത്തപ്പഴം ഒരു ഭാഗത്തും, ഇബ്‌നു സെയ്ദ് ഇനം മറ്റൊരു ഭാഗത്തും വെക്കുക. എന്നിട്ട് എന്നെ വിവരമറിയിക്കുക.’
    ഞാൻ അപ്രകാരം ചെയ്യുകയും തിരുനബിﷺയെ വിവരമറിയിക്കുകയും ചെയ്തു. അവിടുന്ന് അബൂബക്കർ(റ), ഉമർ(റ) എന്നിവരോടൊപ്പം എത്തി. ഏറ്റവും വലിയ ഈത്തപ്പഴക്കൂമ്പാരത്തിന് ചുറ്റും അവിടുന്ന് മൂന്ന് തവണ പ്രദക്ഷിണം വെക്കുകയും അതിന് മുകളിൽ ഇരിക്കുകയും ചെയ്തു. ശേഷം ബറകത്തിനായി പ്രാർഥിച്ചിട്ട് പറഞ്ഞു: ‘ഇനി നിന്റെ കടക്കാരെ വിളിക്കുക, അവർക്കുള്ളത് നൽകുക.’ അങ്ങനെ ഞാൻ ഓരോരുത്തർക്കും കൊടുക്കാൻ തുടങ്ങി.

    എന്റെ പിതാവിന്റെ കടം പൂർണ്ണമായും വീട്ടാൻ കഴിഞ്ഞാൽ മതിയായിരുന്നു, എന്റെ സഹോദരിമാർക്ക് വേണ്ടി ഒരൊറ്റ ഈത്തപ്പഴം പോലും ബാക്കി കിട്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ലായിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, എല്ലാവർക്കും കൊടുത്തു തീർത്തിട്ടും ആ ഈത്തപ്പഴക്കൂമ്പാരങ്ങളെല്ലാം പഴയതുപോലെ തന്നെയുണ്ട്! നബിﷺ ഇരുന്നിരുന്ന ആ കൂമ്പാരത്തിലേക്ക് ഞാൻ നോക്കിയപ്പോൾ അതിൽ നിന്ന് ഒരൊറ്റ ഈത്തപ്പഴം പോലും കുറഞ്ഞതായി എനിക്ക് തോന്നിയില്ല.

    ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് കാണുന്നില്ലേ? എന്റെ കടക്കാർക്കെല്ലാം ഞാൻ അളന്നു കൊടുത്തു, അല്ലാഹു അത് പൂർത്തിയാക്കി തന്നു. എന്നിട്ടും ഇതാ ഇത്രയധികം ഈത്തപ്പഴം ബാക്കിയുണ്ട്!’ ഇതുകണ്ട ഉമർ ബിൻ ഖത്താബ്(റ) ഓടിവന്നു. തിരുനബിﷺ ഉമർ(റ)വിനോട് ജാബിറി(റ)ന്റെ കടത്തെക്കുറിച്ച് ചോദിക്കാൻ പറഞ്ഞു. എന്നാൽ ഉമർ(റ) പറഞ്ഞു: ‘അല്ലാഹു അത് വീട്ടിക്കൊടുക്കുമെന്ന് എനിക്കറിയാമായിരുന്നു.’ മൂന്ന് തവണ ചോദിച്ചിട്ടും ഉമർ(റ) തന്റെ വിശ്വാസം ആവർത്തിച്ചു. ശേഷം തിരുനബിﷺ എന്നോട് ചോദിച്ചു: ‘ജാബിർ(റ), നിന്റെ കടക്കാരും ഈത്തപ്പഴവും എന്ത് ചെയ്തു?’ ഞാൻ പറഞ്ഞു: ‘അല്ലാഹു കടം പൂർണ്ണമായി വീട്ടുകയും ഇത്രയധികം ഈത്തപ്പഴം ഞങ്ങൾക്ക് ബാക്കി നൽകുകയും ചെയ്തു.'”

    ഇബ്നു സഅദ്(റ) ബശീർ ബിൻ സഅദി(റ)ന്റെ മകളിൽ നിന്ന് നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു: എന്റെ ഉമ്മ എന്നെ വിളിക്കുകയും കുറച്ച് ഈത്തപ്പഴം എന്റെ വസ്ത്രത്തിൽ പൊതിഞ്ഞ് എനിക്ക് നൽകുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “മോളേ, നിന്റെ പിതാവിന്റെയും അമ്മാവൻ അബ്ദുല്ലാഹിയുടെയും അടുത്തേക്ക് പോയി അവർക്ക് ഉച്ചഭക്ഷണമായി ഇത് നൽകുക.” അവർ തുടരുന്നു: ഞാനതുമായി നടന്നു പോകുമ്പോൾ തിരുനബിﷺയുടെ അടുത്തെത്തി. അപ്പോൾ അവിടുന്നു ചോദിച്ചു: “ഇങ്ങോട്ട് വരൂ, നിന്റെ കയ്യിൽ എന്താണുള്ളത്?”
    ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ പിതാവ് ബശീർ ബിൻ സഅദിനും അമ്മാവൻ അബ്ദുല്ലാഹി ബിൻ റവാഹയ്ക്കും ഉച്ചഭക്ഷണമായി എന്റെ ഉമ്മ കൊടുത്തുവിട്ട ഈത്തപ്പഴമാണിത്.”

    അപ്പോൾ അവിടുന്ന് പറഞ്ഞു: “അത് ഇങ്ങോട്ട് തരൂ.” ഞാൻ അത് തിരുനബിﷺയുടെ കൈകളിലേക്ക് പകർന്നു. അത് രണ്ട് കൈകളും നിറയാൻ മാത്രമുണ്ടായിരുന്നില്ല. ശേഷം ഒരു വസ്ത്രം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അത് വിരിച്ച ശേഷം ഈത്തപ്പഴം അതിന് മുകളിൽ വെച്ചു.
    തുടർന്ന് അടുത്തുള്ള ഒരാളോട് പറഞ്ഞു: “ഖന്തഖ് അഥവാ കിടങ്ങ് കുഴിക്കുന്നവരെല്ലാം ഉച്ചഭക്ഷണത്തിനായി ഇങ്ങോട്ട് വരാൻ വിളിച്ചു പറയൂ.” അങ്ങനെ ഖന്തഖിലുള്ളവരെല്ലാം അവിടെ ഒത്തുകൂടി അത് കഴിക്കാൻ തുടങ്ങി. അവർ കഴിക്കുന്തോറും ആ ഈത്തപ്പഴം വർദ്ധിച്ചുകൊണ്ടിരുന്നു. ഖന്തഖിലുള്ളവർ മുഴുവൻ വയറുനിറയെ കഴിച്ച് അവിടെനിന്നും പോയിക്കഴിഞ്ഞിട്ടും, ആ വസ്ത്രത്തിന്റെ അരികുകളിൽ നിന്നും ഈത്തപ്പഴം താഴേക്ക് വീഴുന്നുണ്ടായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...